Kerala

എന്തിനാണിത്ര ധൂര്‍ത്ത്? സമ്മേളനത്തിന് ഒഴുക്കിയ കോടികള്‍ എത്ര? പ്രതിനിധികളില്‍ നിന്ന് വിമര്‍ശനം

Published by

കൊല്ലം: സംസ്ഥാന സമ്മേളന നടത്തിപ്പിന് എത്ര കോടി ചെലവിട്ട് കാണും? ഇന്നലെ പ്രതിനിധി സമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ടി. കുഞ്ഞിക്കണ്ണന്റെ ചോദ്യം നേതൃത്വത്തോടായിരുന്നു. സമ്മേളനത്തിന്റെ ആലോചന തുടങ്ങിയ ഘട്ടം മുതല്‍ക്കേ കൊല്ലത്ത് ആരംഭിച്ച സംഘടിത പണപ്പിരിവും ധൂര്‍ത്തും സംസ്ഥാന സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നതോടെ മറുപടി പറയേണ്ട അവസ്ഥയിലായി നേതൃത്വം.

ഇന്ന് രാവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന് സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കുന്ന മറുപടിയില്‍ ഇത് സംബന്ധിച്ച് വ്യക്തത ഉണ്ടാകും. സമ്മേളനത്തിനായി കൊല്ലം ജില്ലയില്‍ നിന്ന് മാത്രം 50 കോടിയിലേറെസമാഹരിച്ചു. കൊല്ലം ജില്ലയില്‍ മാത്രം 68,000 ത്തിലേറെ അംഗങ്ങള്‍ ഉണ്ടെന്നാണ് സിപിഎം പറയുന്നത്. ഇവരുടെ വീടുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹുണ്ടികകള്‍ എത്തിച്ചിരുന്നു. ഒരാള്‍ കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കണമെന്നായിരുന്നു നിര്‍ദേശം. പകുതിയിലേറെ പേരും 1000 രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചു. ഇത്തരത്തില്‍ ഉള്ള വരുമാനം മാത്രം 10 കോടിയിലേറെ. സമ്മേളന നടത്തിപ്പിന് കൊല്ലം ജില്ലാ കമ്മിറ്റിയും സംഘാടക സമിതിയും വന്‍ പിരിവ് നടത്തി. കൊല്ലം നഗരത്തിലെയും പരിസരങ്ങളിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം സമ്മേളനത്തിനായി പാര്‍ട്ടി ഏറ്റെടുത്തു. ഭൂരിപക്ഷം ഹോട്ടല്‍, റിസോര്‍ട്ട്, ലോഡ്ജ് ഉടമകളും സൗജന്യമായി സിപിഎമ്മിന് വിട്ട് നല്‍കിയിരിക്കുകയാണ് മുറികള്‍.

ഭരണസ്വാധീനമാണ് കാരണം. താഴെത്തട്ടിലും സജീവമായി പിരിവ് നടക്കുകയാണ്. പൊതുസമ്മേളന റാലിയില്‍ ആളെ പങ്കെടുപ്പിക്കാന്‍ വാഹനം വാടകയ്‌ക്ക് എടുക്കാന്‍, ജില്ലാ കമ്മിറ്റിക്ക് ക്വാട്ട കൊടുക്കാന്‍ തുടങ്ങിയ പല പേരുകളില്‍ ലോക്കല്‍-ബ്രാഞ്ച് തലങ്ങളില്‍ വന്‍ പിരിവാണ്. ഒരു ബ്രാഞ്ച് കമ്മിറ്റി കുറഞ്ഞത് ഒരു ലക്ഷം സമാഹരിക്കണം. അതിര് വിട്ടതും ജനങ്ങളെ വെറുപ്പിക്കുന്നതുമായ ഈ പിരിവ് ദോഷം ചെയ്യുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സമ്മേളനത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം വന്നതോടെ മറുപടി പറയാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമായി. പുതിയ സംസ്ഥാന കമ്മറ്റിയെ ഇന്ന് തെരഞ്ഞെടുക്കും. 75 വയസ് പിന്നിട്ടെങ്കിലും പിണറായിയുടെ അടുപ്പക്കാരായ ഇ.പി. ജയരാജന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കില്ല. മുഹമ്മദ് റിയാസിന്റെ ഇഷ്ടക്കാരനായ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പുതിയ ജില്ലാ സെക്രട്ടറിമാരെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. എല്ലാ ജില്ലകളില്‍ നിന്നും പൂര്‍ണമായി പിണറായിയോട് ചേര്‍ന്നു നില്‍ക്കുന്നവരെയാണ് പരിഗണിക്കുന്നത്. അല്ലാതുള്ളവരെ പ്രായപരിധി, അനാരോഗ്യം എന്നിവ പറഞ്ഞ് ഒഴിവാക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് സമ്മേളനത്തില്‍ തന്നെ രൂപീകരിക്കുമോ എന്നതില്‍ ഇപ്പോഴും ധാരണ ആയിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍. മോഹനന്‍, പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി സി. കെ. ഉദയഭാനു, തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍, മന്ത്രി എം. ബി. രാജേഷ് എന്നിവരും സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കും. മുഖ്യമന്ത്രിയുടെ താല്പര്യം പരിഗണിച്ചാണ് സെക്രട്ടറിയേറ്റ് അംഗങ്ങളെ തീരുമാനിക്കുന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by