ന്യൂദല്‍ഹി: എന്‍എസ്എസിന് കീഴിലെ സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി ഉത്തരവ്. 2021 മുതലുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്.
350ലധികം തസ്തികകള്‍ സ്ഥിരപ്പെടുത്തി നല്‍കണമെന്നാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 60 തസ്തികകള്‍ ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെച്ചതായി എന്‍എസ്എസ് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് കോടതി തീരുമാനം. കഴിഞ്ഞ നാലുവര്‍ഷമായി എന്‍എസ്എസ് നടത്തിയ നിയമനങ്ങള്‍ ഭിന്നശേഷി തസ്തിക വിഷയത്തില്‍ ഉടക്കി സ്ഥരിപ്പെടുത്തല്‍ സാധ്യമായിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് വന്നതോടെ നിയമനം നേടിയ അധ്യാപകരുടെ പ്രശ്‌നത്തിന് പരിഹാരമാകും.
മുതിര്‍ന്ന അഭിഭാഷകനായ ദാമാ ശേഷാദ്രി നായിഡുവാണ് എന്‍എസ്എസിന് വേണ്ടി കോടതിയില്‍ ഹാജരായത്. നിരവധി എയിഡഡ് സ്‌കൂളുകളിലെ അധ്യാപകരാണ് തസ്തിക അംഗീകരിക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജികള്‍ പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക