കാറ്റലോണിയ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് തീപ്പൊരി പോരാട്ടങ്ങള്‍. പ്രീക്വാര്‍ട്ടറിലെ വാശിയേറിയ രണ്ടാം പാദ മത്സരങ്ങള്‍ക്കാണ് ഇന്ന് പന്തുരുളുക. ഇന്നും നാളെയുമായാണ് പ്രീക്വാര്‍ട്ടറിലെ വിധി നിര്‍ണയിക്കുന്ന എട്ട് മത്സരങ്ങള്‍. നാലെണ്ണം ഇന്ന് നടക്കം. ഇന്നത്തെ മത്സരങ്ങളില്‍ സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണ സ്വന്തം തട്ടകത്തില്‍ ബെന്‍ഫിക്കയെ നേരിടും. ആദ്യ പാദത്തിലെ എവേ മത്സരത്തില്‍ 1-0ന് വിജയിച്ചതിന്റെ മേല്‍കൈ ആതിഥേയര്‍ക്കുണ്ട്. ലാലിഗയില്‍ നിലവില്‍ മുന്നില്‍ തുടരുന്ന ടീം ആണ് ബാഴ്‌സ. രാത്രി 11.15നാണ് മത്സരം.
ഫ്രഞ്ച്-ഇംഗ്ലീഷ് കരുത്തര്‍ ഏറ്റുമുട്ടുന്ന പാരിസ് സാന്റ് ഷര്‍മെയ്ന്‍(പിഎസ്ജി)-ലിവര്‍പൂള്‍ പോരാട്ടത്തിലും ഇന്ന് രണ്ടിലൊന്ന് അറിയാം. കഴിഞ്ഞയാഴ്‌ച്ച സ്വന്തം തട്ടകത്തില്‍ ലിവറിനോട് 1-0ന് അടിയറവച്ചാണ് പിഎസ്ജി ഇറങ്ങുന്നത്. മറുഭാഗത്ത് ലിവര്‍ സീസണില്‍ ശക്തരാണ് പ്രാഥമിക റൗണ്ടില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ടീം തോല്‍വി അറിഞ്ഞത്. പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയ അവസാന പ്രാഥമിക റൗണ്ട് പോരാട്ടത്തിലായിരുന്നു ആ തോല്‍വി. ബാക്കിയുള്ള ഏഴ് മത്സരങ്ങളും ജയിച്ച് കരുത്തോടെയാണ് ലിവറിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. സ്വന്തം സ്റ്റേഡിയം ആന്‍ഫീല്‍ഡിലാണ് ഇന്ന് രാത്രി ഒന്നരയ്‌ക്ക് പിഎസ്ജിയെ പുറത്താക്കാന്‍ ഇറങ്ങുക. മറുഭാഗത്ത് അത്ഭുതം കാട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി.
ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ന് സ്വന്തം സാന്‍സിറോയില്‍ ഡച്ച് ക്ലബ്ബ് ഫെയ്‌നൂര്‍ദിനെ നേരിടാനിറങ്ങുക. എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചതിന്റെ മുന്‍തൂക്കം ഇന്ററിനൊപ്പമുണ്ട്.
ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കും ബയെര്‍ ലെവര്‍കുസനും ഏറ്റുമുട്ടുന്ന ക്ലാസിക് പോരാട്ടവും ഇന്ന് നടക്കം. ലെവര്‍കുസന്‍ വേദി ബേ അരീനയില്‍ രാത്രി ഒന്നരയ്‌ക്കാണ് മത്സരം. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വമ്പന്‍ ജയം നേടിയതിന്റെ ആധിപത്യം ബയേണിനുണ്ട്. കഴിഞ്ഞ ദിവസം ബുന്ദെസ്‌ലിഗയില്‍ ഇരുടീമുകളും വ്യത്യസ്ത ടീമുകളോട് പരാജയം ഏറ്റുവാങ്ങിയാണ് ഇന്ന് ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: