Article

വേണം ലഹരി മാഫിയകളില്‍ നിന്ന് മോചനം

കോട്ടയത്ത് ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് വാര്‍ഷിക പ്രതിനിധി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂര്‍ണ രൂപം

Published by

ശ്രീശങ്കരാചാര്യ സ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങിയ ധാര്‍മ്മികാചാര്യന്മാര്‍ക്ക് ജന്മം നല്‍കിയ കേരളം ഇന്ന് അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി എന്തു വിനാശ കൃത്യങ്ങളും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കൗമാര യൗവനങ്ങള്‍ കാട്ടിക്കൂട്ടുന്ന അക്രമ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്. രാസലഹരിയുടെ മാസ്മരികതയില്‍ സഹോദരങ്ങളേയും മാതാപിതാക്കളെയും ഗുരുക്കന്മാരേയും തിരിച്ചറിയാനാവാത്ത വിധം നമ്മുടെ പുതു തലമുറ മാറി. ആരെയും കൊല്ലാന്‍ മടിക്കാത്ത, എന്ത് അക്രമ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന ഒരു തലമുറയെ ഇവിടെ സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യവും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളേയും പൊതുസമൂഹം മനസ്സിലാക്കി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചു. തല്ലാനും കൊല്ലാനും ഭീഷണിപ്പെടുത്താനും മടിയില്ലാത്ത ഒരു തലമുറയെ ഒരുക്കിയെടുക്കുന്നതിനു പിന്നില്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.

ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ കൂടി ഖജനാവിന് ആവശ്യമായ സാമ്പത്തികസമാഹരണം നടത്താന്‍ കഴിവില്ലാത്ത സര്‍ക്കാരുകള്‍ കൊണ്ടുവന്നിട്ടുള്ള അശാസ്ത്രീയ നയങ്ങളും നടപടികളും കേരളത്തില്‍ മദ്യ-മയക്കുമരുന്നിന്റെ വ്യാപക വില്‍പ്പനയ്‌ക്ക് കളമൊരുക്കി. മയക്കുമരുന്നിന് ഇരയാകുന്നതില്‍ മഹാഭൂരിപക്ഷവും സാധാരണ വീടുകളിലെ കുട്ടികളാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ സംസ്ഥാനത്ത് എക്‌സൈസ് മാത്രം റജിസ്റ്റര്‍ ചെയ്തത് 30310 കേസുകളും അറസ്റ്റ് ചെയ്തത് 27042 പേരേയുമാണ്. വിദ്യാര്‍ത്ഥികളുടെ ഇടയിലെ പല വിധത്തിലുള്ള മയക്കുമരുന്ന് ഉപയോഗം നിമിത്തം കലാലയങ്ങളില്‍ റാഗിങ്ങിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ കൂടിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബങ്ങളിലെ ശൈഥില്യവും ഇന്റര്‍നെറ്റ് ദുരുപയോഗവും ജീവിത മൂല്യങ്ങളെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള അജ്ഞത, സാമൂഹിക പ്രതിബന്ധതയില്ലായ്മ എന്നിവ ലഹരി ഉപയോഗത്തിന് വളം വയ്‌ക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല, മയക്കുമരുന്നു വിപണിയിലൂടെ വളരെ വേഗത്തില്‍ പണം സമ്പാദിക്കാമെന്ന വ്യാമോഹവും സ്തീ പുരുഷ ഭേദമന്യേ നിരവധി പേരെ ഇതില്‍ കണ്ണികളാക്കുന്നു. ഒരുകാലത്ത് വിദേശ രാഷ്‌ട്രങ്ങളിലെ ഇത്തരം അനാശാസ്യ പ്രവണതകളെ പരിഹസിച്ചിരുന്ന നമ്മള്‍ ഇന്ന് നമ്മുടെ ഇടയില്‍ സംഭവിക്കുന്ന മൂല്യച്യുതികളെ പറ്റി ചിന്തിക്കുകയും ഇതിന് അടിയന്തരമായി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം. ഭരണസംവിധാനവും നിയമപാലകരും അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയാലെ സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാകൂ. നിലവിലുള്ള നിയമങ്ങളില്‍ ഉടനടി ഭേദഗതി വരുത്തി മയക്കുമരുന്ന് ഉപയോഗത്തിനും വിതരണത്തിനും വധശിക്ഷ വരെയുള്ള പരമാവധി ശിക്ഷകള്‍ ഉറപ്പുവരുത്താന്‍ നിയമസംവിധാനത്തെ പര്യാപ്തമാക്കണം.

കള്ളപ്പണം, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കേരളം മാറിയതിനു പിന്നില്‍ മതതീവ്രവാദ ശക്തികള്‍ക്കും നിര്‍ണായക പങ്കുണ്ട്. വിദേശത്തുനിന്ന് വ്യാപകമായ രീതിയില്‍ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്നും കള്ളപ്പണവും രാജ്യത്തെയും ജനതയേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാകുന്നു. എന്നാല്‍ ഈ കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്താനോ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനോ സംസ്ഥാന സര്‍ക്കാര്‍ വോട്ടു ബാങ്കിനെ ഭയന്ന് തയ്യാറാകുന്നില്ല. മയക്കുമരുന്ന് ഉപയോഗത്തിനോടൊപ്പം തന്നെ സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ് സിനിമകളും വെബ് സീരീസുകളും. അക്രമ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഏറ്റവും ഭീകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകളും വെബ് സീരീസുകളും കര്‍ശന സെന്‍സറിങ്ങിന് വിധേയമാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. കേരളം അതി വേഗം ഒരു അരാജക സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പൊതുസമൂഹവും ധാര്‍മ്മിക ആചാര്യന്മാരും ആധ്യാത്മിക നേതാക്കന്മാരും മതസംഘടനകളും അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ശക്തമായ നിയമ നടപടികളില്‍ കൂടി യഥാര്‍ത്ഥ പ്രതികളെയും കുറ്റവാളികളെയും കണ്ടെത്തുകയും ശിക്ഷിക്കുകയും മയക്കുമരുന്ന് ഉറവിടങ്ങളില്‍ നിന്നു തന്നെ പിടിച്ചെടുത്ത് അത് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും ആവശ്യമാണ്. ഈ വിഷയത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് കേരളത്തെ ഇത്തരത്തിലുള്ള അക്രമ അരാജകത്വ മാഫിയകളില്‍ നിന്ന് മോചിപ്പിക്കണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by