Thiruvananthapuram

സനാതന ധര്‍മത്തിനെതിരെ കടന്നാക്രമണം നടക്കുന്നു: ആര്‍. സഞ്ജയന്‍

Published by

തിരുവനന്തപുരം: സനാതന ധര്‍മത്തിനെതിരെ വ്യാപക കടന്നാക്രമണം നടക്കുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

2021 ല്‍ അമേരിക്കയില്‍ നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ ഹിന്ദുത്വത്തെ പൊളിച്ചടുക്കുക എന്നതായിരുന്നു വിഷയം. തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തെ കൊവിഡിനോട് ഉപമിച്ചു. ഇത് നേരിട്ടുള്ള ആക്രമണമാണ്. അവരുടെ രാഷ്‌ട്രീയ നിരാശയില്‍ നിന്നാണ് ഇത്തരം കടന്നാക്രമണങ്ങളുണ്ടാകുന്നത്. സനാതന ധര്‍മം ഒരു മഹാപ്രവാഹവും വലിയൊരു സത്യവുമാണ്. അതിന് സഹജമായ കരുത്തുണ്ട്. ആയിരം വര്‍ഷത്തോളമുള്ള വൈദേശികാക്രമണങ്ങളെയും സനാതനധര്‍മം അതിജീവിച്ചു. ഇന്ന് ലോകത്താകമാനം വ്യാപക പിന്തുണ ലഭിക്കുന്നു. ഹിന്ദുക്കളോട് ലോകത്ത് വെറുപ്പ് സൃഷ്ടിക്കാനോ പ്രകോപിപ്പിച്ച് അക്രമകാരികളെന്ന് വ്യാഖ്യാനിക്കാനോ ആകാം ഇപ്പോള്‍ നടക്കുന്ന കടന്നാക്രമണത്തിന്റെ ലക്ഷ്യമെന്നും ആര്‍.സഞ്ജയന്‍ പറഞ്ഞു.

പ്രമുഖ നര്‍ത്തകി ഡോ. ഗായത്രി സുബ്രഹ്മണ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വീടുകളില്‍ കുട്ടികളെ ആത്മീയ പാതയിലൂടെ വളര്‍ത്താത്തതാണ് അവര്‍ ലഹരിയിലേക്ക് വഴിതെറ്റാന്‍ കാരണമെന്ന് ഗായത്രി സുബ്രഹ്മണ്യന്‍ പറഞ്ഞു. താന്‍ നൃത്തം ചെയ്യുന്നത് ആത്മീയതയിലേക്കാണെന്നും കുട്ടികളെ സംസ്‌കാരവും പൈതൃകവും പഠിപ്പിച്ച് ശരിയായ വഴിയിലേക്ക് നയിച്ചാല്‍ യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്നത് ഒഴിവാക്കാനാകുമെന്നും അവര്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി അധ്യക്ഷന്‍ എം. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by