ആളുകള്‍ രാത്രിയില്‍ അസിര്‍ഗഡ് കോട്ടയില്‍ എത്തി മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നിധി കണ്ടെത്താന്‍ മണ്ണില്‍ കുഴിക്കുന്നു
ഭോപാല്‍: ശിവജി മഹാരാജിന്റെ മകനായ സാംബാജി മഹാരാജിന്‍റേതും മറാത്ത പ്രദേശത്തെ ക്ഷേത്രങ്ങളില്‍ നിന്നും ഹിന്ദുക്കളില്‍ നിന്നും ഔറംഗസേബ് ചക്രവര്‍ത്തി കൊള്ളയടിച്ച സ്വര്‍ണ്ണം മധ്യപ്രദേശിലെ അസിര്‍ഗഡ് കോട്ടയില്‍ കുഴിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ നൂറുകണക്കിനാളുകള്‍ ഇവിടെ നിധി കുഴിച്ചെടുക്കാന്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഈയിടെ സാംബാജി മഹാരാജിന്റെ ജീവിതകഥ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഛാവ എന്ന സിനിമയിലാണ് നിധി കുഴിച്ചിട്ട കാര്യം സൂചിപ്പിക്കുന്നത്.
ഈ സിനിമയില്‍ ചരിത്രം വിശ്വസനീയമായ രീതിയില്‍ ചിത്രീകരിച്ചതിനാല്‍ ആളുകള്‍ പല തവണയാണ് ഈ സിനിമ കാണുന്നത്. സിനിമയുടെ കളക്ഷന്‍ ആകട്ടെ 500 കോടി കവിഞ്ഞിരിക്കുന്നു. ഛാവയില്‍ ആണ് മുഗള്‍ ചക്രവര്‍ത്തി മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍പ്പെട്ട അസിര്‍ഗഡ് കോട്ടയ്‌ക്കുള്ളില്‍ മറാത്തപ്രദേശത്തെ ക്ഷേത്രങ്ങളില്‍ നിന്നും മറ്റും കൊള്ളയടിച്ച സ്വര്‍ണ്ണമത്രയും കുഴിച്ചിട്ടതായി സൂചിപ്പിച്ചിരിക്കുന്നത്. ഇത് സത്യമാണെന്ന് വിശ്വസിച്ചാണ് രാത്രിയിലും മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ആളുകള്‍ നിധി കുഴിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. 15ാം നൂറ്റാണ്ടിലേതാണ് അസിര്‍ഗഡ് കോട്ട.
സ്വര്‍ണ്ണനാണയങ്ങള്‍ കുഴിച്ചെടുക്കാന്‍ ആളുകള്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ബുര്‍ഹാന്‍ ജില്ലാ കളക്ടര്‍ ഹര്‍ഷ് സിംഗ് പറയുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം ജില്ലാ മജിസ്ട്രേറ്റിനെ വിവരമറിയിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം പൊലീസെത്തി ആളുകളെ പിന്തിരിപ്പിക്കുകയാണ്. ഇനി ഇവിടെ നിന്നും നാണയങ്ങള്‍ കഴിച്ചെടുത്താല്‍ തന്നെ അത് സര്‍ക്കാരിന്‍റേതാണെന്നും അതിന് ചരിത്രപരമായ മൂല്യം ഉണ്ടെന്നും കളക്ടര്‍ ഹര്‍ഷ് സിംഗ് പറയുന്നു.
130 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ വിക്കി കൗശല്‍ ആണ് സാംബാജി മഹാരാജാവായി വേഷമിടുന്നത്. ഔറംഗസേബ് ചക്രവര്‍ത്തിയായി എത്തുന്നത് അക്ഷയ് ഖന്ന ആണ്. രശ്മിക മന്ദനയാണ് സാംബാജി മഹാരാജിവിന്റെ ഭാര്യയായി വേഷമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക