തിരുവനന്തപുരം: തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യാനുള്ള പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങളില്‍ കോടികളുടെ കുടിശികയെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2018 മാര്‍ച്ച് മുതലിങ്ങോട്ട് അധിവര്‍ഷാനുകൂല്യം നല്കാനുള്ള വകയില്‍ 3,30,207 അപേക്ഷകളിലായി 400 കോടിയിലേറെയാണ് കുടിശിക (4,98,61,73,125 രൂപ). വിവാഹ ധനസഹായം 9,912 അപേക്ഷകളിലായി 1,60,95,000 രൂപയും പ്രസവ ധനസഹായം 4870 അപേക്ഷകളിലായി 7,30,50,000 രൂപയും നല്കാനുണ്ട്. വയനാട്, കാസര്‍കോട് ജില്ലകളില്‍ 2019 വരെയും മറ്റ് ജില്ലകളില്‍ 2024 മാര്‍ച്ച് വരെയുമുള്ള അപേക്ഷകളില്‍ വിതരണം പൂര്‍ത്തിയായിട്ടുണ്ട്.
കേരള ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന പെന്‍ഷനില്‍ മൂന്ന് മാസത്തെ തുകയായ 1,80,71,000 രൂപ കുടിശികയാണ്.
കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ 2023 നവംബര്‍ മുതലുള്ള പെന്‍ഷന്‍ കുടിശികയാണ്. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മൂന്നു മാസത്തെ തുകയായ 27,54,40,000 രൂപ കുടിശികയാണ്. അവശതാ പെന്‍ഷന്‍ ഇനത്തില്‍ 2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, 2024 ജനുവരി, 2024 ആഗസ്ത് മുതല്‍ 2025 ഫെബ്രുവരി വരെയുമുള്ള 11 മാസങ്ങളിലെ കുടിശിക നല്കാനുണ്ട്. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മൂന്നുമാസത്തെ തുകയായ 4,06,67,200 രൂപയും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മൂന്നുമാസത്തെ കുടിശികയിനത്തില്‍ 4,01,36,000 രൂപയും കുടിശികയുണ്ട്.
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ 2024 നവംബര്‍ വരെയുള്ള പെന്‍ഷനേ വിതരണം ചെയ്തിട്ടുള്ളു. ഇവിടെ വിദ്യാഭ്യാസ ആനുകൂല്യം 5250 രൂപയും വിവാഹധനസഹായം 48,000 രൂപയും പ്രസവാനുകൂല്യം 4,20,000 രൂപയും ചികിത്സാ ധനസഹായം 98,105 രൂപയും മരണാനന്തര ധനസഹായം 55,000 രൂപയും പെന്‍ഷന്‍ ഇനത്തില്‍ 59,48,800 രൂപയുമാണ് കുടിശികയായിട്ടുള്ളത്. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2025 ജനുവരി മുതലുള്ള ആനുകൂല്യങ്ങള്‍ കുടിശികയാണെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: