ന്യൂദല്‍ഹി: ഹിന്ദിക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മറുപടിയുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ആദ്യം തമിഴ്‌നാട്ടിലെ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ തമിഴിലേക്ക് മാറ്റൂ എന്ന് അമിത് ഷാ സ്റ്റാലിനെ ഉപദേശിച്ചു. തമിഴ് ഭാഷയുടെ വികസനത്തിന് യാതൊന്നും ചെയ്യാത്ത ആളാണ് സ്റ്റാലിനെന്നും ഷാ പറഞ്ഞു. കേന്ദ്രസര്‍വ്വീസുകളിലേക്ക് തമിഴ് ഭാഷയിലടക്കം റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ആരംഭിച്ചത് നരേന്ദ്രമോദിയാണെന്നും അമിത് ഷാ സ്റ്റാലിനെ ഓര്‍മ്മിപ്പിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന പ്രചാരണം തുടരുന്ന സ്റ്റാലിനെ പ്രതിരോധത്തിലാക്കുന്നതാണ് കേന്ദ്രആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.
കേന്ദ്രസായുധ സേനകളിലേക്ക് തമിഴ് അടക്കം 13 പ്രാദേശിക ഭാഷകളില്‍ എഴുതാനുള്ള അനുമതി 2023ല്‍ നരേന്ദ്രമോദി സര്‍ക്കാരാണ് നല്‍കിയതെന്ന് ഷാ ഓര്‍മ്മിപ്പിച്ചു. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ തക്കോലത്ത് സിഐഎസ്എഫ് ദിനാചരണത്തില്‍ പങ്കെടുത്തു സംസാരിക്കവേ, തമിഴ് സംസ്‌ക്കാരമാണ് ഭാരതത്തിന്റെ സാംസ്‌ക്കാരത്തെയാകെ ശക്തിപ്പെടുത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന സ്റ്റാലിന്റെ പ്രസ്താവനയ്‌ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും മറുപടി നല്‍കി. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രസ്താവനകളാണ് സ്റ്റാലിന്‍ നടത്തുന്നതെന്നും മാതൃഭാഷയില്‍ പഠനം നടത്തണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളതെന്നും പ്രധാന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മാതൃഭാഷ തമിഴ് ആയതിനാല്‍ തമിഴിലായിരിക്കും പഠനം. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ ചിലര്‍ രാഷ്‌ട്രീയ നേട്ടത്തിനായി പ്രതികരിക്കുകയാണ്,പ്രധാന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: