Kerala

പൂട്ടിപ്പോവുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ തട്ടുകടയും കോഴിക്കടയുമാക്കുന്ന ജാലവിദ്യയുമായി വ്യവസായ മന്ത്രി

Published by

തിരുവനന്തപുരം: പൂട്ടിപ്പോയ പുതിയ സംരംഭങ്ങളെല്ലാം മന്ത്രിയുടെ കണക്കില്‍ തട്ടുകടയും കോഴിക്കടയും. പുതുതായി തുടങ്ങുമ്പോള്‍ ഫാക്ടറികള്‍. ഇതാണ് വ്യവസായ മന്ത്രിയുടെ കണ്ടെത്തല്‍. സ്റ്റാര്‍ട്ടപ്പുകള്‍ സംബന്ധിച്ച് തരൂര്‍ തന്‌റെ പ്രശംസ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് പൂട്ടിപ്പോയ 42000 സംരംഭങ്ങളില്‍ ഏറിയ പങ്കും തട്ടുകടയും കോഴിക്കടയും മറ്റുമാണെന്ന വിശദീകരണവുമായി വ്യവസായമന്ത്രി പി രാജീവ് രംഗത്തെത്തി. പൂട്ടിപ്പോയ സംരംഭങ്ങളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്തിരുന്നുവെന്നും മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു.
കേരളത്തിലെ സംരംഭങ്ങള്‍ വ്യാപകമായി അടച്ചുപൂട്ടിയതിന്‌റെയും ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായതിന്റെയും കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പിണറായി സര്‍ക്കാരിനെ പുകഴ്‌ത്തിക്കൊണ്ടു നടത്തിയ പ്രസ്താവന തിരുത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഏറ്റുപറച്ചില്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെയല്ല സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥിതി നിരാശജനകമാണെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് തരൂര്‍ എഴുതിയ ലേഖനം ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ ആവേശത്തോടെ രംഗത്തിറങ്ങിയതിന് പിന്നാലെയാണ് പൂട്ടിപ്പോയ സംരംഭങ്ങളുടെയും തൊഴില്‍ നഷ്ടത്തിന്റെയും കണക്കുകള്‍ പുറത്തുവന്നത്. മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ തെറ്റിപ്പോയെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ രംഗത്തു വരികയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക