മാനന്തവാടി: വയനാട്ടിൽ ലഹരി മരുന്ന് പരിശോധനയ്‌ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് ലഹരിക്കടത്ത് കേസിലെ പ്രതി പിടിയിൽ. അഞ്ചാം മൈല്‍ സ്വദേശി ഹൈദറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർ ജെയ് മോനെയാണ് ഇടിച്ചു തെറിപ്പിച്ചത്. തലയ്‌ക്കും താടിയെല്ലിനും പരുക്കേറ്റ ഉദ‍്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അന്തർ സംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്ന് കടത്തുന്നുവെന്ന രഹസ‍്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. വയനാട്ടിലെ കര്‍ണാടക-കേരള അതിര്‍ത്തിയായ ബാവലിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. എക്‌സൈസ് ഉദ്യോഗസ്ഥന്‍ വാഹനത്തിന് നേരെ കൈകാണിച്ചെങ്കിലും വാഹനം വേഗത്തില്‍ ഓടിച്ചുവന്ന് ഉദ്യോഗസ്ഥനെ ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തു.
അപകടമുണ്ടായതിനെ പിന്നാലെ ജെയ്‌മോനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുമ്പും ലഹരി കടത്ത് കേസില്‍ ഉള്‍പ്പെടെ പ്രതിയായിട്ടുള്ള ആളാണ് ഹൈദര്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: