മാവേലിക്കര: വിദ്യാലയങ്ങളെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഗവേണിങ് ബോഡി രൂപീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം അട്ടിമറിച്ചു. ഗവേണിങ് ബോഡി രൂപീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശക്തമായ നിരീക്ഷണത്തിനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
ഇതിനെ തുടര്‍ന്ന് നടപ്പ് അധ്യയനവര്‍ഷം മുതല്‍ സര്‍ക്കാരിന്റെ പതിനെട്ടോളം വകുപ്പുകളെ ഏകോപിപ്പിച്ച് വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നതിനായി സര്‍ക്കാര്‍ എസ്ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയര്‍) തയാറാക്കിയിരുന്നു. 18 വകുപ്പുകളെ ഏകോപിപ്പിക്കേണ്ട ചുമതല ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷനുകള്‍ക്കുമായിരുന്നു. എന്നാല്‍ നേതൃത്വം നല്‌കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര വിലകല്പിച്ചില്ല. എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, പോലീസ് വകുപ്പുകള്‍ മാത്രമാണ് അല്പമെങ്കിലും പ്രാധാന്യം നല്കിയത്. ഇതോടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേലുള്ള ശക്തമായ നിരീക്ഷണം ഇല്ലാതായി.
പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ വല്ലപ്പോഴും സ്‌കൂള്‍ പരിസരത്ത് നിരീക്ഷണവും പരിശോധനയും നടത്തുന്നതിലേക്ക് ഒതുങ്ങി. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ ബോധവത്ക്കരണ ക്ലാസുകളില്‍ ജോലി തീര്‍ത്തു. വിദ്യാലയങ്ങളില്‍ പൊതുസമൂഹത്തിന്റെയും അധികൃതരുടെയും നിരീക്ഷണം ഇല്ലാതായതോടെയാണ് മുമ്പെങ്ങുമില്ലാത്തവിധം നടപ്പ് അധ്യയനവര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ലഹരിയുടെ കുത്തൊഴുക്ക് ഉണ്ടായതെന്നാണ് വിലയിരുത്തല്‍.
പ്രവര്‍ത്തനങ്ങള്‍ക്ക് ആളില്ല നടക്കുന്നത് കോളം പൂരിപ്പിക്കല്‍ മാത്രം
ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് രൂപീകരിച്ച വിമുക്തിമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകളില്‍ ആളില്ല. എക്‌സൈസ് വകുപ്പിനാണ് ചുമതല. വിമുക്തി മിഷനു വേണ്ടത്ര പ്രധാന്യം ലഭിക്കുന്നില്ല. എന്‍ഫോഴ്‌സ്‌മെന്റിനാണ് പ്രാധാന്യം നല്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡ്യൂട്ടിക്കു പോകുമ്പോള്‍ കുടുംബശ്രീക്കാര്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കുമൊപ്പവും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഫോട്ടോ എടുത്ത് കോളം പൂരിപ്പിക്കല്‍ മാത്രമാണ് നടക്കുന്നത്. വിമുക്തി മിഷന്‍ നല്ലൊരു പ്ലാറ്റ്‌ഫോം ആണെങ്കിലും എക്‌സൈസ് വകുപ്പില്‍ വേണ്ടത്ര ആളില്ലാത്തതാണ് പ്രശ്‌നം.
ഓരോ ജില്ലയിലും വിമുക്തി മിഷനു മാനേജര്‍ പോസ്റ്റില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ ഉണ്ട്. ഇതിനു പുറമെ ജില്ലാ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പൊതുസമൂഹത്തില്‍ നിന്ന് ഒരാളെ നിയമിക്കും. പലപ്പോഴും ഇത് രാഷ്‌ട്രീയ നിയമനമായി മാറും. 50,000 രൂപയിലധികം വേതനവും മറ്റ് ആനുകൂല്യങ്ങളും നല്കിയാണ് ഈ നിയമനം. പക്ഷേ കാര്യക്ഷമമായ ഒരു ഇടപെടലും ഇവര്‍ നടത്താറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക