ഗുജറാത്തിലെ നവസാരി ജില്ലയിലെ വാന്‍സിബോര്‍സി ഗ്രാമത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കംകുറിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വനിതകള്‍ മാലയണിയിച്ച് സ്വീകരിക്കുന്നു
ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വനിതാദിനത്തില്‍ നാരീശക്തിക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തതും പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കിയതും നാരീശക്തിയായിരുന്നു.
വനിതാദിനത്തില്‍ നമ്മുടെ നാരീശക്തിയെ നാം നമിക്കുന്നെന്നു പറഞ്ഞായിരുന്നു ഇന്നലത്തെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രധാനമന്ത്രിയുടെ ആദ്യകുറിപ്പ്. സ്ത്രീശാക്തീകരണത്തിനായി ഈ സര്‍ക്കാര്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളിലും പരിപാടികളിലും അത് പ്രതിഫലിക്കുന്നു. വാഗ്ദാനം ചെയ്തതു പോലെ, വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍ക്ക് തന്റെ അക്കൗണ്ടുകളുടെ ചുമതല കൈമാറുകയാണെന്നും പ്രധാനമന്ത്രി കുറിച്ചു.
ചെന്നൈയില്‍ നിന്നുള്ള ചെസ് പ്രതിഭ വൈശാലി രമേശ്ബാബു, മുംബൈ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ശാസ്ത്രജ്ഞ എലീന മിശ്ര, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ ശില്‍പി സോണി, ഫ്രോണ്ടിയര്‍ മാര്‍ക്കറ്റ്സ് സ്ഥാപകയും സിഇഒയുമായ അജൈത ഷാ, ബീഹാറിന്റെ കൂണ്‍ വനിത എന്നറിയപ്പെടുന്ന അനിതാദേവി, സമര്‍ത്ഥ്യം സെന്റര്‍ ഫോര്‍ യൂണിവേഴ്സല്‍ ആക്സസബിലിറ്റി സ്ഥാപക ഡോ. അഞ്ജലി അഗര്‍വാള്‍ എന്നിവരാണ് പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ഈ വനിതകളുടെ പ്രചോദനാത്മകമായ ജീവിതവും നേട്ടങ്ങളും ആശയങ്ങളും കുറിപ്പുകളിലൂടെ പങ്കുവയ്‌ക്കപ്പെട്ടു.
പ്രധാനമന്ത്രി ഇവരുടെ സംഭാവനകളെ അഭിനന്ദിച്ചു. വ്യത്യസ്ത മേഖലകളില്‍ മികവു പുലര്‍ത്തിയ ഇവരെല്ലാം ഭാരതത്തിന്റെ നാരീശക്തിയാണെന്ന് പ്രധാനമന്ത്രി കുറിച്ചു. അവരുടെ ദൃഢനിശ്ചയവും വിജയവും സ്ത്രീകള്‍ക്കുള്ള അതിരറ്റ കഴിവുകളെ ഓര്‍മിപ്പിക്കുന്നു. വികസിത ഭാരതം രൂപപ്പെടുത്തുന്നതില്‍ അവരേകിയ സംഭാവനകളെ, ഇന്നും എല്ലാ ദിവസവും നാം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി തുടര്‍ന്നു. വനിതകളുടെ വികസനത്തില്‍ നിന്ന് വനിതകള്‍ നയിക്കുന്ന വികസനത്തിലേക്കുള്ള ഭാരതത്തിന്റെ പരിവര്‍ത്തനത്തെക്കുറിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി എഴുതിയ ലേഖനവും വനിതാദിനത്തില്‍ പ്രധാനമന്ത്രി പങ്കുവച്ചു.
ഗുജറാത്ത് നവസാരി ജില്ലയിലെ വനിതാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. വനിതകള്‍ക്കായുള്ള വിവിധ പദ്ധതികളുടെ ഫണ്ടുകള്‍ ചടങ്ങില്‍ പ്രധാനമന്ത്രി കൈമാറി. മഹാകുംഭമേളയില്‍ പങ്കെടുത്തപ്പോള്‍ ഗംഗാ മാതാവിന്റെ അനുഗ്രഹവും ഇപ്പോള്‍ മാതൃശക്തിയുടെ അനുഗ്രഹവും ലഭിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതം ഇപ്പോള്‍ സ്ത്രീകള്‍ നയിക്കുന്ന വികസന പാതയിലൂടെ സഞ്ചരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നവസാരി വാന്‍സി ബോര്‍സി ഗ്രാമത്തിലെ ഹെലിപാഡില്‍ പ്രധാനമന്ത്രിയെത്തിയത് മുതല്‍ വനിതാ സമ്മേളന സ്ഥലം വരെ എന്‍എസ്ജി ഒഴികെയുള്ള മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും ഗുജറാത്ത് പോലീസ് വനിതാ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക