Kerala

വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയില്‍ വയ്‌ക്കുന്നു: എന്‍. കെ. പ്രേമചന്ദ്രന്‍

Published by

തിരുവനന്തപുരം: കേരളത്തില്‍ എന്തു വീഴ്ചയോ കുറവോ പോരായ്മയോ ഉണ്ടായാല്‍ അത് മുഴുവന്‍ കേന്ദ്രത്തിന്റെ ചുമലില്‍ വയ്‌ക്കുകയും മികവിന്റെ മുഴുവന്‍ അവകാശവും ഏറ്റെടുക്കുകയും ചെയ്യുന്ന സമീപനമാണ് പിണറായി സര്‍ക്കാരിന്റേതെന്ന് മുതിര്‍ന്ന യുഡിഎഫ് നേതാവ് എന്‍. കെ. പ്രേമചന്ദ്രന്‍ എംപി. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സുരേഷ് ഗോപി സന്ദര്‍ശിച്ചതിന്റെ പേരില്‍ സമരക്കാര്‍ പകുതി ബിജെപിയായിട്ടുണ്ട്. എന്നെ നേരത്തേതന്നെ പൂര്‍ണ ബിജെപിയാക്കിയതാണ്. അതിനാല്‍ പറയാന്‍ ഒരു മടിയുമില്ല. കേരളത്തിന് ഈ വര്‍ഷം ലഭിക്കേണ്ടുന്ന എന്‍എച്ച്എം ഫണ്ടിന്റെ മുഴുവന്‍ തുകയും ജനുവരി 25നു മുന്‍പ് നല്‍കിയെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതാണ്. മാര്‍ച്ച് 31നു മുന്‍പ് നല്‍കിയാല്‍ മതിയെങ്കിലും ജനുവരി 25ന് 912 കോടിയില്‍ 800 കോടിയിലധികം രൂപ നല്‍കി. നിയമസഭയില്‍ ഇക്കാര്യം വന്നു. ഒരു മറുപടിയും ഇല്ല. എന്തുണ്ടെങ്കിലും കേന്ദ്രത്തിന്റെ ചുമലില്‍ വയ്‌ക്കും. ആര്‍എസ്എസ്, സംഘപരിവാര്‍ എന്നൊക്കെ ബ്രാന്‍ഡ് ചെയ്യപ്പെടും എന്നുള്ളതുകൊണ്ട് പലരും സത്യം പറയാന്‍ മടിക്കുന്നു.

ഒരു കേന്ദ്രമന്ത്രി സമരക്കാരെ സന്ദര്‍ശിച്ചതിന് നല്‍കിയ വ്യാഖ്യാനം പിണറായി സര്‍വകലാശാലയില്‍ പഠിച്ചവര്‍ക്കു മാത്രമേ നല്‍കാന്‍ കഴിയൂയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക