Kerala

വയനാട് പുനരധിവാസം: കേന്ദ്രസമ്മര്‍ദം ഫലം കണ്ടു; 27ന് തറക്കല്ലിടും

Published by

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ഫലം കണ്ടു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 529 കോടി ചെലവഴിച്ചു തുടങ്ങി. മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പ് പദ്ധതിക്ക് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയെ അറിയിച്ചു. 31ന് മുമ്പ് പദ്ധതിക്കുള്ള തുക ചെലവഴിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ബാധിത പ്രദേശങ്ങളിലെ 16 പുനരധിവാസ പദ്ധതികള്‍ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് 529 കോടി രൂപ 50 വര്‍ഷത്തെ പലിശരഹിത പ്രത്യേക സഹായ വായ്പ അനുവദിച്ചത്.

സംസ്ഥാനം നിരന്തരം കേന്ദ്ര പദ്ധതികള്‍ വകമാറ്റുന്നതിനാല്‍ 2025 മാര്‍ച്ച് 31ന് മുമ്പ് കേരളം മുഴുവന്‍ തുകയും ചെലവഴിക്കുകയും സമഗ്ര ഉപയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണമെന്ന് കേന്ദ്രം നിഷ്‌കര്‍ഷിക്കുകയായിരുന്നു.

ഇതോടെ പദ്ധതിക്ക് അതിവേഗം ജീവന്‍വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അതിവേഗം ഉന്നതതലയോഗം ചേര്‍ന്ന് പദ്ധതിക്കാവശ്യമായ നടപടി തുടങ്ങി. കേന്ദ്രത്തോട് കൂടുതല്‍ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 31 എന്ന സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ അതിനുമുമ്പ് ടൗണ്‍ഷിപ്പിന് തറക്കല്ലിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാസം 27ന് പുനരധിവാസത്തിന് തറക്കല്ലിടുമെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയെ അറിയിക്കുകയായിരുന്നു. ജൂലൈ 30ന് ദുരന്തമുണ്ടായി എട്ട് മാസം പിന്നിടുമ്പോഴും ദുരന്തബാധിതരുടെ ലിസ്റ്റ് പോലും സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിരുന്നില്ല. കേന്ദ്രനിര്‍ദേശം വന്നതിന് പിന്നാലെയാണ് നടപടികള്‍ വേഗത്തില്‍ നീങ്ങിത്തുടങ്ങിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക