തൊടുപുഴ : തൊഴില്‍ തട്ടിപ്പിലെ ഇരകളുടെ ബാഗേജില്‍ കൂട്ടുകാര്‍ക്കുള്ള ബനാന ചിപ്‌സും വസ്ത്രങ്ങളും എന്ന് തെറ്റിദ്ധരിപ്പിച്ച് ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ഇടുക്കി പൊലീസിന്‌റെ പിടിയിലായി.
കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി റഷീദിനെയാണ് ഇടുക്കി ക്രൈം ബ്രാഞ്ച് സിഐ സാംസന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് വിസയും ടിക്കറ്റും എടുത്തുകൊടുത്ത ശേഷം അവിടെയുള്ള സുഹൃത്തുക്കള്‍ക്കുള്ള ചിപ്‌സും വസ്ത്രങ്ങളും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരിവസ്തുക്കള്‍ അടങ്ങിയ പാക്കറ്റ് കൊടുത്തു വിടുന്നത്.
വര്‍ഷങ്ങളായി വിദേശത്തായിരുന്ന റഷീദിനെ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2018ല്‍ രാജാക്കാട് സ്വദേശിയായ അഖിലിനെ റഷീദ് ഇത്തരത്തില്‍ ഗള്‍ഫിലേക്ക് കയറ്റിവിട്ടിരുന്നു. ദുബായില്‍ നടത്തിയ കസ്റ്റംസ് പരിശോധനയില്‍ അഖിലിന്റെ ബാഗില്‍ 5 കിലോ കഞ്ചാവ് കണ്ടെത്തി. റഷീദ് കൊടുത്തുവിട്ട പാക്കേജായിരുന്നു അത്. ഇതേത്തുടര്‍ന്ന് അഞ്ചുവര്‍ഷമാണ് അഖില്‍ ദുബായ് ജയിലില്‍ കഴിയേണ്ടിവന്നത്. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: