മുംബൈ: ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിനായി എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ ജിയോ. എയർടെൽ സമാനമായ പങ്കാളിത്തം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. രാജ്യത്ത് സ്റ്റാർലിങ്ക് വിൽക്കാൻ സ്‌പേസ് എക്‌സിന് ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കും കരാർ.
ജിയോയുടെ പ്രധാന ലക്ഷ്യം എല്ലാ ഇന്ത്യക്കാർക്കും അവർ എവിടെ താമസിച്ചാലും താങ്ങാനാവുന്ന വിലയിൽ അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കുക എന്നതാണ്. സ്റ്റാർലിങ്കുമായുള്ള സഹകരണം ഈ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പാണെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ ഇന്റർനെറ്റ് ലഭ്യത മെച്ചപ്പെടുത്താനും നിലവിലുള്ള സേവനദാതാക്കൾക്കിടയിൽ മത്സരം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള ഈ കരാർ രാജ്യത്തിന്റെ ഡിജിറ്റൽ മുഖച്ഛായ തന്നെ മാറ്റിയെഴുതാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ജിയോ അതിന്റെ സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യും.
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ അധിഷ്‌ഠിത അതിവേഗ ഇന്‍റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. മൊബൈൽ ടവറുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽ തന്നെ വയേർഡ് ബ്രോഡ്‌ബാൻഡ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും ഇന്‍റർനെറ്റ് സേവനം വേഗത്തിൽ ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് കഴിയും. ലോകമെമ്പാടും അതിവേഗ ഇന്‍റർനെറ്റ് നൽകുക എന്നതാണ് സ്റ്റാർലിങ്കിന്റെ ലക്ഷ്യം.
ഇന്‍റർനെറ്റ് ലഭ്യമല്ലാത്ത നിരവധി മേഖലകൾ ഇന്നും ഇന്ത്യയിലുണ്ട്. ഇത്തരം പ്രദേശങ്ങളിലുള്ളവർക്ക് സ്റ്റാർലിങ്കിന്റെ സേവനം ഗുണം ചെയ്യും. ഇത് ആരോഗ്യമേഖല മുതൽ വിദ്യാഭ്യാസ മേഖലയിൽ വരെ വലിയ മാറ്റം കൊണ്ടുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക