ന്യൂദല്‍ഹി: രാജ്യത്തെ വിലക്കയറ്റം (നാണ്യപ്പെരുപ്പം) വീണ്ടും കുത്തനെ കുറഞ്ഞ് 3.61 ശതമാനമായി. ജനുവരിയിലെ നാണ്യപ്പെരുപ്പ നിരക്കായ 4.26ല്‍ നിന്ന് 0.65 ശതമാനം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കുതിപ്പ് പകരുന്നതുമാണിത്. സകല മേഖലകളിലും ശക്തമായ ഉണര്‍വുണ്ടായതിന്റെ വ്യക്തമായ പ്രതിഫലനം കൂടിയാണിത്. 2024 ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഫെബ്രുവരിയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് വിലക്കയറ്റത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറവ് വന്നത്. ഒരു വര്‍ഷത്തിലേറെയായി പച്ചക്കറി വിലകളാണ് നാണ്യപ്പെരുപ്പത്തിന്റെ പ്രധാന ഘടകമായി തുടരുന്നത്. കഴിഞ്ഞ 12 മാസങ്ങളില്‍ ഒന്‍പതിലും പച്ചക്കറി വിലകളില്‍ വര്‍ധനയുണ്ടായിരുന്നു. അനുകൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പച്ചക്കറികളുടെ ലഭ്യത മെച്ചപ്പെട്ടതാണ് വില കുറയാനും അതുവഴി നാണ്യപ്പെരുപ്പ നിരക്ക് കുറയാനും കാരണമായത്. മുട്ട, മാംസം, മത്സ്യം, പയര്‍ വര്‍ഗങ്ങള്‍, പാല്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ വിലയും കുറഞ്ഞു.
നാണ്യപ്പെരുപ്പ നിരക്ക് (വിലക്കയറ്റം) നാല് ശതമാനത്തില്‍ താഴെയാകണമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യം. ഇത് അതിലും വളരെക്കുറഞ്ഞതോടെ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ബിഐക്ക് അവസരമൊരുങ്ങും.
ബാങ്കുകള്‍ക്ക് നല്കുന്ന വായ്പകളുടെ പലിശ (റിപ്പോ നിരക്ക്) ആര്‍ബിഐ കഴിഞ്ഞ മാസം 0.25 ശതമാനം കുറച്ചിരുന്നു. നാണ്യപ്പെരുപ്പം കുറഞ്ഞെന്നും ആര്‍ബിഐയുടെ നാല് ശതമാനമെന്ന ലക്ഷ്യവുമായി ക്രമേണ പൊരുത്തപ്പെടുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5.4% ആയിരുന്ന ചില്ലറ വ്യാപാര നാണ്യപ്പെരുപ്പം 2024-25 ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ 4.9% ആയി കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: