പത്തനംതിട്ട: വൈദ്യുതി ബോര്‍ഡില്‍ തൊഴിലാളികള്‍ക്ക് 24ശതമാനം ഓഹരി നല്‍കാന്‍ നീക്കം. തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുക, പ്രസരണ വിതരണ മേഖലകളില്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യം. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന 25ശതമാനം ഷെയര്‍ നല്‍കുന്നതിനെ സിപിഎം എതിര്‍ത്തതിനാലാണ് 24 ശതമാനമാക്കുന്നത്. 24ശതമാനം പോലും വേണ്ട 22 മതി എന്ന നിലപാടാണ് അവര്‍ക്കുള്ളത്.
സിപിഎമ്മിന്റെ കാപട്യത്തിനെതിരെ പാര്‍ട്ടി അനുകൂല തൊഴിലാളി സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും വര്‍ക്കേഴ്‌സ് അസോസിയേഷനും (സിഐടിയു) രംഗത്തെത്തിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് 25ശതമാനം പങ്കാളിത്തം നല്‍കിയാല്‍ അവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ സ്ഥാനം ലഭിക്കുമെന്ന ഒറ്റ കാരണത്താലാണ് സിപിഎം എതിര്‍പ്പ്. ജനതാദള്‍ കൈകാര്യം ചെയ്യുന്ന വകുപ്പില്‍, മന്ത്രിയായ കെ. കൃഷ്ണന്‍ കുട്ടിക്കും സിപിഎമ്മിന്റെ നിലപാട് തന്നെയാണ്. എന്തായാലും ജീവനക്കാര്‍ക്ക് ഷെയര്‍ നല്‍കുന്ന വിഷയം സംബന്ധിച്ച് എല്‍ഡിഎഫ് വൈകാതെ ചര്‍ച്ച ചെയ്യും. ഷെയര്‍ വിഷയത്തില്‍ എഐടിയുസിയുടെ ഭാഗമായ കെഎസ്ഇബി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
പെട്ടന്നുണ്ടായ തൊഴിലാളി പ്രേമമല്ല ഇതിന് പിന്നിലെന്നാണ് സൂചന. അടുത്ത കാലം വരെ സ്വകാര്യ കുത്തുകള്‍ക്കെതിരെ വാളോങ്ങിയ ഇടത് സര്‍ക്കാര്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് അദാനി, റിലയന്‍സ് പവര്‍ പ്ലാന്റുകളെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണിപ്പോള്‍. തൊഴിലാളി സംഘടനകള്‍ക്കിടയില്‍ നിന്നും രൂക്ഷമായ എതിര്‍പ്പിന് ഇത് ഇടവരുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന് അയവുവരുത്താനുള്ള കുതന്ത്രമാണ് തൊഴിലാളി പങ്കാളത്തത്തിലൂടെ സിപിഎമ്മും ജനതാദളും ലക്ഷ്യമിടുന്നത്. ദേശീയ തലത്തില്‍ അദാനിക്കും അംബാനിക്കുമെതിരെ മുഷ്ടിചുരുട്ടുന്ന ഇടത് തൊഴിലാളി സംഘടനകളെ അനുനയിപ്പിച്ച് ലക്ഷ്യം കാണുക എന്ന സര്‍ക്കാരിന്റെ രഹസ്യ നീക്കം ഇപ്പോള്‍ സംഘടകള്‍ക്കിടയിലും ചര്‍ച്ചയായി കഴിഞ്ഞു.
ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ അനുഗ്രഹാശംസകളോടെ അദാനി കേരളത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. 70 മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. കൊച്ചി ആസ്ഥാനമായ അല്‍മിയ ഗ്രൂപ്പുമായി എംഒയു ഒപ്പിട്ടു കഴിഞ്ഞു.
തമിഴ്‌നാട്ടിലെ പുരാപുരയില്‍ 225 മെഗാവാട്ട് ശേഷിയുള്ള അദാനി പവര്‍ പ്ലാന്റ് സ്ഥാപിച്ച് അവിടെ നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനും പദ്ധതിയുണ്ട്.
സ്വകാര്യ വ്യക്തികള്‍ക്ക് പുരപുര സോളാര്‍ പദ്ധതി കേവലം 1.6 ലക്ഷം രൂപാ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നീക്കവും അദാനി നടത്തുന്നുണ്ട്. 30 വര്‍ഷ വാറന്റിയോടുകൂടിയ ഭാരത നിര്‍മിത സോളാര്‍ പാനലുകളാണ് ഇതിനായി വിനിയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: