Main Article

വികസിത ഭാരതം: ഊര്‍ജം പകര്‍ന്ന് സാങ്കേതിക നവോത്ഥാനം

Published by

അശ്വിനി വൈഷ്ണവ്
കേന്ദ്രമന്ത്രി

മഹാരാഷ്‌ട്രയിലെ ബാരാമതിയിലെ ഒരു ചെറുകിട കര്‍ഷകന്‍ നിര്‍മിതബുദ്ധിയുടെ (എഐ) സഹായത്താല്‍ കാര്‍ഷിക നിയമങ്ങള്‍ പൊളിച്ചെഴുതുകയാണ്. ഇവിടെ നാം സാക്ഷ്യംവഹിക്കുന്നത് അസാധാരണമായ ഒന്നിനാണ്. വളത്തിന്റെ ഉപയോഗം കുറയ്‌ക്കല്‍, മികച്ച ജലവിനിയോഗ കാര്യക്ഷമത, ഉയര്‍ന്ന വിളവ് എന്നിവയെല്ലാം പ്രാപ്തമാക്കുന്നതു നിര്‍മിത ബുദ്ധിയാലാണ്.

രാജ്യത്തു നിര്‍മിതബുദ്ധിയാല്‍ ശാക്തീകരിക്കപ്പെട്ട വിപ്ലവത്തിന്റെ നേര്‍ക്കാഴ്ചയിലൊന്നാണിത്. സാങ്കേതികവിദ്യയും നൂതനാശയങ്ങളും പരീക്ഷണശാലകളില്‍ മാത്രമായി പരിമിതപ്പെടുത്താതെ സാധാരണ പൗരന്മാരുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുകയാണിവിടെ. പല തരത്തിലും, ഈ കര്‍ഷകന്റെ കഥ , 2047 ഓടെ വികസിത ഭാരതമാകാനുള്ള നമ്മുടെ കുതിപ്പിന്റെ, സൂക്ഷ്മരൂപമാണ്.

രചിക്കപ്പെടുന്ന ഡിജിറ്റല്‍ ഭാഗധേയം

ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ (ഡിപിഐ), നിര്‍മിതബുദ്ധി, സെമികണ്ടക്ടര്‍, ഇലക്ട്രോണിക്സ് ഉല്‍പ്പാദനം എന്നിവയില്‍ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഭാരതം ഡിജിറ്റല്‍ ഭാവി രൂപപ്പെടുത്തുന്നത്. പതിറ്റാണ്ടുകളായി, സോഫ്റ്റ് വെയറില്‍ ആഗോളതലത്തില്‍ മുന്‍നിരയിലാണ് രാജ്യം, ഹാര്‍ഡ്വെയര്‍ നിര്‍മാണത്തിലും വലിയ മുന്നേറ്റം നടത്തുന്നു.

ആഗോള ഇലക്ട്രോണിക്സ് മേഖലയില്‍കരുത്തേകുന്ന അഞ്ച് സെമികണ്ടക്ടര്‍ നിലയങ്ങളുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇന്ന്, നമ്മുടെ ഏറ്റവും മികച്ച മൂന്നു കയറ്റുമതികളില്‍ ഒന്നാണ് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍. ഈ വര്‍ഷം, ഭാരതത്തിന്റെ ആദ്യത്തെ മേയ്ക് ഇന്‍ ഇന്ത്യ’ ചിപ്പ്പുറത്തിറക്കുന്നതോടെ,നാം സുപ്രധാന നാഴികക്കല്ലിലെത്തും.

നിര്‍മിതബുദ്ധി കെട്ടിപ്പടുക്കല്‍: കമ്പ്യൂട്ട്, ഡേറ്റ, ഇന്നൊവേഷന്‍

സെമികണ്ടക്ടറുകളും ഇലക്ട്രോണിക്സും അവിഭാജ്യഘടകങ്ങളാണെങ്കിലും, ഡിപിഐ ആണ്സാങ്കേതിക വിപ്ലവത്തെ മുന്നോട്ടു നയിക്കുന്ന പ്രേരകശക്തി . ഭാരതം സ്വന്തം നിലയിലുള്ള എ ഐചട്ടക്കൂടിലൂടെ, നിര്‍മിതബുദ്ധിയെ ഏവര്‍ക്കും പ്രാപ്യമാക്കി ജനാധിപത്യവല്‍ക്കരിക്കുന്നു. 18,000-ത്തിലധികം ഗ്രാഫിക്സ് പ്രോസസ്സിങ് യൂണിറ്റുകളുള്ള (ജിപിയു)കോമണ്‍ കമ്പ്യൂട്ട് സംവിധാനമാണ് ഇക്കാര്യത്തിലെ പ്രധാന സംരംഭം. മണിക്കൂറിന് 100 രൂപയില്‍ താഴെ എന്ന നിലയില്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാകുന്ന ഈ സംരംഭം ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാഭ്യാസവിദഗ്ധര്‍, മറ്റു പങ്കാളികള്‍ എന്നിവര്‍ക്ക് അത്യാധുനിക ഗവേഷണം പ്രാപ്യമാക്കുമെന്ന് ഉറപ്പാക്കും. അടിസ്ഥാന മാതൃകകളും ആപ്ലിക്കേഷനുകളും ഉള്‍പ്പെടെ നിര്‍മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ജിപിയു കള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഈ സംരംഭം സഹായിക്കും.

വൈവിധ്യമാര്‍ന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഡേറ്റയില്‍ നിര്‍മിതബുദ്ധി മാതൃകകള്‍ പരിശീലിപ്പിക്കുന്നതിന് ഇന്ത്യ ഗണ്യമായി, വ്യക്തിഗതമല്ലാത്ത അജ്ഞാത ഡേറ്റാസെറ്റുകളും വികസിപ്പിക്കുകയാണ്. ഈ സംരംഭം പക്ഷപാതം കുറയ്‌ക്കാനും കൃത്യത മെച്ചപ്പെടുത്താനും സഹായിക്കും. ഇതു നിര്‍മിതബുദ്ധി സംവിധാനങ്ങളെ കൂടുതല്‍ വിശ്വസനീയവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമാക്കി മാറ്റും. കൃഷി, കാലാവസ്ഥാ പ്രവചനം, ഗതാഗതപരിപാലനം തുടങ്ങിയ വിവിധ മേഖലകളില്‍ നിര്‍മിതബുദ്ധി-അധിഷ്ഠിത പ്രതിവിധികള്‍ക്ക് ഈ ഡേറ്റാസെറ്റുകള്‍ കരുത്തേകും.

ഇന്ത്യയുടെ സ്വന്തം അടിസ്ഥാന മാതൃകകളുടെ വികസനത്തിനുംസൗകര്യമൊരുക്കുന്നു. ലാര്‍ജ് ലാങ്വേജ് മോഡലുകളുംഇന്ത്യന്‍ ആവശ്യങ്ങള്‍ക്കനുസൃതമായി വിവിധ തകരാറുകള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍മിതബുദ്ധി പ്രതിവിധികളും ഇതില്‍ ഉള്‍പ്പെടുന്നു. നിര്‍മിതബുദ്ധി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി, മികവിന്റെ വിവിധ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

ഡിപിഐ, ഡിജിറ്റല്‍ നൂതനാശയങ്ങള്‍ക്കുള്ള രൂപരേഖ

ഡിപിഐയിലെ ഇന്ത്യയുടെ മുന്‍നിര പ്രവര്‍ത്തനങ്ങള്‍ ആഗോള ഡിജിറ്റല്‍ മേഖലയെ സാര്‍ഥകമായി രൂപപ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് അല്ലെങ്കില്‍ രാഷ്‌ട്രനിയന്ത്രിത മാതൃകകളില്‍നിന്നു വ്യത്യസ്തമായി, ആധാര്‍,യുപിഐ, ഡിജിലോക്കര്‍ പോലുള്ള സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയുടെ സമര്‍ഥമായ പൊതു-സ്വകാര്യ സമീപനം പൊതുഫണ്ടുകള്‍ ഉപയോഗിക്കുന്നു. സ്വകാര്യ കമ്പനികള്‍ ഡിപിഐ ക്ക് പുറമേ ഉപയോക്തൃ-സൗഹൃദവും ആപ്ലിക്കേഷനുകള്‍ക്ക് അനുസൃതവുമായ പ്രതിവിധികള്‍ കൂടുതല്‍ സൃഷ്ടിക്കുകയും നവീകരിക്കുകയും ചെയ്യുന്നു.

യുപിഐ, ഡിജിലോക്കര്‍ പോലുള്ള സാമ്പത്തിക-നിര്‍വഹണ സംവിധാനങ്ങള്‍ ബൗദ്ധികപ്രതിവിധികള്‍ സംയോജിപ്പിക്കുന്നതിനാല്‍, ഈ മാതൃകയ്‌ക്ക് നിര്‍മിതബുദ്ധി ഇപ്പോള്‍ അധിക ശക്തിയേകുന്നു. ഇന്ത്യയുടെ ഡി പി ഐ ചട്ടക്കൂടിലുള്ള ആഗോള താല്‍പ്പര്യം ജി-20 ഉച്ചകോടിയില്‍ പ്രകടമായിരുന്നു. വിവിധ രാജ്യങ്ങള്‍ ഈ മാതൃക ആവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ യുപിഐ പണമിടപാടു സംവിധാനത്തിനു ജപ്പാന്‍ പേറ്റന്റ് നല്‍കി. ഇത് അതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനാകും എന്നതിന്റെ സാക്ഷ്യമാണ്.

പാരമ്പര്യവും സാങ്കേതിക വിദ്യയും സംഗമിച്ച മഹാകുംഭമേള

ഇതുവരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മനുഷ്യസംഗമമായ മഹാകുംഭമേളയുടെ സുഗമമായ നടത്തിപ്പിനായി ഇന്ത്യ സ്വന്തം ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളും, നിര്‍മ്മിതബുദ്ധി സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി. പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷനിലടക്കംതടിച്ചു കൂടിയ പുരുഷാരത്തെ കൈകാര്യം ചെയ്യുന്നതിലും അവര്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിലും തത്സമയം നിരീക്ഷിക്കുന്നതിലുംഎഐ അധിഷ്ഠിത ഉപകരണങ്ങള്‍ റെയില്‍വേയ്‌ക്ക് സഹായകമായി.

കുംഭ് സഹായക്ചാറ്റ്‌ബോട്ടുമായി സംയോജിപ്പിച്ച ‘ഭാഷിണി’ ആപ്പ്, ശബ്ദാധിഷ്ഠിത ഫൗണ്ട് ആന്‍ഡ് ലോസ്റ്റ് സൗകര്യം, തത്സമയ വിവര്‍ത്തനം, ബഹുഭാഷാ സഹായം എന്നിവ ലഭ്യമാക്കി. ഇന്ത്യന്‍ റെയില്‍വേ, യുപി പോലീസ് തുടങ്ങിയ വകുപ്പുകളുമായി, അതിന്റെ യോജിച്ച പ്രവര്‍ത്തനം പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള ആശയവിനിമയം സുഗമമാക്കി.

ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയതിലൂടെ മഹാകുംഭമേളസാങ്കേതികവിദ്യയിലധിഷ്ഠിതമായ മാനേജ്‌മെന്റ്, സര്‍വ്വാശ്ലേഷിത്വം, കാര്യക്ഷമത, സുരക്ഷിതത്വം എന്നിവയില്‍ ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു.

ഭാവി സജ്ജമായ തൊഴില്‍ ശക്തി കെട്ടിപ്പടുക്കുന്നു

ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ കേന്ദ്രബിന്ദു രാജ്യത്തെ തൊഴില്‍ ശക്തിയാണ്. ആഗോള ഗവേഷണ വികസനത്തിനും സാങ്കേതിക വികസനത്തിനും മുന്‍ഗണന നല്‍കുന്ന ലക്ഷ്യസ്ഥാനമെന്ന പദവി ഊട്ടിയുറപ്പിച്ചു കൊണ്ട് രാജ്യം എല്ലാ ആഴ്ചയും ഓരോ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ (ജിസിസി) കൂട്ടിച്ചേര്‍ക്കുന്നു., ഈ വളര്‍ച്ച നിലനിര്‍ത്തുന്നതിന് വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും തുടര്‍ നിക്ഷേപം അനിവാര്യമാണ്.

ദേശീയ വിദ്യാഭ്യാസ നയം 2020 നിര്‍ദ്ദേശിക്കും വിധം, നിര്‍മ്മിതബുദ്ധി, 5ജി, അര്‍ദ്ധചാലക രൂപകല്‍പന എന്നിവ ഉള്‍പ്പെടുത്തി സര്‍വ്വകലാശാലാ പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഈ വെല്ലുവിളി നേരിടുന്നു. ബിരുദധാരികള്‍ തൊഴില്‍സജ്ജമായ നൈപുണ്യത്തോടെ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കാനാകും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴിലില്‍ പ്രവേശിക്കുന്ന പരിവര്‍ത്തന സമയം ഇതോടെ കുറയും.

എഐ നിയന്ത്രണത്തില്‍ ക്രിയാത്മക സമീപനം

ഇന്ത്യ ഭാവി സജ്ജമായ ഒരു തൊഴില്‍ ശക്തിയെ സൃഷ്ടിക്കുമ്പോള്‍, അതിന്റെ നിര്‍മ്മിത ബുദ്ധി നിയന്ത്രണ ചട്ടക്കൂട് ഉത്തരവാദിത്തപൂര്‍ണ്ണമായ വിന്യാസം ഉറപ്പാക്കുന്നതിനൊപ്പം നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. നൂതനാശയങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ‘കടുത്ത’ നിയന്ത്രണ ചട്ടക്കൂടില്‍ നിന്നും, കുറച്ച് പേരില്‍ അധികാരം കേന്ദ്രീകരിക്കുന്ന ‘വിപണിയാല്‍ നയിക്കപ്പെടുന്ന ഭരണനിര്‍വ്വഹണ’ മാതൃകയില്‍ നിന്നും വ്യത്യസ്തമായി, ഇന്ത്യ ക്രിയാത്മകവും സാങ്കേതികാധിഷ്ഠിതവും നിയമാധിഷ്ഠിതവുമായ ഒരു സമീപനമാണ് പിന്തുടരുന്നത്.

നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണത്തെ മാത്രം ആശ്രയിക്കുന്നതിനുപകരം, സാങ്കേതിക സുരക്ഷാ നടപടികളില്‍ നിക്ഷേപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഡീപ് ഫേക്ക്, സ്വകാര്യതാ ആശങ്കകള്‍, സൈബര്‍ സുരക്ഷാ ഭീഷണികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനായി പ്രമുഖ സര്‍വ്വകലാശാലകളിലും ഐഐടികളിലും എഐ അധിഷ്ഠിത പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു.

ആഗോള വ്യവസായങ്ങളെ നിര്‍മ്മിതബുദ്ധിയാല്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നത് തുടര്‍ക്കഥയാകുമ്പോള്‍, ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാണ് – നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിയന്ത്രണ ചട്ടക്കൂട് നിലനിര്‍ത്തിക്കൊണ്ട് സമഗ്ര വളര്‍ച്ചയ്‌ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് ആ കാഴ്ചപ്പാട്. എന്നാല്‍ നയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമപ്പുറം, ഈ പരിവര്‍ത്തനം സൃഷ്ടിക്കപ്പെടേണ്ടത് നമ്മുടെ ജനങ്ങളിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക