വാഷിങ്ടണ്‍: യുക്രൈന് നൽകിയ എല്ലാ സൈനിക സഹായവും നിർത്തിവച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈൻ പ്രസിഡന്റ് വ്ളാഡമിർ സെലൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് തീരുമാനം. ഇത് നാറ്റോ സഖ്യത്തിനും യുക്രൈന് പിന്തുണയുമായെത്തിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.
വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ അസ്വാരസ്യങ്ങളും അധിക്ഷേപങ്ങളും ഉടലെടുത്തതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് യുഎസ് കടന്നത്. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനാലാണ് ട്രംപ് അതൃപ്തി വ്യക്തമാക്കിയതെന്നും സമാധാനം സ്ഥാപിക്കലാണ് ട്രംപിന്റെ ലക്ഷ്യമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി പരിഹാരത്തിന് സെലന്‍സ്‌കി തയ്യാറായാല്‍ മാത്രമേ ഇനി സഹായവും സഹകരണവും ഉള്ളൂവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ചര്‍ച്ചയ്‌ക്കിടെ സെലന്‍സ്‌കി ഇറങ്ങിപ്പോന്നത് നാടകീയ രംഗങ്ങളും സൃഷ്ടിച്ചു. സെലന്‍സ്‌കി യു.എസിനെ അപമാനിച്ചെന്നാണ് അന്ന് ട്രംപ് ആരോപിച്ചത്. നേരത്തെ സെലന്‍സ്‌കിയെ ലക്ഷ്യമിട്ട് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ഡൊണാള്‍ഡ് ട്രംപിനെ വില കുറച്ച് കാണരുത്. ഈ കളിയില്‍ അദ്ദേഹം എല്ലാവരേക്കാളും 10 ചുവടുകള്‍ മുന്നിലാണ്’ എന്നായിരുന്നു പോസ്റ്റ്. ട്രംപിനെ മാസ്റ്റര്‍ ചെസ് കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ച് മൈക്കല്‍ മക്യൂന്‍ എന്നയാള്‍ എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കുവെച്ചത്.
സൈനിക സഹായം മുടങ്ങുന്നതോടെ യുക്രൈൻ യുദ്ധമുഖത്ത് പ്രതിരോധത്തിലാകുമെന്ന കാര്യത്തിൽ സംശയമില്ല. സൈനിക ഉപകരണങ്ങളുടെ വിതരണമടക്കം നിർത്തലാക്കും. ജോ ബൈഡന്റെ കാലത്ത് 65 ബില്യൺ ഡോളർ സൈനിക സഹായമാണ് യുഎസ് യുക്രൈന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പുതിയ സഹായങ്ങൾ ട്രംപ് അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: