തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര കടം ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2021-22, 22-23, 23-24 സാമ്പത്തിക വര്‍ഷങ്ങളിലെ സംസ്ഥാനത്തിന്റെ ആഭ്യന്തര കടം യഥാക്രമം 2,10,792, 2,27,137, 2,57,158 കോടി രൂപ വീതമാണ്. എന്നാല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കടം ക്രമാതീതമായി വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജിഡിപിയുടെ 22.80, 22.18, 22.44 ശതമാനം വീതമാണ് കടം. 2020-21 ല്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം 47,660.84 കോടിയായിരുന്നത് 2023-24 ല്‍ 74,329.01 കോടി രൂപയായി ഗണ്യമായി വര്‍ധിച്ചതായും മന്ത്രി നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞെന്നും അതിനാല്‍ കേന്ദ്രം കൂടുതല്‍ തുക നല്‍കണമെന്ന് വിലപിക്കുമ്പോഴാണ് നികുതി വരുമാനം കൂടിയെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി നോക്കാതെ ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം ശമ്പളവും ഓണറേറിയവും മറ്റും കൂട്ടിക്കൊടുക്കുന്നുമുണ്ട്. പല കാരണങ്ങളാലും കേന്ദ്ര ധന ഉത്തരവാദിത്ത ആക്ടില്‍ നിഷ്‌കര്‍ച്ചിട്ടുള്ള ധന ലക്ഷ്യങ്ങള്‍ പാലിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.
വയനാട് ദുരന്തനിവാരണത്തിന് സംസ്ഥാനം 16 പദ്ധതികള്‍ക്കായി കേന്ദ്രധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട 535.56 കോടി രൂപയില്‍ കേന്ദ്രസര്‍ക്കാര്‍ 529.50 കോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഈ തുകയുടെ വിനിയോഗ കാലാവധി 2026 ഫെബ്രുവരി 11 വരെ നീട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2025 ഫെബ്രുവരി 26 വരെ ആരംഭിച്ച 3,45,875 സംരംഭങ്ങളില്‍ 99 ശതമാനവും സൂക്ഷ്മ വിഭാഗത്തില്‍പ്പെട്ടതായതിനാലാണ് രജിസ്‌ട്രേഷന്റെ എണ്ണത്തില്‍ പ്രതിഫലിക്കാത്തത്. വാര്‍ഷിക വിറ്റുവരവ് 40 ലക്ഷത്തിന് മുകളിലും സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ 20 ലക്ഷത്തിനു മുകളില്‍ എത്തുമ്പോഴും മാത്രം ജിഎസ്ടി എടുത്താല്‍ മതിയാകും. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ നികുതി വരുമാനമായി 91,514.75 കോടി രൂപ പ്രതീക്ഷിക്കുന്നുവെന്നും കെ.എന്‍.ബാലഗോപാല്‍ സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: