മലയാളിയുടെ നര്‍മ്മബോധം വലുതാണ്, വിശാലമാണ്, വികസിതമാണ്, വിശേഷപ്പെട്ടതാണ്. നര്‍മ്മവും ഹാസ്യവും ധര്‍മ്മമായി അനുഷ്ഠിക്കുന്നവര്‍ മലയാളികളെപ്പോലെയില്ലയെന്നു പറഞ്ഞാല്‍ പോലും തെറ്റില്ല. ആസ്വദിക്കാനും ആവിഷ്കരിക്കാനും മലയാളിക്കുള്ള കഴിവ് അസൂയാവഹമാണ്. ‘ഡിജിറ്റല്‍ കാലത്തെ ‘ട്രോളുകള്‍’ എന്ന ഒരു ആവിഷ്കാര വിഭാഗം ഉണ്ടാകുന്നതിന് എത്രയെത്രനാള്‍ മുമ്പ് നമുക്ക് ‘തോലന്’ എന്ന മഹാകവിയുണ്ടായിരുന്നു. ഭാഷകൊണ്ടുള്ള ഉക്തി വൈചിത്ര്യത്തില്‍ ‘ചക്കി പത്തായത്തില് കയറി’ എന്നതിനെ ‘പനസി ദശായാം പാശി’ എന്ന് പറഞ്ഞ് മലയാളത്തിന്റെയും അതിന്റെ രൂപപ്പെടലിന് ഏറെ സഹായിച്ച സംസ്കൃതത്തേയും അലിയിപ്പിച്ച് നിര്‍മിച്ച നര്‍മ്മം എത്ര ആസ്വാദ്യം.
കുഞ്ചന്‍ നമ്പ്യാരെന്ന നമ്മുടെ അടിമുടി കവിയെപ്പോലെ നര്മ്മപൂര്ണനും ധര്മ്മപുണ്യനുമായ കവി ഇതരഭാഷകളിലില്ല. ഭക്തിയും വിഭക്തിയും നിറഞ്ഞുനില്ക്കുന്ന സംസ്കൃതകാവ്യമായ ‘ശ്രീമദ് നാരായണീയം’ രചിച്ച മേല്പ്പത്തൂര്പോലും ഈ നര്മ്മാവിഷ്കാരത്തില് പിന്നിലല്ലായിരുന്നു.
വിവരിച്ചാല്‍, നിരീക്ഷിച്ചാല്‍ ഒരു പ്രബന്ധത്തിന് വഴിയുണ്ട്. നമ്മുടെ നര്‍മ്മപാരമ്പര്യം, പാഠകവും ചാക്യാര്‍ കൂത്തും സംസ്കൃത നാടകങ്ങളിലെ വിദൂഷകനും ഒക്കെയായി അത് തുടര്‍ക്കണ്ണികള്‍ ചേര്‍ന്നതാണ്. തോലനും കുഞ്ചനും വികെഎന്നും മിമിക്രി കലാകാരന്മാരും ഒക്കെയായി വിവിധ രൂപത്തില്‍, ഭാവത്തില്‍, ഘടനയില്‍ നര്‍മ്മം നമ്മില്‍ നിലനില്ക്കുന്നു. അതൊരു വലിയ കലാപാരമ്പര്യം കൂടിയാണ് നമുക്ക്. മറ്റു പല ഭാഷകളിലും സംസ്ഥാനങ്ങളിലും ഈ സമ്പ്രദായമുണ്ട്. എന്നാല്‍ മലയാളത്തോളം മറ്റുള്ളിടങ്ങളിലുണ്ടോ, അത്രമാത്രം വ്യക്തിത്വത്തിന്റെ ഭാഗമാണോ എന്ന് വിശാലചര്‍ച്ച വേണ്ടതുണ്ട്.
മുമ്പ്, ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് ഒരു വാരികയില്‍ വന്ന ഫലിത- നര്‍മ്മ ഭാവനകളിലൊന്നില് വായിച്ചതാണ്, അതൊക്കെ ഇന്ന് കേള്‍ക്കുമ്പോള്‍ ‘വളിച്ച തമാശ’യായി തോന്നുന്ന അത്തരത്തില്‍ നമ്മുടെ നര്‍മ്മം വളര്‍ന്നു. വളര്‍ന്നോ, ഉയര്‍ന്നോ എന്നതും തര്‍ക്കവിഷയം. ആ നര്‍മ്മം ഇങ്ങനെയാണ്:
ഒരാള്‍ റെയില്‍പാളത്തില്‍ കടിച്ചുപിടിച്ച് കിടക്കുന്നു. കൂട്ടുകാരന് കണ്ടെത്തി കാരണം ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞുവത്രേ, ശരീരത്തില്‍ ഇരുമ്പിന്റെ അംശം ഏറെ കുറവാണെന്ന്. ‘വളിപ്പാണ് എന്ന് ഇപ്പോള്‍ തോന്നാമെങ്കിലും ആ നര്‍മ്മത്തിന് ‘അശ്ലീലപ്പെട്ടു’പോയ ചില നര്‍മ്മ വഴികളുടെ ദുര്‍ഗന്ധമില്ല, പകരം ബോധവല്‍ക്കരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. ഭക്ഷണം മനുഷ്യന്റെ ശരീരത്തിന് എത്രമാത്ര പ്രധാനമെന്ന് പറയാതെ പറയുന്ന ആരോഗ്യശാസ്ത്രവുമുണ്ട്. അത് തുടര്‍ ചികിത്സകള്‍ക്കും അന്വേഷണത്തിനും പ്രേരിപ്പിക്കുന്നതുമാണ്. ആധുനികകാല ട്രോളുകള്‍ക്ക് പലതിനും ഇല്ലാത്ത ഗുണങ്ങള്‍ അതിനുണ്ട്. ഭക്ഷണത്തിന്റെ വിശേഷത്തെക്കുറിച്ച് പറയാനാണ് ഈ പഴയ തമാശ പറഞ്ഞത്.
ഭക്ഷണവും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ. ഭക്ഷണവും ശരീരവും തമ്മില്‍ ഉണ്ടെങ്കില്‍ കഴിക്കുന്നതിന്റെ പ്രകൃതവും രസവും വ്യക്തിത്വത്തിലുമുണ്ടാവണമല്ലോ. ശാസ്ത്രപ്രകാരം അങ്ങനെയാവണം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എണ്ണ ചേര്‍ന്ന ആഹാരം കഴിക്കുന്നത് നിയന്ത്രിക്കണമെന്ന ആഹ്വാനം നല്കി. രസകരമെന്നു പറയട്ടെ, കേരളത്തില്‍ എല്ലാ ജില്ലാ ആശുപത്രി കേന്ദ്രങ്ങളിലും ‘ഫാറ്റിലിവര്‍’ (കരള്‍ വീക്കം) ചികിത്സ നടത്താന്‍ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ചതും ഏറെക്കുറേ ഈ കാലത്താണ്. ഇത് പ്രശ്നമുണ്ടാക്കി, അതിന് പരിഹാരം തേടുന്ന കാര്യക്ഷമത എന്ന ചെപ്പടിവിദ്യയാണെന്ന വ്യാഖ്യാനം വരെയുണ്ടായി. എന്നാല്‍ ‘ഫാറ്റിലിവര്‍’ എന്ന രോഗത്തിന് ഭക്ഷണവും ഭക്ഷണശീലവും കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ എണ്ണ ഭക്ഷണ ശീല നിയന്ത്രണവും കേരള സര്‍ക്കാരിന്റെ കരള്‍വീക്ക ചികിത്സയും ഒരേ സമയം വാര്‍ത്തയായപ്പോള്‍ ശുഭാപ്തി വിശ്വാസക്കാര്ക്ക് സന്തോഷിക്കാനൊരു വകകൂടിയായി; കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോടു കാണിച്ചിരുന്ന അന്ധമായ എതിര്‍പ്പുകളില്‍ മാറ്റമുണ്ടാകുന്നു. രണ്ടുകൂട്ടരും ഒരുപോലെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. നല്ലതുതന്നെ.
‘അന്നമയം ഹി സോമ്യമനഃ’ എന്ന് ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നുണ്ട്. ഉപനിഷത്തൊക്കെ പിന്തിരിപ്പനാണെന്നു പറയുന്നവര്‍ക്ക് ശാസ്ത്രവശം ഇക്കാര്യം സമ്മതിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊടുക്കേണ്ടിവരും. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് ആവശ്യത്തില്‍ കുറഞ്ഞാല്‍ ഉണ്ടാകുന്ന അപകടം ഇന്ന് ഒരു ആരോഗ്യപ്രശ്നമാണ്. മള്‍ട്ടി വൈറ്റമിന്‍ ഗുളികയും ‘ഫുഡ് സപ്ലിമെന്റുകളും’ പതിവ് ഭക്ഷണമായി മാറുന്ന കാലത്ത് ഭക്ഷണവും ശരീരവും മനസ്സും തമ്മിലുള്ള ബന്ധത്തിന് പ്രത്യേകിച്ച് ഉദാഹരണം വേണ്ട. അതുകൊണ്ട് ഇന്നത്തെ ശാസ്ത്രീയ പരീക്ഷണ നിരീക്ഷണ ലബോറട്ടറി സംവിധാനങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പേ ഇതൊക്കെ നിരീക്ഷിച്ചുവച്ചിരിക്കുന്നു. അന്നമയം ഹി സോമ്യമനഃ (ആഹാരം മനസ്സിനെയും സ്വാധീനിക്കുന്നു). അതുകൊണ്ടായിരിക്കണമല്ലോ സസ്യാഹാരവും മാംസാഹാരവും മുരിങ്ങക്കായും ബീഫും ബിരിയാണിയും സദ്യയും വര്‍ഗ്ഗ സംഘര്‍ഷ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ അജണ്ടകളില്‍ ഇടംപിടിക്കുന്നത്. പറയുന്നത് ‘ഭക്ഷണം വിഷയ’മാണെന്നതുതന്നെയാണ്.
ഭക്ഷിക്കല്‍ നിയന്ത്രിക്കുന്ന ‘നോമ്പുകാലം’ മതപരമായ വിശേഷമാക്കിയതിനു പിന്നിലും ഈ ശാസ്ത്രവീക്ഷണമുണ്ടായിരിക്കണം. അടുത്തിടെയാണ് ശിവരാത്രി വ്രതവും ഉത്സവവും കഴിഞ്ഞത്. ശിവരാത്രിക്ക് ഒരു ഭക്ഷണശാസ്ത്രവുമുണ്ട്. ലോക നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍, അമരത്വം വരമായിരുന്ന ദേവന്മാര്ക്ക് ജരയും നരയും ആയുസിന് ശാപമായി മാറിയപ്പോഴാണല്ലോ അമൃതം കണ്ടെത്താന്‍ പാലാഴിമഥനം നടന്നത്. മഥനത്തിനിടയിലാണല്ലോ മന്ദരപര്വതമാകുന്ന മത്തിന് കയറായിരുന്ന വാസുകി സര്‍പ്പം കാളകൂടം ഛര്‍ദ്ദിച്ചത്. അത് സര്വലോകസംഹാരകമായതിനാലാണല്ലോ ഭൂമിയില്‍ പതിക്കാതെ ശ്രീ പരമേശ്വരന് അത് കൈക്കുടന്നയില്‍ ഏറ്റ് വിഴുങ്ങിയത്. അത് ഭര്‍ത്താവിന്റെ ജീവന് അപകടമാകുമെന്നറിഞ്ഞാണല്ലോ ദേവി ശ്രീപാര്‍വതി കണ്ഠം വിലക്കിയത്. ഭക്ഷണം ഘടകമാണ്, ജീവനും
ജീവിതത്തിനും. ഏത് അമൃത് കണ്ടെത്തുന്നതിനും ചില കാളകൂടങ്ങള്‍ ശമിപ്പിക്കേണ്ടിവരും. അത് ‘ഫാറ്റിലിവറാ’കാതിരിക്കാന്‍ നിയന്ത്രണം വേണ്ടതുണ്ട്. ശിവരാത്രി പാഠം അതുകൂടിയാണ്. ക്രിസ്തീയ മതവിശ്വാസക്കാര്‍ നോയ്മ്പിലായിരുന്നു. ഇസ്ലാമിക വിശ്വാസികള്‍ ഇപ്പോള്‍ നോയ്മ്പിലാണ്. സനാതന മതാനുഷ്ഠാനക്കാര്ക്കാകട്ടെ ഭക്ഷണം ഉപേക്ഷിച്ചുക്കൊണ്ടുള്ള വ്രതങ്ങള്‍ ഒട്ടേറെയാണ്. 365 ദിവസത്തില്‍, വിശ്വാസപ്രകാരമുള്ള, വിധിപ്രകാരമുള്ള ‘ഭക്ഷണവ്രതം’ കണക്കാക്കിയാല്‍ പകുതിയിലേറെ ദിവസങ്ങള്‍ വ്രത കാലമാണ്.
വ്രത കാലത്ത് ഭക്ഷണം, ഭക്ഷണക്രമം, ഭക്ഷണസ്വഭാവം പ്രത്യേകതയുള്ളതാണ്. ശ്രീരാമ ചന്ദ്രന് പട്ടാഭിഷേകം നിശ്ചയിച്ചപ്പോള്‍ ശ്രീരാമനോട് വസിഷ്ഠമുനി പറയുന്നതായി അദ്ധ്യാത്മ രാമായണത്തില്‍ എഴുത്തച്ഛന് എഴുതുന്നു: ”വൈദേഹിയോടുമുപവാസവും ചെയ്ത് മേദിനി തന്നില്‍ ശയനവും ചെയ്യണം, ബ്രഹ്മചര്യത്തോടിരിക്ക…” എന്ന്. ഉപവാസം, ഭക്ഷണക്രമം മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ- ആത്മീയശക്തിക്ക് മാര്ഗമാക്കിയിരുന്നതും ഓര്‍മ്മിക്കുക.
ഒരു നേരം കഴിക്കുന്നവന് യോഗി, രണ്ടുനേരം കഴിക്കുന്നവന് ഭോഗി, മൂന്നുനേരം കഴിക്കുന്നവന് രോഗി എന്നൊരു പറച്ചിലുണ്ട്. ശരിയായ ഭക്ഷണം ഇന്ന് ശാരീരിക- മാനസികാരോഗ്യത്തിന്റെ ചര്‍ച്ചാവേളയില്‍ സുപ്രധാനമാണ്. ഭഗവദ്ഗീത സത്വരജസ്തമസ്വഭാവക്കാരെക്കുറിച്ച് വിവരിക്കുമ്പോള്‍ അവരെ തിരിച്ചറിയുന്നതിന് അവരവരുടെ ഭക്ഷണസ്വഭാവം വിവരിക്കുന്നുണ്ട്. ഗീതയിലെ വിവരണം, ആ തരത്തിലുള്ള ഭക്ഷണക്രമം ശീലിക്കുന്നവരില്‍ അതിന്റെ തോതനുസരിച്ച് സത്വ- രജസ്തമ സ്വഭാവം ഉണ്ടാകുന്നുവെന്നാണ് പറയുന്നത്. യോഗശാസ്ത്ര പ്രകാരം, അഞ്ചു ശരീരങ്ങളാലാണ് മനുഷ്യന് വ്യക്തിരൂപത്തിലാവുന്നത്. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാന മയകോശം, ആനന്ദമയകോശം എന്നിങ്ങനെ. അതില്‍ അന്നമയകോശം രൂപപ്പെടുന്നത് ഭൗതിക ലോക ഘടകങ്ങളിലൂടെയാണ്. അതില്‍ മുഖ്യം ഭക്ഷണമാണ്. ശരീരത്തിന്റെ ഊര്‍ജ്ജ സ്രോതസ്സാണ് പ്രാണമയകോശം. മനോമയകോശം ചിന്തകളും വികാരങ്ങളും ചേര്‍ന്നത്. ബുദ്ധിയും അറിവും ചേര്‍ന്നാണ് വിജ്ഞാനമയകോശം സൃഷ്ടിക്കുന്നത്. ഞാന്‍ ആത്മാവാണ് എന്ന് തിരിച്ചറിയുന്നതിനുള്ള അവസ്ഥയുണ്ടാക്കുന്നതാണ് ആനന്ദമയകോശം. അടിസ്ഥാനം അന്നമയകോശമാണ്. അതില്‍ പിഴച്ചാല്‍ പിന്നെ മേല്‍ഗതി ഉണ്ടാവുകതന്നെയില്ല. ഭക്ഷണക്കാര്യത്തിലെ ഈ ക്രമക്കേടാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ശാസ്ത്രവും പറയുന്നു. ചികിത്സാ പദ്ധതികള്‍ ഇക്കാലത്ത് ഇതിനെ ജീവിത ശൈലീ രോഗങ്ങള്‍ എന്ന് പേരിട്ട് വിളിക്കുന്നുവെന്നുമാത്രം.
കഴിഞ്ഞ ദിവസം, റംസാന് നോമ്പ് കാലത്തിന് തൊട്ടുമുമ്പ്, മലപ്പുറത്ത് സര്‍ക്കാര്‍ തലത്തില്‍ ഒരു ഭക്ഷണ പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കി. ഹെല്‍ത്തി പ്ലേറ്റ് എന്നാണ് പേര്. വാര്‍ത്ത ഇങ്ങനെ:”ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഹെല്‍ത്തി ഫുഡ് മെനു കൊണ്ടുവരുമെന്ന് മലപ്പുറം കളക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു. ആദ്യഘട്ടമായി മലപ്പുറം സിവില്‍ സ്റ്റേഷന് കാന്റീനിലെ ഫുഡ് മെനുവില്‍ മാറ്റം വരുത്തി. ധാന്യങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, പഴങ്ങള്‍, ഇലക്കറികള്‍, പാലും പാലുല്‍പ്പന്നങ്ങളും, മീന്‍, ഇറച്ചി, മുട്ട തുടങ്ങി മനുഷ്യന് ആവശ്യമുള്ളതെല്ലാം ഉള്‍പ്പെടുത്തിയാണ് ഹെല്‍ത്തി ഫുഡ് തയ്യാറാക്കുന്നത്.” നല്ല തുടക്കം, നാടെങ്ങും ആയെങ്കില്‍ എന്ന് ആരും ആശിച്ചുപോകും. പക്ഷേ…
നാടെങ്ങും തെരുവില്‍ നായകള്‍ക്ക് ‘ഭ്രാന്തിളകിയ’ കാലത്ത് അവയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മാംസഭക്ഷണം ഒരു കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യനുമാത്രമല്ല, ജന്തുക്കള്‍ക്കും ഭക്ഷണം പ്രധാനമാണെന്നര്‍ത്ഥം. മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഭേദം അവന്റെ വൈയക്തിക, സാമൂഹിക, സാംസ്കാരിക ജീവിതത്തില്‍ ബാധിക്കുന്നുണ്ടോ? (സ്വാധീനിക്കുന്നുണ്ടോ എന്നല്ല, സ്വാധീനം ദോഷകരമാകുന്നുവെന്ന ഉറപ്പില്‍ത്തന്നെയാണ് ചോദ്യം) ഉണ്ട്, ചില പ്രത്യേക ഭക്ഷണം, ഭക്ഷണത്തിന് പകരം ഉള്ളില്‍ ചെലുത്തുന്ന ലഹരിദായക വസ്തുക്കള്‍ എല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് ചിന്തയെ ബാധിക്കുന്നുണ്ട്. വികാരത്തെ, ബുദ്ധിയെ, പ്രവൃത്തിയെ, ചെയ്തികളെ എല്ലാം ബാധിക്കുന്നു. അത് അറിവിനെ ജ്ഞാനമാക്കുന്നില്ല, വിവരം മാത്രമായി നിര്‍ത്തുന്നു. അത് അധമ വികാരമായി വിനാശകാര്യങ്ങള്ക്ക് ഉപയോഗിക്കാന്‍ എളുപ്പമുള്ളതാക്കുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും ആത്മഹത്യകളും മറ്റ് അനര്‍ത്ഥങ്ങളും ഉണ്ടാകുന്നത് ആ വഴിയിലൂടെയുമാകുന്നു. അതെ അകത്തേക്ക് കഴിക്കുന്നത് എന്തെന്നത് സുപ്രധാന വിഷയംതന്നെയാണ്.
പിന്കുറിപ്പ്:
കൊച്ചിയില്‍ മയക്കുമരുന്നുകള്‍ക്ക് അടിമയായ പന്ത്രണ്ടു വയസ്സുകാരന് അത് സഹോദരിക്കും നല്കി, വീട്ടില്‍നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നു, രക്ഷിതാക്കളോട് ബാലാവകാശങ്ങളും നിയമ പരിരക്ഷയും സംബന്ധിച്ച് വാദം നടത്തിയെന്ന് വാര്‍ത്ത. ഉത്തരവാദിത്തങ്ങളെക്കുറിച്ച് മിണ്ടാതെ, അതിരില്ലാത്ത സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ക്ക് വാദിച്ചും പ്രയത്നിച്ചും കേരളം മുന്നേറുകയാണ്! ലഹരിവിപത്താണെന്ന് പശ്ചാത്തപിക്കുന്നവര്‍ കൂടുന്നുണ്ടോ? സ്വന്തം വീടിന് തീപ്പിടിക്കുന്നുവെന്ന് ഇനിയും അധികൃതര്‍ അറിയാന്‍ വൈകുന്നെങ്കില്‍ ഹാ കഷ്ടം!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: