കൊച്ചി: അക്രമാസക്തമായ ഉള്ളടക്കങ്ങളുള്ള ദൃശ്യങ്ങള്‍ കുറ്റവാസനയ്ക്ക് കാരണമാകുന്നതായി വിദഗ്ധ പഠനം. പീഡനം, അവയവങ്ങള്‍ ഛേദിക്കല്‍, തലവെട്ടല്‍ പോലുള്ള അക്രമവും കുറ്റകൃത്യങ്ങളുമടങ്ങുന്ന ദൃശ്യങ്ങള്‍ കാണുകയും സ്വന്തം ജീവിതത്തില്‍ അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അക്രമാസക്തമായ ഉള്ളടക്കങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാള്‍ അതിവേഗം കുറ്റവാളിയായി മാറാന്‍ കാരണമായേക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് ഗാര്ഡിയന് പത്രം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന കുറ്റവാസനയുടെ പശ്ചാത്തലത്തില്‍ ഗാര്‍ഡിയന്റെ പഠനത്തിന് പ്രാധാന്യമേറെയാണ്.
2024ല്‍ സപ്തംബറില്‍ ഇംഗ്ലണ്ടിലെ ലൂട്ടണില്‍ സ്വന്തം അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തുകയും ഒരു പ്രൈമറി സ്കൂളില്‍ കൂട്ടക്കൊല ആസൂത്രണം ചെയ്യുകയും ചെയ്ത നിക്കോളാസ് പ്രോസ്പര്‍ എന്നയാളുടെ കേസുകളുടെ പശ്ചാത്തലത്തിലാണ് മുമ്പ് കുറ്റകൃത്യ ചരിത്രമില്ലാതെ കൊലപാതകികളായി മാറുന്ന ആളുകളെ തിരിച്ചറിയാനുള്ള പുതിയ സമീപനം ക്രിമിനല്‍ ജസ്റ്റിസ് വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഒറ്റയ്ക്കിരുന്ന് സോഷ്യല്‍ മീഡിയയിലെ കുറ്റകൃത്യദൃശ്യങ്ങള്‍ കാണുന്നതും ആളുകള്‍ ഒരുമിച്ചിരുന്ന് അത്തരം സിനിമകളോ വീഡിയോകളോ കാണുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ബര്‍മിങ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിലെ ക്രിമിനോളജി എമെരിറ്റസ് പ്രൊഫസര്‍ ഡേവിഡ് വില്‍സണ്‍ പറയുന്നു. ഒറ്റയ്ക്കിരുന്ന് ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരെ അപകടകരമായ ആശയങ്ങളിലേക്ക് അത് തള്ളിവിട്ടേക്കാം. യാതൊരു മുന്‍കാല ചരിത്രവുമില്ലാത്തവരായ ആളുകള്‍ നേരിട്ട് കൊലപാതകികളായി മാറുന്ന അവസ്ഥയുണ്ടെന്ന് വില്‍സണ്‍ നിരീക്ഷിക്കുന്നു.
ഓണ്‍ലൈനില്‍ അക്രമം നിറഞ്ഞ ഉള്ളടക്കങ്ങള്‍ യുവാക്കളിലേക്ക് എത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നും അത് പൊതുജനാരോഗ്യ പ്രശ്നം പോലെ വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും ക്രിമിനല്‍ ജസ്റ്റിസ് വിദഗ്ധയായ ജൂലിയ ഡേവിഡ്സണും പറയുന്നു. യുകെയില്‍ ഓലിവര്‍ സ്റ്റീഫന്‍സ് എന്ന പതിമൂന്നുകാരന് കൊല്ലപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ പോലീസാണ് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ആദ്യമായി പങ്കുവച്ചതെന്നും ഗാര്ഡിയന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തില്‍ കൊവിഡ് കാലത്ത് സ്കൂള്‍ പഠനം ഓണ്‍ലൈനുകളിലേക്ക് മാറിയത് പുതിയതലമുറയില്‍ വലിയൊരു വിഭാഗത്തെ സോഷ്യല്‍ മീഡിയകളിലേക്ക് ആകൃഷ്ടരാക്കിയതായി വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍ പറയുന്നു. ഒടിടിയുടെ കടന്നുവരവും വെബ്സീരീസുകളുടെ അതിപ്രസരവും വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നതായി ആരോഗ്യരംഗത്തുള്ളവരും ചൂണ്ടിക്കാട്ടിയുണ്ട്. സ്കൂള്‍, കോളജ് ക്യാമ്പസുകളില്‍ അടുത്തിടെ കൊലപാതകങ്ങളിലേക്ക് വരെ നയിച്ച അക്രമസംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കുറ്റകൃത്യദൃശ്യങ്ങള്‍ കുറ്റവാസനയ്ക്ക് പ്രേരണയാകുന്നുവെന്ന ഗാര്‍ഡിയന്റെ പഠനം പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: