India

ഞാന്‍ മതവിശ്വാസി ടൈപ്പല്ല എന്ന് പറഞ്ഞ വിരാട് കോഹ്ലി ഇന്ന് ഹര്‍ ഹര്‍ മഹാദേവ ചൊല്ലുന്നു; കോഹ്ലിയുടെ ആത്മീയ യാത്ര കൂടുമ്പോള്‍

വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് താരമെന്ന നിലയിലെ ആദ്യനാളുകളില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ക്ഷേത്രത്തിനും ദൈവങ്ങള്‍ക്കും അധികം പ്രാധാന്യം ഇല്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ അതെല്ലാം പ്രധാനകാര്യങ്ങളായി എത്തിയിരിക്കുന്നു.

Published by

മുംബൈ: വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് താരമെന്ന നിലയിലെ ആദ്യനാളുകളില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ക്ഷേത്രത്തിനും ദൈവങ്ങള്‍ക്കും അധികം പ്രാധാന്യം ഇല്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അതെല്ലാം പ്രധാനകാര്യങ്ങളായി എത്തിയിരിക്കുന്നു.

ഇപ്പോള്‍ ആശ്രമങ്ങളും ഗുരുക്കന്മാരും ക്ഷേത്രങ്ങളും ഭജനുകളും കീര്‍ത്തനങ്ങളും വിരാട് കോഹ്ലിയുടെ ജീവിതപ്പാതയിലെ നിത്യസംഭവങ്ങളാണ്. പ്രത്യേകിച്ചും അനുഷ്ക ശര്‍മ്മ ഭാര്യയായി എത്തിയതോടെ. ജീവിതത്തില്‍ ആത്മീയയാത്രയ്‌ക്ക് ഒരു സെക്കന്‍റ് പോലും നീക്കിവെയ്‌ക്കാതിരുന്ന താരമാണ് ഇപ്പോള്‍ നല്ലൊരു സമയം ഇതിനായി നീക്കിവെയ്‌ക്കുന്നത്.

പൊതുവേ അധികം ശത്രുക്കള്‍ ഇല്ലാത്ത താരമാണ് വിരാട് കോഹ്ലി. രാഷ്‌ട്രീയമോ, വിമര്‍ശനങ്ങളോ ഉറക്കെപ്പറയാത്ത, ക്രിക്കറ്റിനെയും പെര്‍ഫോമന്‍സിനെയും കുറിച്ച് മാത്രം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് വിരാട് കോഹ്ലി. ആരും ശക്തമായി വിരാട് കോഹ്ലിയെ വിമര്‍ശിക്കാന്‍ മുതിരാറില്ല.

പൊതുവേ അവരുടെ ജീവിതം അങ്ങേയറ്റം സ്വകാര്യമാക്കിവെയ്‌ക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്സ് മാനാണ് വിരാട് കോഹ്ലി. അവരുടെ മക്കളുടെ ചിത്രങ്ങള്‍ പോലും അധികം പുറത്തുവരാറില്ല. പക്ഷെ കോഹ്ലിയും അനുഷ്ക ശര്‍മ്മയും നടത്തുന്ന ആത്മീയയാത്രകള്‍ സ്ഥിരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

വൃന്ദാവനിലെ പ്രേമാനന്ദ മഹാരാജിന്റെ ആശ്രമം
ഇരുവരും പോകുന്ന ഒരു പ്രധാന ഇടമാണ് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ പ്രേമാനന്ദ മഹാരാജിന്റെ ആശ്രമം. മക്കളായ വാമികയും അകായും ഇവരുടെ ആശ്രമത്തിലേക്കുള്ള യാത്രയില്‍ കൂടെ ഉണ്ടാകാറുണ്ട്. ഇന്ത്യയ്‌ക്ക് പുറത്താണെങ്കിലും ഹിന്ദു കീര്‍ത്തനകേന്ദ്രങ്ങളില്‍ ഇവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. പ്രേമാനന്ദ മഹാരാജുമായുള്ള സംഭാഷണങ്ങളാണ് കോഹ്ലിയെ ആത്മീയ പാതയിലേക്ക് കൂടുതല്‍ തിരിച്ചതെന്നും പറയപ്പെടുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് കൂടുതല്‍ സമതുലിതാവസ്ഥ കൈവന്നത്. കളിക്കളത്തിലെ ആക്രമണോത്സുകതയും അദ്ദേഹം കാര്യമായി കുറച്ചിട്ടുണ്ട്. മൈതാനത്തില്‍ കൂടുതല്‍ മൃദുലസ്വഭാവക്കാരനായ കോഹ്ലിയെയാണ് കാണാനാവുന്നത്.

മഹാകാലേശ്വര്‍ ക്ഷേത്രം
മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ മതവിശ്വാസി ടൈപ്പല്ല എന്ന് പറഞ്ഞ വിരാട് കോഹ്ലി ഹര്‍ ഹര്‍ മഹാദേവ എന്ന മന്ത്രവുമായാണ് ക്ഷേത്രത്തില്‍ നിന്നും പറത്തുവന്നത്

നീം കരോലി ബാബ ആശ്രമം

പണ്ട് ആപ്പിള്‍ കമ്പനിയുടെ സ്റ്റീവ് ജോബ്സിനും ഫെയ്സ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ ബര്‍ഗിനും ജീവിതത്തില്‍ വന്‍വിജയത്തിലേക്ക് വഴിത്തിരിവുണ്ടാക്കിയ സന്യാസിയാണ് നീം കരോലി ബാബ. ഈ ബാബയുടെ ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ കോഹ്ലിയുടെ മറ്റൊരു മുഖം ആളുകള്‍ അനുഭവിച്ചറിഞ്ഞിരുന്നു. സ്നേഹം, ദീനാനുകമ്പ, ഭക്തി എന്നീ വികാരങ്ങള്‍ പ്രസരിപ്പിക്കുന്നതില്‍ നീം കരോലി ബാബയുടെ ആശ്രമം പ്രസിദ്ധമാണ്. 1973ല്‍ കാലം ചെയ്തെങ്കിലും ഇന്നും നീം കരോലി ബാബയുടെ ആശ്രമത്തിലേക്ക് ജനങ്ങളുടെ ഒഴുക്കുണ്ട്.

ആത്മീയയാത്രയ്‌ക്ക് പിന്നില്‍ അനുഷ്കയുടെ സ്വാധീനം

എന്തായാലും വിരാട് കോഹ്ലിയുടെ ആത്മീയയാത്രയ്‌ക്ക് പിന്നില്‍ അനുഷ്ക ശര്‍മ്മയാണ്. നല്ലൊരു ഹിന്ദുവിശ്വാസിയാണ് അനുഷ്ക ശര്‍മ്മ. ഇത്തരം ആത്മീയ യാത്രകള്‍ വിരാട് കോഹ്ലിയുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ നല്ലതുപോലെ ഇല്ലാതാക്കി. അദ്ദേഹത്തിനിപ്പോള്‍ ശാന്തതയോടെ ബാറ്റ് ചെയ്യാനും കഴിയുന്നുണ്ട്.

മനസ്സില്‍ വിചാരിക്കുന്ന ഫലം ബാറ്റിലൂടെ ക്രീസില്‍ കൊണ്ടുവരാനും കഴിയുന്നുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലെ വിരാട് കോഹ്ലിയുടെ പ്രകടനം പ്രശംസനീയമായിരുന്നു. പാകിസ്ഥാനെതിരായ നിര്‍ണ്ണായക സെഞ്ച്വറിയും സെമിയില്‍ ആസ്ത്രേല്യയ്‌ക്കെതിരായ അര്‍ധസെഞ്ച്വറിയും നേടിയ വിരാട് കോഹ്ലി ഇന്ത്യയെ ഫൈനലില്‍ എത്തിച്ചതില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു.

ആത്മീയതിലേക്കുള്ള ഈ ഗതിമാറ്റം കോഹ്ലിയുടെ ജീവിതത്തിന് കൂടുതല്‍ സമതുലിതാവസ്ഥ നല്‍കിയിരിക്കുന്നു. കളിക്കളത്തില്‍ പഴയ ആക്രമണോത്സുകത കോഹ്ലിക്ക് ഇല്ല മൈതാനത്തില്‍ കൂടുതല്‍ മൃദുലസ്വഭാവക്കാരനാണ് ഇന്ന് കോഹ്ലി നീം കരോലി ബാബയുടെ ആശ്രമത്തിന്റെ സ്വാധീനം കാരണം കൂടുതല്‍ വെജിറ്റേറിയനായ കോഹ്ലിയെയാണ് കാണാനാവുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക