കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പുതുവഴി തേടുന്ന തരത്തില്‍ നയരേഖ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് പല തട്ടുകളാക്കി ഫീസ് ചുമത്തണമെന്ന നിര്‍ദേശമാണ് നയരേഖയിലുള്ളത്.
ഏറെക്കാലമായി വര്‍ധന വരുത്താത്ത മേഖലകളില്‍ ഫീസോ നികുതിയോ വര്‍ധിപ്പിക്കണമെന്നും നയരേഖ ശിപാര്‍ശ ചെയ്യുന്നു. കടുത്ത വിമര്‍ശനമുയര്‍ന്നതോടെ പാര്‍ട്ടി സെക്രട്ടറി ഇതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും കേന്ദ്രം ഒന്നും തരുന്നില്ലെന്നും ആവര്‍ത്തിച്ച ഗോവിന്ദന് പണം വളരെ അത്യാവശ്യമാണെന്നും ഇതിലൂടെ ധാരാളം പണം സര്‍ക്കാരിന് കണ്ടെത്താനാകുമെന്നുമാണ് പറഞ്ഞത്. പണമുള്ളവനെയും പാവപ്പെട്ടവനെയും രേഖയുടെ അടിസ്ഥാനത്തില്‍ വെവ്വേറെ കണ്ട് മാത്രമെ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കൂവെന്നും ചൂണ്ടിക്കാട്ടി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്കു വിട്ടുനല്‍കാനും പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതികള്‍ നടപ്പാക്കാനും നിര്‍ദേശിക്കുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട്’ എന്ന രേഖയുടെ തുടര്‍ച്ചയായി മുഖ്യമന്ത്രി അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന 41 പേജുള്ള റിപ്പോര്‍ട്ടിലാണു സെസ് ചുമത്തുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന നിര്‍ദേശങ്ങള്‍. തുടര്‍ഭരണം കിട്ടിയതോടെ പാര്‍ട്ടി നേതാക്കളില്‍ പണമുണ്ടാക്കാനുള്ള ആര്‍ത്തിയാണെന്നും ഈ രീതിയിലാണു മുന്നോട്ടു പോകുന്നതെങ്കില്‍ ശുഭകരമല്ല കാര്യങ്ങളെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സഖാക്കള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നു. കണക്കില്‍പെടാത്ത പണം ഉപയോഗിച്ചു കൂട്ടുകച്ചവടം നടത്തുന്നു. പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ പലയിടത്തുമുണ്ട്. നേതാക്കള്‍ ഉള്‍പ്പെടെ അടിമുടി തിരുത്തലിന് വിധേയമാകണമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അവതരിപ്പിച്ച അഞ്ചു ഭാഗങ്ങളുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: