ലഖ്നൗ : സാധാരണക്കാരെ വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് വഞ്ചിച്ച ലഖ്‌നൗവിലെ അൻസൽ ഗ്രൂപ്പിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം അൻസൽ ഗ്രൂപ്പിനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
വീടുകൾ വാങ്ങുന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഈ കേസിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭവന, നഗരാസൂത്രണ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ അൻസൽ ഗ്രൂപ്പ് വീട് വാങ്ങുന്നവരെ വഞ്ചിച്ചിട്ടുണ്ടെന്നും ഇത് സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്പനിയുടെ എല്ലാ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കാൻ അദ്ദേഹം നിർദ്ദേശങ്ങൾ നൽകി. സംഭവത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ലഖ്‌നൗവിലെ പോലെ അൻസൽ ഗ്രൂപ്പിനെതിരെ കേസുകൾ വരുന്ന എല്ലാ ജില്ലകളിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അൻസലിനെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ അവതരിപ്പിക്കുന്നതിനായി എൽഡിഎയുടെയും ദുരിതമനുഭവിക്കുന്ന വാങ്ങുന്നവരുടെയും ഒരു കമ്മിറ്റി രൂപീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇത് അൻസൽ ഗ്രൂപ്പിലെ ആളുകളെ ശിക്ഷിക്കുന്നത് കോടതിക്ക് എളുപ്പമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: