ന്യൂദല്‍ഹി: കടല്‍ ഖനനം കേരളത്തിന്റെ സമുദ്രാതിര്‍ത്തിക്കു പുറത്തെന്നു വ്യക്തമാക്കി കേന്ദ്രം. പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പടെ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മാനദണ്ഡങ്ങള്‍ പാലിച്ചേ ഖനനാനുമതി നല്കൂവെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര കല്‍ക്കരി- ഖനന മന്ത്രി ജി. കിഷന്‍ റെഡ്ഢി രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
സമുദ്ര പര്യവേക്ഷണത്തിനുള്ള ലൈസന്‍സും ഉല്പാദന ലീസും അനുവദിക്കാന്‍ 13 ഓഫ്‌ഷോര്‍ ബ്ലോക്കുകളുടെ ലേലത്തിന്റെ ആദ്യഘട്ടം 2024 നവംബര്‍ 28ന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. എന്നാല്‍ അതിനായി വിജ്ഞാപനം ചെയ്തിരിക്കുന്ന മൂന്ന് ബ്ലോക്കുകളും കേരളത്തിന്റെ സമുദ്രാതിര്‍ത്തിക്ക് പുറത്താണ്. പ്രധാനപ്പെട്ട തീരദേശ, സമുദ്ര ജൈവ വൈവിധ്യ മേഖലകള്‍ ഒഴിവാക്കിയാണ് ഓഫ്‌ഷോര്‍ ബ്ലോക്കുകള്‍ ക്രമീകരിച്ചത്.
ലേലത്തിനുള്ള ബ്ലോക്കുകള്‍ വിജ്ഞാപനം ചെയ്യുന്നതിന് മുമ്പ് ഖനി മന്ത്രാലയം ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും കൂടിയാലോചന നടത്തിയിരുന്നു. എന്നാല്‍ ലേലത്തിനുള്ള അറിയിപ്പിന് മുമ്പ് ഏതെങ്കിലും മന്ത്രാലയമോ, വകുപ്പോ എതിര്‍പ്പൊന്നും അറിയിച്ചില്ല. ആശങ്കകള്‍ അറിയിച്ച് 2025 ഫെബ്രുവരി 13നാണ് കേരള സര്‍ക്കാരില്‍ നിന്നുള്ള കത്ത് ലഭിച്ചത്.
ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി പരിസ്ഥിതി ആഘാതപഠനം ഉള്‍പ്പെടെയുള്ളതെല്ലാം പൂര്‍ത്തിയാക്കണം. ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയിരിക്കണം. എങ്കിലേ ഖനനത്തിന് അനുമതി നല്കൂ. 2002 ലെ ഓഫ്
ഷോര്‍ ഏരിയാസ് മിനറല്‍ (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) നിയമത്തില്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥയും ജൈവ വൈവിധ്യവും മത്സ്യത്തൊഴിലാളികളുടെ താത്പര്യവും സംരക്ഷിക്കാനുള്ള വ്യവസ്ഥകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: