ലോക വനിതാദിനമായ ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടന്ന യോഗം ഫിലിംമേക്കര്‍ പ്രൊമിത വോറ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ഖജനാവിലെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ പൊടിപൊടിച്ച് വനിതാദിനാഘോഷം നടത്തിയപ്പോള്‍ ജോലിചെയ്തിട്ട് അന്നത്തിനുള്ള കൂലികിട്ടാതെ സെക്രട്ടേറിയറ്റിനു മുന്നില്‍ കഞ്ഞികുടിച്ച് ആശാപ്രവര്‍ത്തകരുടെ സമരം. സര്‍ക്കാര്‍ പരിപാടിക്ക് ഔദ്യോഗിക സംവിധാനങ്ങളിലൂടെ ആളെ എത്തിച്ചപ്പോള്‍ ആശാപ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണ അറിയിച്ച് സ്വമേധയാ എത്തിയത് ആയിരങ്ങള്‍. വനിതാ ദിനമായ ഇന്നലെ ആശാപ്രവര്‍ത്തകര്‍ സമരത്തോടനുബന്ധിച്ച് നടത്തിയ വനിതാസംഗമത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സ്ത്രീകളും സാധാരണ ജനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയിരുന്നു.
സംവിധായികയും എഴുത്തുകാരിയുമായ പരോമിത വോറ മഹാസംഗമം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ ജെ. ദേവിക, റോസ്‌മേരി, സാമ്പത്തിക വിദഗ്‌ദ്ധ ഡോ. മേരി ജോര്‍ജ്, പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി, ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രതിനിധി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന തമിഴ്‌നാട് സംസ്ഥാന നേതാവ് ഹില്‍ഡ മേരി തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ വൈറ്റ് റോസ് ആശമാരുടെ ജീവിതം പ്രമേയമാക്കിയ നൃത്തശില്പം അവതരിപ്പിച്ചു. ആശാപ്രവര്‍ത്തകര്‍ നാടന്‍ പാട്ടുപാടിയും തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടെ മുദ്രാവാക്യങ്ങള്‍ വിളിച്ചും സമരം തുടര്‍ന്നു. ഇന്ന് സമരം 28ാം ദിനത്തിലേയ്‌ക്ക് കടക്കുകയാണ്. സംവിധായകന്‍ ജിയോ ബേബി, കനി കുസൃതി, ദിവ്യപ്രഭ, റീമാ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ആശമാര്‍ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക