കൊച്ചി ; കൊച്ചി കേന്ദ്രീകരിച്ച് കോടികളുടെ രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ . മലപ്പുറം സ്വദേശി ആഷിക്കിനെയാണ് മട്ടാഞ്ചേരി പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത്.
രാജ്യാന്തര ബന്ധങ്ങളുള്ള ലഹരിമാഫിയ സംഘത്തിലെ മുഖ്യസൂത്രധാരനാണ് ആഷിക്. നേരത്തെ കേസിൽ 7 പേർ പിടിയിലായിരുന്നു. അരക്കിലോയോളം എംഡിഎംഎയുമായി ഏഴുപേർ പിടിയിലായ കേസിലാണ് മുഖ്യപ്രതി മലപ്പുറം നെടിയിരിപ്പ് സ്വദേശി ആഷിഖ് പി. , വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്‌ന, മട്ടാഞ്ചേരി സ്വദേശി ഇസ്മായിൽ സേഠ് എന്നിവരും ഒടുവിൽ പിടിയിലായത്.
ഒമാനിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ആഷിഖാണ് ലഹരി ഇടപാട് നിയന്ത്രിച്ചിരുന്നത് എന്ന് ഡപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലിക്കായി ഒമാനിൽ എത്തിയ മാഗി പിന്നീട് സംഘത്തിനൊപ്പം ചേർന്ന് വിമാനമാർഗം ലഹരിക്കടത്തിന് തയ്യാറാവുകയുമായിരുന്നു. ഒരു ലക്ഷം രൂപയാണ് കടത്തിന് ലഭിച്ചിരുന്നത്. സംഘത്തിനൊപ്പമുള്ള ആദ്യ ലഹരിക്കടത്തിൽ തന്നെ മാഗി അറസ്റ്റിലാവുകയായിരുന്നു. ഇസ്മായിൽ സേഠാണ് സംഘത്തിന്റെ കൊച്ചിയിലെ ലഹരി ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.
ലഗേജിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്നുകൾ കടത്തിയിരുന്നത് എന്ന് പൊലീസ് പറയുന്നു. നേരത്തെ അറസ്റ്റിലായ 7 പേർ ഉൾപ്പെടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ പത്തായി. ജനുവരി അവസാനം മട്ടാഞ്ചേരി സ്റ്റേഷൻ പരിധിയിലെ 2 സ്ഥലങ്ങളിലും ഫോർട്ടുകൊച്ചി, പള്ളുരുത്തി സ്റ്റേഷനുകളുടെ പരിധിയിലുള്ള ഓരോ സ്ഥലങ്ങളിൽ നിന്നുമായി മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാൻസാഫും നടത്തിയ പരിശോധനകളില്‍ 7 പ്രതികളെ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: