ഭാരതത്തിലെ ഏറ്റവും മനോഹരമായ നഗരമേതെന്നു ചോദിച്ചാല്‍ ഉത്തരം ചണ്ഡിഗഡ് എന്നായിരിക്കും. ഭാരതവിഭജനത്തെത്തുടര്‍ന്ന് ലാഹോര്‍ പാകിസ്ഥാനിലായപ്പോള്‍ പഞ്ചാബിനു അതിന്റെ ഹൃദയം നഷ്ടപ്പെട്ടു. മഹാരാജാ രഞ്ജിത് സിംഹ് ലാഹോറിനെ അതിമനോഹരമാക്കിയിരുന്നു. ലാഹോറിലെ കോട്ടയാണ് ദല്‍ഹിയിലെയും ആഗ്രായിലെയും ചെങ്കോട്ടകളെക്കാള്‍ ഗംഭീരമായത്. രാജ്യം വിഭജിച്ചപ്പോള്‍ ഭാരതത്തിന്റെ പഞ്ചാബിന് തലസ്ഥാനം പണിയേണ്ടിവന്നു. അതിനായി ഫ്രഞ്ചു നഗരാസൂത്രകനായിരുന്ന ‘ലാ കൊര്‍ബൂസിയറെ’ പണ്ഡിറ്റ് നെഹ്റു വിളിച്ചുവരുത്തി ചുമതലയേല്‍പ്പിച്ചു. ചണ്ഡിഗഡ് എന്ന പഴയ ഗ്രാമം അതോടെ നഗര രൂപം പ്രാപിച്ചു. അവിടെ ഒരു നിര്‍മിതിയും ആസൂത്രിതമല്ലാതെ ഉയരുകയില്ല.
പഴയ മൈസൂര്‍ രാജ്യം ബ്രിട്ടീഷ് മേല്‍ക്കോയ്മയെ സ്വീകരിച്ചശേഷം അവര്‍ തങ്ങളുടെ ദക്ഷിണ ഭാരതത്തിലെ സൈനികാസ്ഥാനമായി കണ്ടെത്തിയത് ബാംഗ്ലൂരിനെയായിരുന്നു. തങ്ങളുടെ മാതൃകയില്‍ ബ്രിട്ടീഷുകാര്‍ ആ നഗരത്തെ ആസൂത്രണം ചെയ്തു. പില്‍ക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ആത്മകഥയില്‍ ബെംഗളൂരിന്റെ കഥ വിവരിക്കുന്നുണ്ട്. ദക്ഷിണ ഭാരതത്തിലെ മിക്ക രാജകുടുംബങ്ങള്‍ക്കും അവിടെ കൊട്ടാരങ്ങളുണ്ട്.
അതുപോലെയായിരുന്നു കറാച്ചിയുടെ സ്ഥിതി. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സാമ്രാജ്യം യാഥാര്‍ത്ഥമാക്കിയപ്പോള്‍ ഒരു മുക്കുവ ഗ്രാമമായിരുന്ന കറാച്ചിക്ക് സംഭവിച്ചത്. പുരാതനമായ സിന്ധിരാജ്യത്തിലെ ഒരു മുക്കുവ ഗ്രാമമായിരുന്നു അത്. ഭാരതത്തിന്റെ ഏറ്റവും പടിഞ്ഞാറെ ഗ്രാമമായിരുന്ന അവിടം നാവികത്താവളമാക്കാന്‍ ഉത്തമാണെന്നവര്‍ കണ്ടു. വിഭജനം വരെ രാജ്യത്തിന്റെ നാവിക-വ്യോമ ആസ്ഥാനം കറാച്ചിയായിരുന്നു. സൂയസ് തോട് തുറന്നതോടെ അതിനു പ്രാധാന്യം വര്‍ധിക്കുന്നുമെന്നു കണക്കുകൂട്ടപ്പെട്ടു.
സിന്ധു ദേശം മഹാഭാരത പ്രസിദ്ധമാണല്ലൊ. കൗരവരുടെ ഏക സഹോദരി ദുശ്ശളയെ സിന്ധു രാജാവ് ത്രിഗര്‍ത്തനാണ് വിവാഹം കഴിച്ചത്. അദ്വാനിജിയുടെ ആത്മകഥയില്‍ രസകരമായ മറ്റൊരു കാര്യം പറയുന്നു. നേപ്പിയര്‍ എന്ന ബ്രിട്ടീഷുകാരന്‍ സിന്ധ് കൈവശപ്പെടുത്തിയെന്ന വിവരത്തിന് ലണ്ടനിലേക്കു കമ്പിയടിച്ചതില്‍ ഐ ഹാവ് സിന്‍ഡ് (sinned) എന്നര്‍ഥം വരുന്ന ഒരു വാക്കാണുണ്ടായിരുന്നത്. സിന്ധ് കൈവശമാക്കിയെന്നും, ഞാന്‍ പാപം ചെയ്തുവെന്നും അതിനര്‍ത്ഥം പറയാം.
കറാച്ചിയുടെ വികസനം അതിലൂടെ വേഗത്തിലായി. ബ്രിട്ടീഷുകാര്‍ അതിമനോഹരമായ ആസൂത്രിതനഗരവും തുറമുഖവും അവിടെ നിര്‍മ്മിച്ചു. 1818 ല്‍ 13000 ജനങ്ങളുണ്ടായിരുന്ന സിന്ധില്‍ 1947 ലെ വിഭജനകാലത്തു നാലുലക്ഷം പേരുണ്ടായിരുന്നു. മൂന്നു കൊല്ലത്തിനകം വിഭജനത്തെ തുടര്‍ന്ന് ഭാരതത്തില്‍ നിന്നുള്ള മുജാഹിദുകള്‍ അവിടെയെത്തി, ഹിന്ദുക്കളെ മുഴുവന്‍ അടിച്ചോടിച്ച് തല്‍സ്ഥാനത്ത് താമസമാക്കിയപ്പോള്‍ ജനസംഖ്യ 20 ലക്ഷം കവിഞ്ഞുവെന്ന് അദ്വാനിജി പറയുന്നു.
ലോകത്തെ തന്നെ ആദ്യത്തെ നാഗരികത സിന്ധു നദീതടത്തിലായിരുന്നല്ലൊ. ചരിത്രാരംഭകാലത്ത് അലക്സാണ്ടരുടെ ആക്രമണം മുതല്‍ എട്ടാം നൂറ്റാണ്ടിലെ മഹമ്മദ് ബിന്‍ കാസിമിന്റെ സിന്ധ് ആക്രമണം വരെയുള്ള കാലങ്ങളിലും സിന്ധ് സനാതന ധര്‍മ്മത്തില്‍ ഉറച്ചുനിന്നു. പാകിസ്ഥാന്‍ രൂപീകൃതമായ ശേഷവും ‘ജിയോസിന്ധ്’ എന്ന പേരില്‍ സിന്ധികള്‍ പ്രക്ഷോഭം നടത്തിവന്നു. കാസിമിന്റെ ആക്രമണത്തിനു മുന്‍പുവരെ സിന്ധുദേശത്ത് മതസ്പര്‍ധയുണ്ടായിരുന്നില്ലെന്നും, ഹിന്ദുക്കളും മുസ്ലിങ്ങളും പാര്‍സികളും ബുദ്ധമതക്കാരും സമാധാനപരമായി അവിടെ താമസിച്ചുവന്നു.
മലബാറിലെ മാപ്പിളമാരും സിന്ധില്‍ ധാരാളമായി താമസിച്ചുവന്നു. പൊന്നാനിയും കോഴിക്കോടും കണ്ണൂരുമായി സിന്ധിന് അടുത്ത വ്യാപാരബന്ധമുണ്ടായിരുന്നു. തിരൂരിലുണ്ടാകുന്ന വെറ്റിലയും പൊന്നാനിയില്‍നിന്ന് തേങ്ങയും കുരുമുളകും മാങ്ങയും കറാച്ചിയിലേക്ക് പത്തേമാരികളില്‍ കയറ്റിയയ്‌ക്കുമായിരുന്നു.
ഇന്നത്തെ മലപ്പുറം ജില്ലക്കാരായ ആയിരക്കണക്കിനു മാപ്പിളമാര്‍ വിഭജനകാലത്ത് സിന്ധില്‍ അകപ്പെട്ടു പോയിരുന്നു. രാജ്യാന്തര കുടിയേറ്റ യാത്രാനിയമങ്ങള്‍ അനുസരിച്ച് അവിടെ പോയവരായിരുന്നില്ല അവര്‍. ഔപചാരിക വിദ്യാഭ്യാസവും അവര്‍ക്കില്ലായിരുന്നു. ആശയവിനിമയത്തിനു വേണ്ടത്ര ഉറുദുവും സിന്ധിയും അറിയാമായിരുന്നെന്നേയുള്ളൂ. നൂറ്റാണ്ടുകളായി നിലനിന്ന വാണിജ്യ വ്യാപാര ബന്ധങ്ങള്‍ ബ്രിട്ടിഷുകാര്‍ പോയി, ഭാരതം വിഭജിക്കപ്പെട്ട്, ഇന്ത്യയും പാകിസ്ഥാനും നിലവില്‍ വന്നിട്ടും പഴയതുപോലെ തുടര്‍ന്നുപോ
ന്നു.
ആ മാപ്പിളമാര്‍ സ്വന്തം അസ്തിത്വം സ്ഥാപിക്കുന്നതിനുള്ള ഒരു രേഖയുമില്ലാത്ത രാജ്യരഹിതമായിത്തീര്‍ന്നു. കറാച്ചിയിലും പരിസരങ്ങളിലും അവര്‍ ഒളിച്ചു താമസിക്കുകയായിരുന്നു. അവരുടെ ഉറ്റബന്ധുക്കള്‍ ഏറനാട്ടിലും വള്ളുവനാട്ടിലും വിഷമിച്ചുകഴിഞ്ഞു. ബന്ധുക്കള്‍ ഇവിടത്തെ സര്‍ക്കാരിന്റെ സഹായത്തോടെ നിയമപ്രകാരവും രാഷ്‌ട്രീയ തലത്തിലും അത്തരം ആളുകളെ തിരിച്ചു നാട്ടിലേക്കു കൊണ്ടുവരുന്നതിനു വളരെ പണിപ്പെട്ടു. വിദേശരാജ്യങ്ങളുമായുള്ള പ്രശ്നമാകയാല്‍ കേന്ദ്രസര്‍ക്കാരിനേ അക്കാര്യത്തില്‍ നടപടി എടുക്കാനാവൂ.
മാപ്പിളക്കുടുംബങ്ങളിലുള്ളവര്‍ തങ്ങളുടെ സമീപസ്ഥരായ സംഘ-ജനസംഘ പ്രവര്‍ത്തകരുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്തുവന്നു. കാലം അങ്ങനെ മുന്നോട്ടുനീങ്ങവേ ബിജെപിക്കുകൂടി പങ്കുള്ള ഭരണം കേന്ദ്രത്തില്‍ നിലവില്‍വന്നു. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദത്തിനാണ് അന്നു വിദേശകാര്യമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മുഖ്യപരിഗണന നല്‍കിയത്. സിന്ധില്‍ ആയിരക്കണക്കായി മാപ്പിളമാര്‍ വേണ്ടത്ര ഔപചാരിക രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, വര്‍ഷങ്ങളായി അവര്‍ക്കു നാട്ടിലെത്തി ബന്ധുക്കളെക്കാണാന്‍ സാധിക്കുന്നില്ലെന്നുമുള്ള പ്രശ്നങ്ങള്‍ ഒ. രാജഗോപാലും കെ.ജി. മാരാരും വഴി അടല്‍ജിയെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ കേരള പര്യടനത്തിനിടയില്‍ മലപ്പുറം പഞ്ചായത്ത് ഓഫീസില്‍ പി.കെ. കുഞ്ഞാലന്റെ നേതൃത്വത്തില്‍ സ്വീകരണവും നിവേദന സമര്‍പ്പണവുമുണ്ടായി. അടല്‍ജി പ്രശ്നം ചുവപ്പുനാടക്കെട്ടഴിച്ചു പരിഗണിക്കുകയും അപ്രകാരം പാക്കിസ്ഥാനില്‍പ്പെട്ടുപോയവര്‍ക്കു തിരിച്ചുവരാന്‍ അനുമതി ലഭ്യമാക്കുകയും ചെയ്തു.
അടല്‍ജിയുടെ അടുത്ത കേരള സന്ദര്‍ശനം മംഗലാപുരത്തുനിന്നു റോഡുമാര്‍ഗം കാറിലായിരുന്നു. മലപ്പുറം ജില്ലയാരംഭിക്കുന്ന പുളിക്കല്‍ മുതല്‍ റോഡിനിരുവശവും നിറഞ്ഞ കണ്ണുകളോടെ ആയിരക്കണക്കിന് മാപ്പിളമാര്‍ സ്ത്രീപുരുഷഭേദമെന്യേ അണിനിരന്നു. അദ്ദേഹത്തിനുമേല്‍ അവര്‍ പുഷ്പവൃഷ്ടി നടത്തി. കൊണ്ടോട്ടിയില്‍ ഒരു പടുവൃദ്ധന്റെ മുന്നില്‍ അദ്ദേഹം വാഹനം നിര്‍ത്തി സംസാരിച്ചു. ഇത്തവണ മലപ്പുറം നഗരസഭയായിക്കഴിഞ്ഞിരുന്നു. അവര്‍ നഗരസഭാ മന്ദിരത്തില്‍ സ്വീകരണം നല്‍കി.
സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതു മലപ്പുറം ജില്ലക്കാരിയായ ഒരു ടീച്ചര്‍ക്കായിരുന്നു. പ്രധാനമന്ത്രിയായശേഷം ആദ്യ കേരള സന്ദര്‍ശനത്തിനിടെ അടല്‍ജി മലപ്പുറത്തെത്തി അവര്‍ക്കു തല്‍സംബന്ധമായ രേഖകള്‍ നല്‍കി. അന്നദ്ദേഹത്തിന്റെ ആദ്യ പരിപാടി എളമക്കരയിലെ അമൃതാ ആശുപത്രിയുടെ ഉദ്ഘാടനമായിരുന്നു.
എല്‍.കെ. അദ്വാനിയുടെ ആത്മകഥ വീണ്ടും വായിച്ചുതുടങ്ങിയപ്പോള്‍, അദ്ദേഹത്തിനും അടല്‍ജിക്കുമൊപ്പം സഞ്ചരിച്ചതിനിടെ ഉണ്ടായ ചില ഓര്‍മ്മകള്‍ ജന്മഭൂമി വായനക്കാരുമായി പങ്കുവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക