ബെംഗളൂരു: പന്ത്രണ്ടു കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് അറസ്റ്റിലായ കന്നട നടി രണ്യയെ കുടുക്കിയത് വിദേശയാത്രകള്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് രണ്യ നിരന്തരം യാത്ര നടത്തിയതാണ് രണ്യയെ സംശയത്തിന്റെ നിഴലിലാക്കിയത്. ജനുവരിക്കുള്ളില്‍ പത്ത് തവണയോളം രണ്യ ഗള്‍ഫിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ 15 ദിവസത്തിനിടെ നാല് തവണയാണ് ദുബായ്യില് പോയി വന്നത്. തിങ്കളാഴ്ച തിരിച്ചെത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ വിമാനത്താവളത്തിലെത്തി പിടികൂടുകയായിരുന്നു.
14.2കിലോഗ്രാം സ്വര്‍ണമാണ് ബെല്‍റ്റില്‍ തിരുകി വെച്ച നിലയില്‍ കണ്ടെത്തിയത്. അതിനുമുകളിലൂടെ ജാക്കറ്റും ധരിച്ചു. ബാക്കി സ്വര്‍ണം ആഭരണങ്ങളായും അണിഞ്ഞു. ഇതിന് മുമ്പ് രണ്യ നടത്തിയ വിദേശ യാത്രകളിലെല്ലാം സമാനമായ രീതിയിലാണ് വസ്ത്രം ധരിച്ചത്.
താന്‍ കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിങ് കോര്പ്പറേഷന് ഡിജിപി രാമചന്ദ്ര റാവു ഐപിഎസിന്റെ മകളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നത്. കൂടാതെ രണ്ടാനച്ഛന്റെ പേരുപയോഗിച്ച് വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക പോലീസിനെ വിളിച്ച് എസ്കോര്‍ട്ടും ഉറപ്പാക്കിയിരുന്നു.
രണ്യയുടെ പക്കല്‍ നിന്ന് കോടികളുടെ സ്വര്‍ണം പിടിച്ചതിനു പിന്നാലെയാണ് ബെംഗളൂരു ലാവെല്ല റോഡിലുള്ള ഫഌറ്റിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തിയത്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘവുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിക്കുന്നുണ്ട്. മുന്‍ യാത്രകളിലും ഇവര്‍ സ്വര്‍ണം കടത്തിയിരുന്നോയെന്നും അന്വേഷിക്കും. അതേസമയം സ്വര്‍ണക്കടത്ത് സംഘം തന്നെ ഭീഷണിപ്പെടുത്തി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഇവര്‍ അന്വേഷണ സംഘം മുമ്പാകെ വെളിപ്പെടുത്തിയത്. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കും. നടി ഒറ്റയ്ക്കാണോ അതോ ദുബായ്ക്കും ഭാരതത്തിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സ്വര്‍ണ്ണക്കടത്ത് സംഘം ഇതിന് പിന്നിലുണ്ടോ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
കര്‍ണാടക ചിക്മംഗളൂര് സ്വദേശിനിയായ രണ്യ എന്‍ജിനീയറിങ് പഠനത്തിന് ശേഷമാണ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. കന്നഡ സൂപ്പര്‍സ്റ്റാര്‍ സുദീപ് നായകനായ മാണിക്യ യാണ് (2014) ആദ്യ ചിത്രം. തുടര്‍ന്ന് വിക്രം പ്രഭുവിന്റെ നായികയായി വാഗ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പാതകിയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
ആര്‍കിടെക്ട് ജതിന് ഹുക്കേരിയാണ് ഭര്‍ത്താവ്. വാര്‍ത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നും കുറ്റക്കാരിയെങ്കില്‍ നിയമം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നും ജതിന് പ്രതികരിച്ചു.
രണ്യയുടെ രണ്ടാനച്ഛനും മുമ്പ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. 2014ല്‍ രാമചന്ദ്ര റാവു സതേണ്‍ റേഞ്ച് ഐജിപി ആയിരുന്നപ്പോള്‍, കേരളത്തില്‍ നിന്നുള്ള ജുവല്ലറി ഉടമയാണ് പരാതി നല്‍കിയത്. പോലിസ് ജുവല്ലറി ഉടമയുടെ പക്കല്‍ നിന്നും രണ്ടു കോടി രൂപ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് ഔദ്യോഗിക രേഖകളില്‍ 20 ലക്ഷമാക്കി ചുരുങ്ങി. തുടര്‍ന്ന് പണത്തിനായി ജുവല്ലറി ഉടമ പരാതി നല്‍കിയതോടെ സിഐഡി വിഷയത്തില്‍ അന്വേഷണം നടത്തി. റാവുവിന്റെ ഗണ്‍മാനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: