തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് നയിച്ചത് കേന്ദ്രഏജന്‍സികള്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത രഹസ്യരേഖകള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏക ലക്ഷ്യം ജിഹാദ് മാത്രമാണെന്നും ശാരീരിക പ്രതിരോധം അടക്കം ജിഹാദിന്റെ ഭാഗമാണെന്നും വ്യക്തമാക്കുന്ന രേഖകളാണ് ഇഡിക്കും എന്‍ഐഎയ്‌ക്കും ലഭിച്ചത്. പിഎഫ്‌ഐ ആസ്ഥാനമായ കോഴിക്കോട്ടെ യൂണിറ്റി ഹൗസില്‍ മൂന്നുവര്‍ഷം മുമ്പ് നടത്തിയ റെയ്ഡിലാണ് പിഎഫ്‌ഐയെപ്പറ്റിയുള്ള രേഖകള്‍ പിടിച്ചെടുത്തത്.
പിഎഫ്‌ഐ, എസ്ഡിപിഐ എന്നിവയെപ്പറ്റിയുള്ള ആശയവ്യക്തത വരുത്താനായി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത രേഖയില്‍ പിഎഫ്‌ഐ എന്നത് ഇസ്ലാമിക് മൂവ്‌മെന്റ് ആണെന്നും എന്നാല്‍ പുറത്ത് സാമൂഹ്യ മൂവ്‌മെന്റ് എന്ന് മാത്രമേ വിശേഷിപ്പിക്കാവൂ എന്നും നിര്‍ദ്ദേശിക്കുന്നു. ശാരീരികമായും ആശയപരമായും നിയമപരമായും സമരമേഖലയിലും അടക്കം പ്രതിരോധം എന്ന ആശയത്തെ ജിഹാദിനായി ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പിഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും എസ്ഡിപിഐ അടക്കം പിഎഫ്‌ഐയുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കേണ്ട സംഘടനകളാണെന്നും രേഖയിലുണ്ട്. എസ്ഡിപിഐയുടെ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിനൊപ്പമാണ് പിഎഫ്‌ഐ രേഖകളും പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: