കൊച്ചി: നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്ക് വിദേശങ്ങളില്‍ നിന്നെത്തിയത് 262 കോടി രൂപ. 2009 മെയ് മുതല്‍ 2022 മെയ് വരെയാണ് 29 ബാങ്ക് അക്കൗണ്ടുകളിലേക്ക് 262 കോടി രൂപയെത്തിയതായി ഇ ഡി കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുഭാവികളില്‍ നിന്ന് 30.07 കോടി രൂപയും ലഭിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെ അഖിലേന്ത്യ അധ്യക്ഷന്‍ എം.കെ. ഫൈസിയെ ഈ മാസം മൂന്നിന് ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് അറസ്റ്റ്. വിദേശങ്ങളില്‍ നിന്നുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഇയാളായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് മുഖ്യമായും പിഎഫ്ഐ ഫണ്ട് ശേഖരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് അനുഭാവികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഭീകര സംഘടനയ്ക്കുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ട് മുഖ്യമായും ഉപയോഗിച്ചിരുന്നത്. ഇതിനായി ഇവര്‍ വ്യാപക പദ്ധതികള്‍ തയാറാക്കിയിരുന്നു.
നേരത്തേ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും സംഘടനാ നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. ഈ രേഖകളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ആദ്യം പണം അയയ്ക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. തുടര്‍ന്ന് ആ തുക പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. ഈ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് നിക്ഷേപം നിയമാനുസൃതമല്ലെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും വ്യക്തമായത്. വിദേശങ്ങളില്‍ നിന്നു ലഭിക്കുന്ന സംഭാവനകള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ രേഖപ്പെടുത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: