കോഴിക്കോട് : കുട്ടികള്‍ ഉള്‍പ്പെട്ടതും കുട്ടികള്‍ ഇരയാക്കപ്പെടുന്നതുമായ ലഹരിക്കേസുകളും അക്രമങ്ങളും പെരുകുന്ന സാഹചര്യത്തില്‍ ജില്ലാടിസ്ഥാനത്തില്‍ ഗവണ്‍മെന്റ്, എയ്ഡഡ് പൊതു വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും ഉള്‍പ്പെട്ട പൊതുവായ പ്ലാറ്റ്‌ഫോം രൂപീകരിക്കാന്‍ നീക്കം. ഇതിന് കോഴിക്കോട് ജില്ലയില്‍ തുടക്കം കുറിച്ചു. കുട്ടികളുടെ വള്‍നറബിലിറ്റി മാപ്പിങ് കുറേക്കൂടി വിപുലമായി നടപ്പാക്കാനും വാര്‍ഡുതല ശിശു സംരക്ഷണ സമിതികള്‍ സജീവമാക്കാനും ആലോചനയുണ്ട്. വാര്‍ഡ് അംഗം ചെയര്‍മാനായ വാര്‍ഡുതല ശിശു സംരക്ഷണ സമിതിയില്‍ അംഗനവാടി ടീച്ചര്‍, ആശ വര്‍ക്കര്‍, പോലീസ്, അധ്യാപകര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ഇവര്‍ യോഗം ചേര്‍ന്ന് പ്രദേശത്തെ അരക്ഷിതമായ ചുറ്റുപാടില്‍ കഴിയുന്ന കുട്ടികളുടെ വിവരങ്ങള്‍ സ്വകാര്യമായി ശേഖരിച്ചു മാപ്പിങ് നടത്താനാണ് ശുപാര്‍ശ.
സര്‍ക്കാര്‍-സ്വകാര്യ ഭേദമന്യേ എല്ലാ സ്‌കൂളുകളിലും ജാഗ്രത സമിതി യോഗം വിളിച്ചു ലഹരി, അക്രമ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും നിര്‍ദേശമുണ്ട്.
എല്ലാ സ്‌കൂളുകളിലും ഒരു കൗണ്‍സിലര്‍ നിര്‍ബന്ധമായും വേണമെന്നാണ് മറ്റൊരു നിര്‍ദേശം. കൗണ്‍സിലറെ ഐസിഡിഎസ് പദ്ധതി വഴിയോ ജില്ലാ പഞ്ചായത്ത് വഴിയോ ഗ്രാമപഞ്ചായത്ത് വഴിയോ പിടിഎ മുഖാന്തിരമോ നിയമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക