കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 14, 15, 16 തിയതികളില്‍ കോട്ടയത്ത് നടക്കും. സംവിധായകനായ ജി. അരവിന്ദന്റെ ഓര്‍മയ്ക്കായാണ് അരവിന്ദം എന്ന പേര്.
ഒരു ലക്ഷം രൂപ വീതം സമ്മാനവും മെമന്റോയുമുള്ള പൊതുവിഭാഗവും നേര്‍പകുതി പുരസ്കാരമുള്ള ക്യാമ്പസ് വിഭാഗവുമുണ്ട്. പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ട് മുന്‍ നിരയില്‍ വരുന്ന ആദ്യ 18 ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കും. മികച്ച ചിത്രം, മികച്ച നടന്, മികച്ച നടി, മികച്ച എഡിറ്റിങ്, മികച്ച തിരക്കഥ, മികച്ച സിനിമാട്ടോഗ്രഫി (ഛായാഗ്രഹണം) എന്നിവയ്ക്ക് പൊതുവിഭാഗത്തില്‍ ഒരു ലക്ഷം രൂപ വീതവും ക്യാമ്പസ് വിഭാഗത്തില്‍ 50,000 രൂപ വീതവും പുരസ്കാരങ്ങള്‍ നല്‍കും. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിന് പ്രത്യേക പുരസ്കാരവും ഉണ്ടാവും. സിനിമാരംഗത്തെ പ്രമുഖര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന അവാര്‍ഡ്ദാനച്ചടങ്ങ്, കലാപരിപാടികള്‍, സിനിമാ പ്രഭാഷണങ്ങള്‍, ഡയലോഗ് വിത് മാസ്റ്റേഴ്സ് എന്ന സംവാദപരിപാടി, ജി അരവിന്ദന് സ്മൃതി, ചര്‍ച്ചകള്‍ തുടങ്ങിയവയും ത്രിദിന ഹൃസ്വചിത്ര ഉത്സവത്തിലുണ്ടാകും.
14ന് 10ന് സംവിധായകന് ബ്ലെസി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോക് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജയകൃഷ്ണന് സംസാരിക്കും. തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് ഡയലോഗ് വിത്ത് മാസ്റ്റര്‍, തിരക്കഥാകൃത്തും സംവിധായകനുമായ സജിന്‍ ബാബു. 15ന് 5.30 ന് ജി. അരവിന്ദന്റെ 35 ാം ചരമദിനത്തിന്റെ ഭാഗമായുള്ള ‘അരവിന്ദസ്മൃതി’. ആദ്യകാല നിര്‍മാതാവും നടനുമായ പ്രേംപ്രകാശ് ഉദ്ഘാടനം ചെയ്യും. ഫാ. ബോബി ജോസ് കട്ടിക്കാട്ട് സ്മൃതി പ്രഭാഷണം. അരവിന്ദന്റെ സഹപ്രവര്ത്തകന് കൂടിയായ സണ്ണി ജോസഫ് പങ്കെടുക്കും. വിജയകൃഷ്ണന് അദ്ധ്യക്ഷനാകും.
16 ന് 3ന് അവാര്‍ഡ് പ്രഖ്യാപന സമാപന പരിപാടി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. സംവിധായകന് ശ്യാമപ്രസാദ് മുഖ്യാതിഥി. ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന് വിഷ്ണു സംസാരിക്കും. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ആദര്‍ശ സുകുമാരന്‍, ശബ്ദ സംയോജകന്‍ ശരത് മോഹന്‍ പങ്കെടുക്കും.
വിജയകൃഷ്ണന്, കവയിത്രിയും മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗവുമായ ജെ. പ്രമീളാ ദേവി, ഫിലിം ക്രിട്ടിക്കും ജേര്‍ണലിസ്റ്റുമായ എ. ചന്ദ്രശേഖര്‍, സംവിധായകന് പ്രദീപ്
നായര്‍, യുവസംവിധായകനും സിനിമാട്ടോഗ്രഫറുമായ യദു വിജയകൃഷ്ണന്, കവിയും സിനിമാ നിര്‍മാതാവുമായ ഡോ. വിഷ്ണുരാജ്, എഴുത്തുകാരനും ഗവേഷകനുമായ അനൂപ്
കെ.ആര്., സംവിധായകന് അഭിലാഷ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിക്കുന്നതെന്ന് പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സെക്രട്ടറി അഡ്വ. അനില്‍ ഐക്കര, ട്രഷറര്‍ മനു മറ്റക്കര, അഡ്വ. ലിജി ജോണ്‍ (സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേഷന്‍) അരവിന്ദം ഫെസ്റ്റിവല്സമിതി അംഗങ്ങളായ ഷിജു എബ്രഹാം, ആര് സാനു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: