ന്യൂദല്‍ഹി: യുഎസുമായി ശത്രുത വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്തിനും തയ്യാറെടുത്തു നില്ക്കുന്ന ചൈന കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇന്ത്യയുടേതിനേക്കാള്‍ മൂന്നിരട്ടിലധികം തുകയാണ് നീക്കിവെച്ചിരിക്കുന്നത്. ഇന്ത്യ 2025-26 വര്‍ഷത്തില്‍ 7880 കോടി ഡോളറാണ് ചെലവഴിക്കുന്നതെങ്കില്‍, ചൈന 24500 കോടി ഡോളര്‍ ആണ് ചെലവഴിക്കുന്നത്.
പ്രതിരോധരംഗത്തെ ഇന്ത്യയുടെ വളര്‍ച്ച ചൈനയെ ഭയപ്പെടുത്തുന്നുണ്ട് എന്ന് പ്രതിരോധവിദഗ്ധര്‍ പറയുന്നു. ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഇന്ത്യ പ്രതിരോധരംഗത്തേക്കാവശ്യമായ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതും കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് സാങ്കേതികവിദ്യമെച്ചപ്പെടുത്തുന്നതും ചൈനയെ നല്ലതുപോലെ ഭയപ്പെടുത്തുന്നു എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ചൈന മുന്‍വര്‍ഷത്തേതിനേക്കാള്‍ 7.2 ശതമാനം അധികം തുകയാണ് ഈ വര്‍ഷം ആയുധങ്ങള്‍ വാങ്ങാനും ആയുധഉല്‍പാദനം കൂട്ടാനും ചെലവഴിക്കുന്നത്. കര, വായു, നാവിക സേനകളെ കൂടുതല്‍ സുശക്തമാക്കുന്നതിനും അപ്പുറം ആണവ, ബഹിരാകാശ, സൈബര്‍ രംഗത്തും സേനയെ സുശക്തമാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
ഇന്തോ-പസഫിക് മേഖലയിലെ സംഘര്‍ഷം, ഇന്ത്യ ഉള്‍പ്പെടെയുള്ള അതിര്‍ത്തിരാജ്യങ്ങളുമായുള്ള വഴക്ക്, അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുമായി വര്‍ധിച്ചുവരുന്ന സംഘര്‍ഷം, തായ് വാനുമായുള്ള സംഘര്‍ഷങ്ങള്‍ -ഇതെല്ലാം ചൈനയെ കൂടുതല്‍ അരക്ഷിതമാക്കുന്നതിനാലാണ് കൂടുതല്‍ തുക ഈ വര്‍ഷം നീക്കിവെച്ചിരിക്കുന്നത്.
വാസ്തവത്തില്‍ പുറത്ത് പ്രഖ്യാപിക്കുന്നതിനേക്കാള്‍ 40 മുതല്‍ 50 ശതമാനം വരെ അധിക തുക ചൈന പ്രതിരോധ മേഖലയ്ക്കായി നീക്കിവെയ്ക്കാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങിനെയെങ്കില്‍ ഇന്ത്യയും കൂടുതല്‍ തുക പ്രതിരോധത്തിന് നീക്കിവെയ്ക്കേണ്ടിവരുമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
20 ലക്ഷം പേര് അടങ്ങുന്നതാണ് ചൈനയുടെ പ്രതിരോധസേനയായ പിപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അംഗബലം. ഇന്ത്യയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയായ 3448 കിലോമീറ്റര്‍ ദൂരമത്രയും ചൈന കൂടുതല്‍ തലവേദന സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. തായ് വാനില്‍ യുഎസ് ഉള്‍പ്പെടെയുള്ള മൂന്നാം ശക്തി ഇടപെടുന്നത് ചൈനയ്ക്ക് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. തെക്ക് കിഴക്കന്‍ ചൈനാസമുദ്രത്തിനടുത്തുള്ള മലേഷ്യ, തായ് വാന്‍, ഫിലിപ്പൈന്‍സ്, ബ്രൂണൈ, വിയറ്റ് നാം എന്നീ രാജ്യങ്ങളുമായെല്ലാം ചൈന ശത്രുതയിലാണ്. ഇതെല്ലാം പ്രതിരോധരംഗത്ത് തയ്യാറെടുപ്പുകള്‍ വര്‍ധിപ്പിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നു.
എന്തായാലും യുഎസുമായി ഇപ്പോള്‍ നിലനില്‍ക്കുന്ന ചുങ്കപ്പോരും വ്യാപാരയുദ്ധവും ഏത് നിമിഷവും മറ്റ് രീകികളിലുള്ള സംഘര്‍ഷങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ചൈന കണക്കുകൂട്ടുന്നു. എന്തായാലും ചൈനയുടെ സാമ്പത്തിക വളര്‍ച്ച തടയാന്‍ തയ്യാറെടുക്കുകയാണ് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും.
കിഴക്കന്‍ ലഡാക്കിലെ ഡെംചോക്, ഡെസ്പാങ്ങ് എന്നീ പ്രദേശങ്ങളില്‍ നിന്നല്ലാതെ ചൈന ഇതുവരെയും ഇന്ത്യയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്നും കൂടുതല്‍ പട്ടാളക്കാരെ പിന്‍വലിച്ചിട്ടില്ലെന്നത് ഇന്ത്യയ്ക്ക് ഇപ്പോഴും ഭീഷണി തന്നെയാണ്.
പ്രതിരോധരംഗത്ത് വന്‍മുന്നേറ്റമായി മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത്
സ്വന്തം കാലില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ നിലകൊള്ളുക എന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ആത്മനിര്‍ഭര്‍ ഭാരത് പ്രതിരോധമേഖലയിലേക്കും ഇന്ത്യ അതിശക്തമായി വ്യാപിപ്പിക്കുകയാണ്. ഇതോടെ ഇന്ത്യ ആയുധനിര്‍മ്മാണ രംഗത്തും ആയുധനിര്‍മ്മാണ സാങ്കേതികവിദ്യയിലും മുന്നേറുകയാണ്. ഇതോടെ ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഫിലിപ്പൈന്‍സ്, വിയറ്റ്നാം, അര്‍മേനിയ പോലുള്ള രാജ്യങ്ങള്‍ മാത്രമല്ല, അമേരിക്കയും ഫ്രാന്‍സും പോലുള്ള ഒന്നാം ലോകരാഷ്ട്രങ്ങളും രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധമിസൈലായ ആകാശ് മിസൈലിനും പിനാക പോലുള്ള മള്‍ട്ടി ലോഞ്ച് റോക്കറ്റ് സംവിധാനത്തിനും ഏറെ ഡിമാന്റാണ്. പ്രതിരോധമേഖലയ്ക്ക് ആവശ്യമായ ഡ്രോണ്‍ നിര്‍മ്മാണത്തിലും ഇന്ത്യ അതിവേഗം മുന്നേറുന്നു. ആയുധക്കയറ്റുമതി ഭാവിയില്‍ ഇന്ത്യയ്ക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന രംഗമായിക്കൂടി മാറാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: