ന്യൂദല്‍ഹി:ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ അമിത് ഷാ ഉള്‍പ്പെടെ പങ്കെടുക്കുന്ന മഹാശിവരാത്രി ആഘോഷം തടയാന്‍ ശത്രുക്കള്‍ അവസാനനിമിഷം വരെ ശ്രമം നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി മഹാശിവരാത്രി ആഘോഷം നടത്താന്‍ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന് അനുമതി നല്‍കിയപ്പോള്‍ അതിനെ തടയാന്‍ ഡിഎംകെ പിന്തുണയുള്ള ഏജന്‍റുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഡിഎംകെയ്‌ക്ക് പുറമെ കോയമ്പത്തൂരിലെ ഒരു മതപരിവര്‍ത്തന ലോബിയും പിറകില്‍ നിന്നും ചരടുവലിച്ചിരുന്നതായും ആരോപണമുണ്ട്.
എന്നാല്‍ സുപ്രീംകോടതി കുത്തിത്തിരിപ്പുകാരുടെ തനിനിറം മനസ്സിലാക്കി ഈ ഹര്‍ജി തള്ളിക്കളയുകയായിരുന്നു. പരിസ്ഥിതി വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി എന്ന തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍ മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സദ് ഗുരുവിന്റെ ശത്രുക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
എന്നാല്‍ ജസ്റ്റിസുമാരായ സൂര്യകാന്തും കോടീശ്വര്‍ സിങ്ങും ഉള്‍പ്പെട്ട സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഈ ഹര്‍ജി തള്ളിക്കളയുകയും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ശരിവെയ്‌ക്കുകയുമായിരുന്നു. സദ്ഗുരുവിന്റെ യോഗ കേന്ദ്രത്തിനെതിരെ നടപടികള്‍ എടുത്തുകൂടെന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.
സദ്ഗുരുവിന്റെ ഇഷ യോഗകേന്ദ്രയില്‍ നടക്കുന്ന പരിപാടിയില്‍ 60000 പേര്‍ മാത്രമേ പങ്കെടുക്കൂ എന്നും ജല, വായു മലിനീകരണം തടയാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സദ്ഗുരുവിന്റെ ആശ്രമം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരന്‍ പറഞ്ഞത് രണ്ട് ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നും ജല, വായു, ഖരമലിനീകരണം വഴി പരിസ്ഥിതി മലിനമാകും എന്നും ആയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീംകോടതിയും തള്ളുകയും മദ്രാസ് ഹൈക്കോടതിയ്‌ക്കൊപ്പം നിലകൊള്ളുകയും ആയിരുന്നു.
വെള്ളിങ്കിരി മലനിരകളുടെ താഴ്വാരങ്ങളില്‍ പരിസ്ഥിതിക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമായി അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ ജഗ്ഗി വാസുദേവിന്റെ ആശ്രമ അധികൃതര്‍ നടത്തുന്നു എന്നായിരുന്നു തമിഴ്നാട് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പരാതി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പിന്നീട് പരിശോധിക്കാമെന്നും മഹാശിവരാത്രി ആഘോഷം തടയാന്‍ ഇത് മതിയായ കാരണങ്ങളല്ലെന്നും സുപ്രിംകോടതി പറഞ്ഞു. മാത്രമല്ല, ആശ്രമ ഭൂമിയില്‍ തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താന്‍ അനുമതി നല്‍കിയാല്‍ ഇതുപോലുള്ള പ്രതികാരനടപടികള്‍ തുടരുമെന്ന് ആശ്രമത്തിന് വേണ്ടി ഹാജരായ മുകുള്‍ രോഹ്തഗി വാദിച്ചു. നിരന്തരം പരിശോധനകളുടെ പേരില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ ആശ്രമത്തെ പീഢിപ്പിക്കുകയാണെന്നും മുകുള്‍ രോഹ്തഗി വാദിച്ചു.
സംരക്ഷിതവനകേന്ദ്രത്തിലെ അധനികൃതനിര്‍മ്മാണം എന്ന വാക്കില്‍ പിടിച്ചാണ് ഡിഎംകെ സര്‍ക്കാര്‍ സദ്ഗുരു ആശ്രമത്തെ ശ്വാസം മുട്ടിക്കുന്നത്. അങ്ങേയറ്റം വികേന്ദ്രീകൃതമായ, പരിസ്ഥിതിയെ പരിപോഷിപ്പിച്ചാണ് ഈവിടെ ആശ്രമം അന്തേവാസികള്‍ വസിച്ചുപോരുന്നത് എന്നതാണ് വാസ്തവം. എന്നാല്‍ ഇതിനടുത്തുള്ള ചില മതപരിവര്‍ത്തനലോബികള്‍ കെട്ടിപ്പൊക്കിയ വന്‍ കേന്ദ്രീകൃതകെട്ടിടങ്ങളോട് ഡിഎംകെ സര്‍ക്കാരിന് യാതൊരു പരിഭവവുമില്ലെന്നും ആശ്രമം അധികൃതര്‍ വാദിക്കുന്നു.
മഹാശിവരാത്രി ദിവസം പകല്‍ ആയിരുന്നു ഈ ആഘോഷം നടത്താന്‍ സദ്ഗുരു ആശ്രമത്തിന് പച്ചക്കൊടി കിട്ടിയത്. ഇതരമതങ്ങളുടെ കേന്ദ്രങ്ങളില്‍ പരിസ്ഥിതിയെ മലിനപ്പെടുത്തി എത്രയോ ആഘോഷങ്ങള്‍ നടക്കുന്നതിനെതിരെ ചെറുവിരലനനക്കാത്തവരാണ്, സദ്ഗുരുവിന്റെ ആശ്രമത്തിനെതിരെ അവസാനനിമിഷം വരെ പൊരുതിയത്. ഇന്ത്യയിലെ വിവിധനഗരങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ യുവാക്കളാണ് ഇവിടുത്തെ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷം എന്നിരിക്കെയും അവരെല്ലാം സ്വയമേവ പരിസ്ഥിതിമലിനീകരണത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നിരിക്കെയും എന്തിനാണ് ഇത്രയും വലിയ കോലാഹലം സദ്ഗുരു ആശ്രമത്തിനെതിരെ നടത്തിയത് എന്നത് ദുരൂഹമാണ്. ഹൈന്ദവസംസ്കാരികാഘോഷങ്ങള്‍ക്കെതിരെ കോയമ്പത്തൂരിലും തമിഴ്നാട്ടിലും എത്ര വലിയ എതിര്‍പ്പാണ് ഡിഎംകെ കേന്ദ്രങ്ങള്‍ നടത്തുന്നതെന്നതിന് ഒരു ദൃഷ്ടാന്തം കൂടിയാണ് ഈ സംഭവം. എന്തായാലും ഈ എതിര്‍പ്പുകളെ ചെറുത്തുതോല്‍പിച്ച് ആഘോഷം മനോഹരമായി നടത്തിയ സദ്ഗുരുവിന് കയ്യടിക്കുകയാണ് സനാതനധര്‍മ്മത്തെ സ്നേഹിക്കുന്ന ഹിന്ദുസമുദായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക