പത്തനംതിട്ട: കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയായെന്നും സംസ്ഥാന സര്‍ക്കാരിന്റേത് പരിധിവിട്ട കടമെടുപ്പ് ആണെന്നും, മാനദണ്ഡങ്ങള്‍ ലംഘിച്ചത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ആന്‍ഡ് ഗവേണന്‍സ് (ഐഎസ്ഡിജി) റിപ്പോര്‍ട്ട്. ‘കേരളത്തിന്റെ ധനസ്ഥിതി, നിജസ്ഥിതി’ എന്ന പഠന റിപ്പോര്‍ട്ടില്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ വിഭവ സമാഹരണം കൂട്ടണമെന്നും ആഡംബരവും ധൂര്‍ത്ത് ഒഴിവാക്കണമെന്നും പറയുന്നു.
2003ലെ ധന ഉത്തരവാദിത്ത ബജറ്റ് നിര്‍വഹണ നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ സഞ്ചിത കടം ജിഡിപിയുടെ 29 ശതമാനമായി നിലനിര്‍ത്തണം. കര്‍ശനമായി പാലിക്കേണ്ട മാനദണ്ഡം തുടര്‍ച്ചയായി ലംഘിക്കുന്നതിനാലാണ് കൂടുതല്‍ കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷകള്‍ കേന്ദ്രവും റിസര്‍വ് ബാങ്കും നിരസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കടം 33.77 ശതമാനമാണ്. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ സഞ്ചിത കടം 4,81,997.62 കോടിയാണ്. പിണറായി വിജയന് അധികാരം ഏല്ക്കുന്നതിന് മുമ്പ് സഞ്ചിത കടം 29 ശതമാനമോ അതിനു താഴെയോ ആയിരുന്നു. 2017 മുതല്‍ സഞ്ചിത കടവും ജിഡിപിയുമായുള്ള അനുപാതം ഉയര്‍ന്നു. 2022 അവസാനം കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ് നെഗറ്റീവ് ആവുകയും സംസ്ഥാനം കടക്കെണിയിലേക്ക് എത്തുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സഞ്ചിത കടത്തിന്റെ വളര്‍ച്ച അപകടകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതു തിരിച്ചറിഞ്ഞാണ് റിസര്‍വ് ബാങ്കും കേന്ദ്ര ധനവകുപ്പും കേരളത്തിന്റെ കടമെടുപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് മറികടക്കാനാണ് കിഫ്ബി, വിവിധ പെന്ഷന് ഫണ്ടുകള്‍ എന്നിവയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് സാമ്പത്തിക അച്ചടക്കത്തിന്റെ ലംഘനമായാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും വിലയിരുത്തുന്നത്. കേരളത്തില്‍ റവന്യൂ കമ്മിയും ധനകമ്മിയും വര്‍ധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ വക മാറ്റി ചെലവ് ചെയ്യുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2025 ജനുവരി 31 വരെ പിണറായി സര്‍ക്കാര്‍ വിപണി വായ്പയായി മാത്രം എടുത്തത് 2,40,218 കോടി രൂപയാണ്. ഇത്ര ഭീമമായ കടം എടുത്തിട്ടും സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും വന്‍ കുടിശികയാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മാത്രം ഒരു ലക്ഷം കോടിയാണ് നല്‍കാനുള്ളത്. ജലജീവന്‍ മിഷന്റെ കരാറുകാര്‍ക്ക് 4371 കോടി രൂപയും മറ്റ് കരാറുകാര്‍ക്കായി 16,000 കോടി രൂപയും കൊടുക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: