തിരുവനന്തപുരം: വയനാട്ടിലെ അതീവ പരിസ്ഥിതിലോല മേഖലകളിലൂടെ കടന്നുപോകുന്ന തുരങ്ക പദ്ധതിക്ക് അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വലിയ ഉരുള്‍പൊട്ടലും ആള്‍നാശവുമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലൂടെ അടക്കം കടന്നുപോകുന്നതാണ് വയനാട് തുരങ്ക പദ്ധതി. എല്ലാമഴക്കാലത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംഭവിക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തുരങ്കപദ്ധതിക്ക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അനുമതി. 25 വ്യവസ്ഥകളോടെയാണ് അനുമതിയെന്നാണ് പരിസ്ഥിതി ആഘാത സമിതി വ്യക്തമാക്കുന്നത്.
ഉരുള്‍ പൊട്ടല്‍ പ്രദേശത്ത് അതീവ ശ്രദ്ധയോടെ തുരങ്ക നിര്‍മ്മാണം നടത്തണം, പരിസ്ഥിതി നാശം ഒഴിവാക്കണം, വന്യജീവികളുടേയും ആദിവാസികളുടേയും ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം തുടങ്ങിയ പതിവ് നിര്‍ദ്ദേശങ്ങള്‍ പരിസ്ഥിതി സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് മൂന്ന് ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കണം, വംശനാശഭീഷണിയുള്ള ബാണാസുര ചിലപ്പന്‍ പക്ഷിയുടെ സംരക്ഷണം ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്.
വയനാട് തുരങ്ക പാതയ്‌ക്കായി 2,134 കോടി രൂപയാണ് പുതിയ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. രണ്ട് തുരങ്കമായാണ് പദ്ധതി നിര്‍മ്മാണം ആരംഭിക്കുക. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് തുടങ്ങി വയനാട്ടിലെ മേപ്പാടിയിലുള്ള കള്ളാടിയിലാണ് 20 കിലോമീറ്റര്‍ നീളുന്ന തുരങ്കപാത അവസാനിക്കുന്നത്. നിലവിലെ ആനക്കാംപൊയില്‍-മേപ്പാടി ദൂരം നാല്‍പ്പതു കിലോമീറ്ററിന് മുകളിലാണ്. തുരങ്കപാതയ്‌ക്കെതിരെ വലിയ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ അവഗണിച്ച് പദ്ധതി നടപ്പാക്കാനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക