India

യോഗി കൽപ്പിച്ചു , പള്ളികൾ അനുസരിച്ചു : റംസാൻ സമയത്തും മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണികളില്ലാതെ ആസാൻ നമസ്കാര അറിയിപ്പ് നൽകുന്നു

സാംബാൽ, ബറേലി, മൊറാദാബാദ് തുടങ്ങിയ ജില്ലകളിൽ ഉച്ചഭാഷിണികൾ വഴി നൽകുന്ന ആസാൻ നിർത്തിവച്ചു. ഇത് ലംഘിച്ച നിരവധി പള്ളികളിൽ പോലീസ് നടപടിയെടുക്കുകയും ഇവിടെ നിന്ന് ഉച്ചഭാഷിണികൾ പിടിച്ചെടുക്കുകയും ചെയ്തു

Published by

ലഖ്‌നൗ : ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ സംബന്ധിച്ച് യോഗി ആദിത്യനാഥ് സർക്കാർ ഒരു നയം നടപ്പിലാക്കിയത് പ്രാവർത്തികമാകുന്നു. ഉത്തർപ്രദേശിലെ ചില ജില്ലകളിൽ റംസാൻ കാലത്തും പള്ളികളിൽ ഉച്ചഭാഷിണികളില്ലാതെയാണ് ആസാൻ നമസ്‌കാരം അറിയിക്കുന്നത്.

നിയമത്തിൽ അനുശാസിക്കുന്ന പോലെ അനുവദനീയമായ ശബ്ദ പരിധി കവിയുന്നതോ ഉച്ചഭാഷിണികൾ ഉപയോഗിച്ച് നിയന്ത്രണങ്ങൾ ലംഘിക്കുന്നതോ ആയ മതപരമായ സ്ഥലങ്ങൾക്കെതിരെ യോഗി ഭരണകൂടം നടപടി സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ, സാംബാൽ, ബറേലി, മൊറാദാബാദ് തുടങ്ങിയ ജില്ലകളിൽ ഉച്ചഭാഷിണികൾ വഴി നൽകുന്ന ആസാൻ നിർത്തിവച്ചു.

ഇത് ലംഘിച്ച നിരവധി പള്ളികളിൽ പോലീസ് നടപടിയെടുക്കുകയും ഇവിടെ നിന്ന് ഉച്ചഭാഷിണികൾ പിടിച്ചെടുക്കുകയും ചെയ്തു. തൽഫലമായി ഇപ്പോൾ പള്ളികളുടെ മേൽക്കൂരകളിൽ നിന്ന് ഇമാമുകൾ വാമൊഴിയായിട്ടാണ് ആസാൻ നമസ്കാരം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ എഐഎംഐഎം (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ, ഓൾ ഇന്ത്യ മുസ്ലിം യൂണിറ്റി അസോസിയേഷൻ) ജില്ലാ അധികാരികൾക്ക് ഒരു കത്ത് എഴുതിയിട്ടുണ്ട്.

റംസാൻ മാസത്തിൽ മുസ്ലീങ്ങൾ നോമ്പ് തുറക്കുന്ന സമയം വൈകുന്നേരം രണ്ട് മിനിറ്റ് മാത്രം ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പുകൾ നൽകാൻ അനുമതി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം മുസ്ലീങ്ങൾ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അതനുസരിച്ച് റംസാൻ മാസത്തിൽ സെഹ്‌റിയും ഇഫ്താറും സംഘടിപ്പിക്കണമെന്നും സാംഭാലിലെ പോലീസ് സൂപ്രണ്ട് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക