ഡെറാഡൂൺ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഉത്തരാഖണ്ഡിലെത്തി. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് പ്രശസ്തമായ മുഖ്‌വയിലെ ഗംഗാദേവിയുടെ ക്ഷേത്രത്തിൽ രാവിലെ 9:30 ന് പ്രധാനമന്ത്രി പൂജയും ദർശനവും നടത്തി.
തുടർന്ന് 10:40 ഓടെ പ്രദേശത്തെ ട്രെക്ക്, ബൈക്ക് റാലികൾ ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ ഹർസിലിൽ ഒരു പൊതുപരിപാടിയിൽ ജനക്കൂട്ടത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ ആദരവോടെയാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വരവേറ്റത്. തന്റെ എക്സ് അക്കൗണ്ടിൽ അദ്ദേഹം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുകയും ചെയ്തു.
“മതത്തിന്റെയും ആത്മീയതയുടെയും ത്യാഗത്തിന്റെയും പുണ്യഭൂമിയായ ദേവഭൂമി ഉത്തരാഖണ്ഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഹൃദയം നിറഞ്ഞ സ്വാഗതവും ആശംസകളും. മുഖ്വ-ഹർഷിൽ (ഉത്തർകാശി) യുടെ ആത്മീയവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ ഭൂമിയിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.”- അദ്ദേഹം എക്സിൽ കുറിച്ചു.
അതേ സമയം ആത്മീയ പ്രാധാന്യത്തിനും പ്രകൃതി സൗന്ദര്യത്തിനും ലോകമെമ്പാടും പ്രസിദ്ധമായ മുഖ്‌വ ക്ഷേത്രം സന്ദർശിക്കുന്നതിൽ പ്രധാനമന്ത്രി തന്റെ ആവേശം പ്രകടിപ്പിച്ചിരുന്നു. തന്റെ ഔദോഗിക എക്സ് അക്കൗണ്ടിലാണ് അദ്ദേഹം ഉത്തരാഖണ്ഡ് സന്ദർശനത്തെപ്പറ്റി കുറിച്ചത്.
“മുഖ്‌വയിലെ ശുദ്ധവും നിർമ്മലവുമായ ഗംഗാ മാതാവിന്റെ ശൈത്യകാല വസതി സന്ദർശിക്കാൻ ഞാൻ വളരെ ആവേശത്തിലാണ്. ഈ പുണ്യസ്ഥലം അതിന്റെ ആത്മീയ പ്രാധാന്യത്തിനും അതിശയകരമായ സൗന്ദര്യത്തിനും ലോകമെമ്പാടും പ്രശസ്തമാണ്. ഇത് മാത്രമല്ല, ‘പൈതൃകത്തോടൊപ്പം വികസനവും’ എന്ന നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഒരു അതുല്യ ഉദാഹരണമാണിത്,” – അദ്ദേഹം പറഞ്ഞു.
അതേ സമയം പ്രധാനമന്ത്രിയുടെ സന്ദർശനം സംസ്ഥാനത്തെ ശൈത്യകാല ടൂറിസം പരിപാടിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ധാമി നേരത്തെ പറഞ്ഞിരുന്നു. ഈ വർഷം ഉത്തരാഖണ്ഡ് സർക്കാർ ഒരു ശൈത്യകാല ടൂറിസം പരിപാടി ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തർ ഇതിനകം ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലെ ശൈത്യകാലത്തെ പ്രശസ്തമായ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു.
മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥ, ഹോംസ്റ്റേകൾ, ടൂറിസം, ബിസിനസുകൾ എന്നിവ ഉത്തേജിപ്പിക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: