ന്യൂദൽഹി : വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പങ്ക് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ സൂറത്ത് ഭക്ഷ്യസുരക്ഷാ സാച്ചുറേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്ത ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പോഷകാഹാരക്കുറവ്, വിളർച്ച തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും മതിയായ പോഷകാഹാരം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യ-പോഷകാഹാര സുരക്ഷാ ദൗത്യത്തിലെ ശ്രദ്ധേയമായ ഒരു ചുവടുവയ്‌പ്പാണ് സൂറത്ത് ഭക്ഷ്യ സുരക്ഷാ സാച്ചുറേഷൻ കാമ്പെയ്‌നെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല കാര്യങ്ങളിലും ഗുജറാത്തിനെപ്പോലെ തന്നെ രാജ്യത്തെയും ഒരു മുൻനിര നഗരമാണ് സൂററ്റെന്ന് അദ്ദേഹം പറഞ്ഞു.
ദരിദ്രർക്കും നിരാലംബരായവർക്കും ഭക്ഷണ-പോഷകാഹാര സുരക്ഷ നൽകുന്നതിൽ ഇന്ന് സൂറത്ത് മുന്നേറുകയാണ്. സൂറത്തിൽ നടത്തുന്ന ഈ സാച്ചുറേഷൻ കാമ്പയിൻ ഗുജറാത്തിലെ മറ്റ് ജില്ലകൾക്കും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങൾക്കും ഒരു പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.സർക്കാർ തന്നെ ഗുണഭോക്താവിന്റെ വാതിൽക്കൽ പോകുമ്പോൾ ആരെയും ഒഴിവാക്കാനാകില്ല. എല്ലാവർക്കും പ്രയോജനം ലഭിക്കണം എന്ന ചിന്ത ഉണ്ടാകുമ്പോൾ, തട്ടിപ്പുകാർ ഓടിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജ്യത്തെ സ്ത്രീശക്തിയോട് അവരുടെ വിജയങ്ങൾ, നേട്ടങ്ങൾ, ജീവിതത്തിലെ പ്രചോദനാത്മകമായ യാത്ര എന്നിവ നമോ ആപ്പിലൂടെ പങ്കിടാൻ ഞാൻ ആഹ്വാനം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. നമോ ആപ്പിൽ നിരവധി സഹോദരിമാരും പെൺമക്കളും അവരുടെ കഥകൾ പങ്കുവെച്ചിട്ടുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ച് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് അത്തരം പ്രചോദനാത്മകമായ ചില സഹോദരിമാർക്കും പെൺമക്കൾക്കും കൈമാറാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നമ്മുടെ സർക്കാർ എപ്പോഴും ദരിദ്രരെ കാത്തു സംരക്ഷിക്കുന്നു. കോവിഡ് കാലത്ത് ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ളപ്പോൾ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലുതും അതുല്യവുമായ പദ്ധതിയാണിത്. ഇന്നുവരെ ഇത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മുൻ ഗവൺമെന്റുകളുടെ ദാരിദ്ര്യ നിർമാർജന മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ട് മുൻകാല ദാരിദ്ര്യം ഒരിക്കലും നിർമാർജനം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ രാജ്യത്തുടനീളമുള്ള ദരിദ്രരെ ശാക്തീകരിക്കുന്നതിനായി തങ്ങൾ ദൗത്യരൂപത്തിൽ പ്രവർത്തിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദരിദ്രന് ചുറ്റും ഒരു സംരക്ഷണ കവചം തന്നെ സൃഷ്ടിച്ചു, അങ്ങനെ അയാൾക്ക് ആരുടെയും മുമ്പിൽ യാചിക്കേണ്ടിവന്നില്ല. ഒരു ഉറപ്പുള്ള വീട്, കക്കൂസ്, ഗ്യാസ് കണക്ഷൻ, ടാപ്പ് കണക്ഷൻ എന്നിവ ദരിദ്രർക്ക് പുതിയ ആത്മവിശ്വാസം നൽകി. ദരിദ്ര കുടുംബങ്ങൾക്ക് ഇൻഷുറൻസ് സുരക്ഷാ പരിരക്ഷ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ആദ്യമായി ഏകദേശം 60 കോടി ഇന്ത്യക്കാർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കി. ഇതിനുപുറമെ, ദരിദ്രർക്കും താഴ്ന്ന മധ്യവർഗത്തിനും ഇൻഷുറൻസ് പരിരക്ഷയും നമ്മുടെ സർക്കാർ നൽകി. ഇന്ന് രാജ്യത്തെ 36 കോടിയിലധികം ആളുകൾ സർക്കാർ ഇൻഷുറൻസ് പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുവരെ 16,000 കോടിയിലധികം രൂപ ഈ കുടുംബങ്ങൾക്ക് ക്ലെയിം തുകയുടെ രൂപത്തിൽ നൽകിയിട്ടുണ്ട്.
ഒരു രാജ്യം ഒരു റേഷൻ കാർഡിനെക്കുറിച്ച് പരാമർശിക്കവേ മുമ്പ് ഒരു സ്ഥലത്തെ റേഷൻ കാർഡ് മറ്റൊരു സ്ഥലത്ത് സാധുവായിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങൾ ഈ പ്രശ്നം പരിഹരിച്ചു. ഞങ്ങൾ ഒരു രാജ്യം ഒരു റേഷൻ കാർഡ് നടപ്പിലാക്കി. ഇപ്പോൾ, റേഷൻ കാർഡ് എവിടെ നിന്നായാലും, രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗുണഭോക്താവിന് അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. മുമ്പ് 5 കോടിയിലധികം വ്യാജ റേഷൻ കാർഡ് ഉടമകൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സർക്കാർ അവരെ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തു. റേഷൻ സംവിധാനത്തെ ആധാർ കാർഡുകളുമായി ബന്ധിപ്പിച്ച് ‘ഒരു രാഷ്‌ട്രം, ഒരു റേഷൻ കാർഡ്’ പദ്ധതി നടപ്പിലാക്കി. ഏത് സംസ്ഥാനത്ത് താമസിക്കുന്നവരായാലും എല്ലാവർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: