മുംബൈ : സമാജ്‌വാദി പാർട്ടിയുടെ മഹാരാഷ്‌ട്ര എംഎൽഎ അബു ആസ്മിയെ ബജറ്റ് സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനെ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ പിന്തുണച്ചു. അബു അസ്മിയുടെ സസ്‌പെൻഷൻ സ്ഥിരമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
“ അബു അസ്മിയെ സ്ഥിരമായി സസ്‌പെൻഡ് ചെയ്യണം. ബജറ്റ് സമ്മേളനത്തിന് വേണ്ടി മാത്രമല്ല, സസ്‌പെൻഷൻ സ്ഥിരമായിരിക്കണം,”- താക്കറെ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനു പുറമെ അബു ആസ്മിയുടെ സസ്‌പെൻഷനെക്കുറിച്ച് പ്രസ്താവന നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ എക്സിലെ പോസ്റ്റിനോടും ശിവസേന (യുബിടി) മേധാവി പ്രതികരിച്ചു. “അദ്ദേഹത്തിന് വേണമെങ്കിൽ എതിർക്കാം. മുഴുവൻ മഹാരാഷ്‌ട്രയും അബു അസ്മിക്കെതിരെ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ, അബുവിനെ യുപിയിൽ നിന്ന് മത്സരിപ്പിക്കണം. അദ്ദേഹത്തിന് സത്യം അറിയില്ല.”- ഉദ്ധവ് താക്കറെ പറഞ്ഞു.
മുഗൾ ചക്രവർത്തി ഔറംഗസേബിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസ്മിയെ ബുധനാഴ്ച നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ മുഴുവൻ സമയത്തേക്കും മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമെ അസ്മിയുടെ പരാമർശങ്ങൾക്കെതിരെ മഹാരാഷ്‌ട്ര നിയമസഭയിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
അസ്മിയുടെ ആക്ഷേപകരമായ പ്രസ്താവന സഭയുടെ അന്തസ്സിനെ വ്രണപ്പെടുത്തിയെന്നും, ഈ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ അംഗത്വം സസ്പെൻഡ് ചെയ്യാനുള്ള നിർദ്ദേശം സ്പീക്കർ പാസാക്കിയെന്നും മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ സഭയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഔറംഗസേബ് ഒരു ക്രൂരനായ ഭരണാധികാരി അല്ലെന്നും നിരവധി ക്ഷേത്രങ്ങൾ പണിതുഎന്നും അസ്മി പറഞ്ഞത്. മുഗൾ ചക്രവർത്തിയും ഛത്രപതി സംഭാജി മഹാരാജും തമ്മിലുള്ള പോരാട്ടം സംസ്ഥാന ഭരണത്തിനുവേണ്ടിയാണെന്നും ഹിന്ദു-മുസ്ലീം വിഷയമല്ലെന്നും അസ്മി ആരോപിച്ചിരുന്നു. ഈ പ്രസ്താവന പിന്നീട് വിവാദമാകുകയും നിരവധി രാഷ്‌ട്രീയ പ്രമുഖർ അദ്ദേഹത്തിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
പിന്നീട് അബു അസ്മി ക്ഷമാപണവുമായി രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും തന്റെ പ്രസ്താവന പിൻവലിക്കാനും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കാനും തയ്യാറാണെന്നും അബു ആസ്മി പറഞ്ഞിരുന്നു.
കൂടാതെ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചോ, സംഭാജി മഹാരാജിനെക്കുറിച്ചോ ഞാൻ ഒരു അപകീർത്തികരമായ പരാമർശവും നടത്തിയിട്ടില്ലെന്നും എന്റെ പ്രസ്താവന ആർക്കെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്റെ വാക്കുകൾ പിൻവലിക്കുന്നുവെന്നും അസ്മി തന്റെ എക്സിലെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: