ന്യൂദല്‍ഹി: വനിതാദിനത്തില്‍ രാജ്യതലസ്ഥാനത്തെ സ്ത്രീകള്‍ക്ക് സമ്മാനവുമായി ബിജെപി. പ്രതിമാസം 2,500 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് രേഖാഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തുടക്കമിട്ടു. പദ്ധതിക്കായി പ്രതിവര്‍ഷം 5,100 കോടി രൂപ ദല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. മഹിളാ സമൃദ്ധി യോജന എന്ന പേരിട്ട പദ്ധതി കേന്ദ്രആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി നദ്ദ ഉദ്ധാടനം ചെയ്തു.
അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ജെ.പി നദ്ദ പദ്ധതി ആരംഭിച്ചതായി പ്രഖ്യാപിച്ചത്. രേഖാഗുപ്തയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും അയ്യായിരത്തിലധികം കോടി രൂപ ചിലവു വരുന്ന പദ്ധതി സ്ത്രീകള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും നദ്ദ പറഞ്ഞു. ദല്‍ഹിയില്‍ ബിജെപിയുടെ സര്‍ക്കാരിനെ തെരഞ്ഞെടുത്ത സ്ത്രീകളെ അഭിനന്ദിക്കുന്നതായും നദ്ദ കൂട്ടിച്ചേര്‍ത്തു.
പദ്ധതിയിലേക്ക് സ്ത്രീകളെ ചേര്‍ത്തു തുടങ്ങിയതായും പോര്‍ട്ടലില്‍ അപേക്ഷ നല്‍കി ദല്‍ഹിയിലെ വനിതകള്‍ക്ക് പദ്ധതിയുടെ ഭാഗമാകാമെന്നും ബിജെപി ദല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: