ബെംഗളൂരു: കന്നട നടി രണ്യ റാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി സിബിഐ സംഘം ബെംഗളൂരുവിലെത്തി. സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയൊരു സംഘം തന്നെയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിനായി കേസ് സിബിഐ ഏറ്റെടുത്തത്. രണ്യയുടെ വിദേശബന്ധങ്ങള്‍ കണ്ടെത്തുന്നതിന് സമഗ്ര അന്വേഷണം നടത്താനാണ് സിബിഐയുടെ നീക്കം.
രണ്യ റാവുവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. റവന്യൂ ഇന്റലിജന്‍സിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരോടൊപ്പം രണ്യയെ കോടതിയില്‍ ഹാജരാക്കി.
ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഭാഷകന് എല്ലാ ദിവസവും 30 മിനിറ്റ് പ്രതിയുമായി സംസാരിക്കാമെന്ന് കോടതി ഉത്തരവിട്ടു. മാര്‍ച്ച് 10 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതി മുറിയില്‍ രണ്യ റാവു പൊട്ടിക്കരഞ്ഞുവെന്ന് അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും മാനസിക സംഘര്‍ഷം അനുഭവപ്പെടുന്നുണ്ടെന്നും അവര്‍ അഭിഭാഷകനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക