കൊച്ചി: അദ്ധ്യാപകന് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തതിന് കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയ്ക്കുള്ള 2024-25 വര്‍ഷത്തെ പ്ലാന്‍ ഗ്രാന്റ് ഉന്നതവിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ചു. ഇതോടെ ഗവേഷക ഫെലോഷിപ്പുകള്‍ അടക്കം കോടിക്കണക്കിനു രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും പൂര്‍ത്തിയാക്കാനുമാകാതെ സര്‍വകലാശാല വലയുന്നു.
സര്‍വകലാശാലയ്ക്കുള്ള പ്ലാന്‍ ഗ്രാന്റ് ഇനത്തില്‍ ആദ്യ ഗഡുവായി 2.6 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാരിന്റെ ധനകാര്യ വിഭാഗം നേരത്തെ അനുമതി നല്‍കിയെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉത്തരവ് ഇറങ്ങാന്‍ വൈകുന്നതാണ് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ ഉത്തരവിലൂടെ മാത്രമേ സര്‍വകലാശാലയ്ക്ക് പണം കിട്ടുകയുള്ളൂ. എന്നാല്‍ ബന്ധപ്പെട്ട ഫയല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഓഫീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അറിയുന്നു.
2016 ല്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ നിയമിതനായ ഒരു അദ്ധ്യാപകന് 2011 മുതല്‍ സര്‍വീസ് കണക്കാക്കി മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കാന് 2024 മെയ് 31 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി അനില്‍കുമാര്‍ വി.എസ്. പുറത്തിറക്കിയ ഉത്തരവില്‍ (സ.ഉ.(സാധാ) നം. 617/2024 എച്ച്ഇഡിഎന്‍- 31.05.2024) ആവശ്യപ്പെട്ടതാണ് വിവാദമായത്. സര്‍വകലാശാലയ്ക്ക് വന്‍ സാമ്പത്തികബാധ്യത വരുത്തുന്നതും ചട്ടവിരുദ്ധവുമായ ഈ നിര്‍ദേശം ഇതുവരെ നടപ്പാക്കാത്തതാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സര്‍വകലാശാല നല്കുന്ന ഗവേഷക ഫെലോഷിപ്പുകള്‍ക്ക് മാത്രം മൂന്നു കോടിയിലധികം രൂപ ആവശ്യമുണ്ട്. ഇതിനുപുറമെ നിലവില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും അക്കാദമിക്ക് സെമിനാറുകള്‍, മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പ്ലാന്‍ ഗ്രാന്റ് അനിവാര്യമാണ്. സാമ്പത്തികമായി തകര്‍ന്ന നിലയിലുള്ള സര്‍വകലാശാലയ്ക്ക് മറ്റൊരു രീതിയിലും ഇതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ഉത്തമബോധ്യമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പു തന്നെയാണ് വഴിവിട്ട നടപടിക്കായി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്.
പെന്‍ഷനടക്കമുള്ള വിവിധ ആനുകൂല്യങ്ങള്‍ക്കായി ആറു കോടിയില്‍പരം രൂപ അനുവദിക്കേണ്ട കേരളത്തിലെ ഏക സര്‍വകലാശാലയാണ് കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയെന്ന് മന്ത്രി ആര്. ബിന്ദു തന്നെ നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്കിയിട്ടുള്ളതാണ്.
വിചിത്ര നിര്‍ദേശം.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മലയാള വിഭാഗത്തിലെ ഒരു നിയമനമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. അസി. പ്രൊഫസര്‍ തസ്തികയില്‍ ഡോ. ടോണി കെ. റാഫേലിനെ 2016 ഡിസംബര്‍ 1 മുതല്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തിയിരുന്നു. ഇതേവിഭാഗത്തില് അസി. പ്രൊഫസര്‍ തസ്തികയില്‍ ഡോ. ജി. രഘുകുമാറിനെ കേരള നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി നിര്‍ദേശപ്രകാരം 2011 മാര്‍ച്ച് 1 നും റഗുലറൈസ് ചെയ്തിരുന്നു. എന്നാല്‍ സ്ഥിരനിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഡോ. ടോണി റാഫേലിന് (39-ാം റാങ്ക്) താഴെയാണ് ഡോ. ജി. രഘുകുമാറിന്റെ സ്ഥാനം (41-ാം റാങ്ക്). അതിനാല്‍ ഡോ. രഘുകുമാറിനെ സ്ഥിരപ്പെടുത്തിയ തീയതിയായ 2011 മാര്‍ച്ച് 1 കണക്കാക്കി മുന്‍കാല പ്രാബല്യത്തോടെ എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും തനിക്കും വേണമെന്ന ഡോ. ടോണിയുടെ ആവശ്യമാണ് അടിയന്തരമായി നടപ്പാക്കാന്‍ സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
രണ്ടു പേരും സര്‍വകലാശാലയുടെ മലയാളം വകുപ്പില്‍ സ്ഥിരനിയമനത്തിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും സമസ്ഥാനീയരും ആയതിനാല്‍ ഡോ. രഘുകുമാറിന് സ്ഥിരനിയമന അംഗീകാരം നല്കിയ തീയതി മുതല്‍ ഡോ. ടോണിക്കും അതിന് അര്‍ഹതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിചിത്രമായ വാദം. എന്നാല്‍ ഇതൊരു കീഴ്വഴക്കമാക്കാന് പാടില്ലെന്നും, ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും 2024 മെയ് 31 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് 2024 ജൂണ്‍ 27 ന് സര്‍വകലാശാലയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
സിന്‍ഡിക്കേറ്റ് തള്ളിയ നിര്‍ദേശം തന്നെ മുന്‍കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ടോണി കെ. റാഫേല്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍ 2021 നവംബര്‍ 9ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വകലാശാലയുടെ അഭിപ്രായം തേടി. 2017 ജനുവരി 21 ലെ 157-ാമത് സിന്‍ഡിക്കേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്ത് ഡോ. ടോണി ഉന്നയിച്ച ആവശ്യം നിയമപ്രകാരമല്ലാത്തതിനാലും സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാലും 2011 മാര്‍ച്ച് 1 മുതല്‍ റഗുലറൈസ് ചെയ്യാന്‍ സാധ്യമല്ലെന്ന് തീരുമാനിച്ച കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഡോ. ടോണിക്ക് മുന്‍കാല ഗസ്റ്റ് അദ്ധ്യാപക സേവനകാലം റഗുലറൈസ് ചെയ്തു നല്കുന്നപക്ഷം അദ്ദേഹത്തിന് നല്‍കേണ്ട ആനുകൂല്യങ്ങള്‍ കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഗസ്റ്റ് സേവനകാലം സ്റ്റാറ്റിയൂട്ടറി പെന്ഷന് പരിഗണിക്കേണ്ടി വരുന്ന അവസ്ഥ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉന്നതവിദ്യാഭ്യാസ (ബി) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല രജിസ്ട്രാര്‍ അയച്ച വിശദീകരണക്കുറിപ്പിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: