പ്രാഗ് (ചെക്കോസ്ലൊവാക്യ): പ്രാഗ് ചെസ്സില്‍ ആറാം റൗണ്ടിന് ശേഷവും ഇന്ത്യയുടെ പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. ഇരുവര്‍ക്കും നാല് പോയിന്‍റ് വീതമുണ്ട്.
ആറാം റൗണ്ടില്‍ പ്രജ്ഞാനന്ദ അമേരിക്കയുടെ സാം ഷാങ്ക് ലാന്‍റുമായും അരവിന്ദ് ചിതംബരം വിയറ്റ്നാമിന്റെ ക്വാങ്ങ് ലെ ലെയിമുമായും സമനിലയില്‍ പിരിഞ്ഞു. ആറാം റൗണ്ടിലെ എല്ലാമത്സരങ്ങളും സമനിലയിലാണ് കലാശിച്ചത് എന്ന ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു.
പ്രജ്ഞാനന്ദയുടെ സമനില പൊരുതി നേടിയത്
ആറാം റൗണ്ടില്‍ പ്രജ്ഞാനന്ദ തോല്‍വിയുടെ വക്കത്ത് നിന്നും തിരിച്ചുവരികയായിരുന്നു. വെള്ളക്കരുക്കളുമായി കളിച്ച സാം ഷാങ്ക് ലാന്‍റുമായി കളിയുടെ മധ്യഘട്ടത്തില്‍ പ്രജ്ഞാനന്ദ തോല്‍വിയിലേക്ക് വഴുതിവീഴുകയായിരുന്നു. കിംഗ് സൈഡിലെ കുതിരയെ (നൈറ്റ്) ബലി കഴിച്ചുകൊണ്ടായിരുന്നു സാം ഷാങ്ക് ലാന്‍റിന്റെ പ്രകടനം. അതിസങ്കീര്‍ണ്ണമായിരുന്നു ഈ സമയത്തെ ബോര്‍ഡിലെ കരുക്കളുടെ വിന്യാസം. ഈ ഘട്ടത്തില്‍ ഒരു കാലാളിന് വേണ്ടി പ്രജ്ഞാനന്ദയ്‌ക്ക് തേരിനെ (റൂക്ക്) ബലികഴിക്കേണ്ടിയും വന്നു. എന്നാല്‍ ഈ സങ്കീര്‍ണ്ണതകളിലൂടെ കൃത്യതയോടെ പുറത്തുവരികയായിരുന്നു പ്രജ്ഞാനന്ദ. 43ാം നീക്കത്തില്‍ ഒരേ നീക്കം ആവര്‍ത്തിച്ച് സമനില നേടുന്നതിലേക്ക് സാം ഷാങ്ക് ലാന്‍റ് നിര്‍ബന്ധിതനാവുകയായിരുന്നു.
ക്വീന്‍സ് ഗാംബിറ്റ് ആക്സപറ്റഡിനെ നേരിട്ട് അരവിന്ദ് ചിതംബരം
വെള്ളക്കരുക്കളുമായി കളിച്ച അരവിന്ദ് ചിതംബരത്തിന് വിയറ്റ്നാമിന്റെ ക്വാങ് ലെ ലിയെമിന്റെ ക്വീന്‍സ് ഗാംബിറ്റ് ആക്സപ്റ്റഡ് എന്ന ഓപ്പണിംഗ് ശൈലിയെയാണ് നേരിടേണ്ടി വന്നത്. ക്വാങ് ലെ ലിയെം ബോര്‍ഡിലെ നടുക്കള്ളികളില്‍ സ്വാധീനം നിലനിര്‍ത്തി ശത്രുവിന് തുളച്ചുകയറാന്‍ കഴിയാത്ത പ്രതിരോധമാണ് അരവിന്ദ് ചിതംബരത്തിന് എതിരെ ഉയര്‍ത്തിയത്. കളിയുടെ 19ാം നീക്കത്തില്‍ അഞ്ച് ചെറിയ കരുക്കളെ ഇരുവരും വെട്ടിമാറ്റിയതോടെ ബോര്‍ഡിലെ കരുക്കളുടെ വിന്യാസം വളരെ ലളിതമായി. കളിയുടെ ഒടുക്കം അരവിന്ദ് ഒരു കുതിരയ്‌ക്ക് (നൈറ്റ്) വേണ്ടി തന്റെ ആനയെ (ബിഷപ്പ്) നല്‍കി. എങ്കിലും അരവിന്ദിന്റെ ബോര്‍ഡിലെ നില സുരക്ഷിതമായിരുന്നു. അവസാനഘട്ട ഗെയിമില്‍ ഇരുവര്‍ക്കും റൂക്കും പോണും ആയിരുന്നു.
ടാറ്റാ സ്റ്റീലിന് ശേഷം വീണ്ടും പ്രജ്ഞാനന്ദ കിരീടം നേടുമോ?
ഇനി മൂന്ന് റൗണ്ട് കൂടിയെ ബാക്കിയുള്ളൂ. ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ചാമ്പ്യനായ പ്രജ്ഞാനന്ദ വീണ്ടും ചാമ്പ്യനായേക്കും. നാല് പേര്‍ മൂന്ന് പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നു. ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മര്‍, ചൈനയുടെ വെയ് യി, നെതര്‍ലാന്‍റ്സിന്റെ അനീഷ് ഗിരി, വിയറ്റ് നാമിന്റെ ക്വാങ്ങ് ലിയെംലെ എന്നിവരാണ് രണ്ടാം സ്ഥാനത്ത്.
ഏഴാം റൗണ്ടില്‍ പ്രജ്ഞാനന്ദ വെയ് യിയെയും അനീഷ് ഗിരി അരവിന്ദ് ചിതംബരത്തെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക