ന്യൂദല്‍ഹി: അച്ചടക്കലംഘനം തുടര്‍ന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന് അടക്കമുള്ള നേതാക്കളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി എഐസിസി. ഇത് സംബന്ധിച്ച സൂചന നല്‍കാനാണ് കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന് മുല്ലപ്പള്ളിയെ സന്ദര്‍ശിച്ചത്. അച്ചടക്കലംഘനം ഇനിയും വച്ചുപൊറുപ്പിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ അന്ത്യമായിരിക്കുമെന്ന് സുധാകരന് മുല്ലപ്പള്ളിയെ ബോധ്യപ്പെടുത്തിയെന്നാണ് അറിയുന്നത്. ശശി തരൂരും കെ.മുരളീധരനും അടക്കമുള്ള നേതാക്കള്‍ക്കും ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പരിതാപകരമായ രാഷ്ട്രീയ സാഹചര്യം ഇനിയും ബോധ്യപ്പെടാത്ത നേതാക്കള്‍ക്ക് പുറത്തേക്കാണ് വഴി എന്ന് പാര്‍ട്ടി വ്യക്തമാക്കുന്നു. പറഞ്ഞാല്‍ മനസിലാവാത്തവര്‍ക്ക് താക്കീത് നല്‍കാനും അതും ഫലംകണ്ടില്ലെങ്കില്‍ പുറത്താക്കാനുമാണ് തീരുമാനം. ഡല്‍ഹിയില്‍ കേരളത്തിലെ പ്രമുഖ നേതാക്കളുമായുളള കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യം വ്യക്തമാക്കി. സംസ്ഥാനത്തെ കുഴപ്പക്കാരായ നേതാക്കളുടെ പട്ടിക നല്കാന് ഖാര്‍ഗെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിലെ അപശബ്ദങ്ങള്‍ നിലയ്ക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നില്ല. കുഴപ്പങ്ങള്‍ക്ക് നേതൃത്വം നല്കുന്നതില് മുതിര്‍ന്ന നേതാക്കള്‍തന്നെയാണ് മുന്നില്‍. ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിന്നാല്‍ പാര്‍ട്ടി തന്നെ ഉണ്ടാകില്ലെന്നതാണ് സ്ഥിതി. മാത്രമല്ല, ഇതിനുമുമ്പും പലവട്ടം പാര്‍ട്ടി കര്‍ക്കശ താക്കീതുകള്‍ നല്‍കിയതാണെന്ന യാഥാര്‍ത്ഥ്യവും നിലനില്ക്കുന്നു. ഇത്തരം താക്കീതുകള്‍ക്ക് വഴങ്ങുന്ന മാനസികാവസ്ഥയല്ല, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. വിവാദമുയര്ത്തിയില്ലെങ്കില് പാര്‍ട്ടിയില്‍ സജീവമാകില്ലെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷവും. പാര്‍ട്ടി പുനസംഘടന ഉണ്ടാകും എന്ന് സൂചന വന്നതോടെ തങ്ങളുടെ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചില നേതാക്കള്‍ വിവാദ പ്രസ്താവനകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: