തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഞെട്ടിക്കുന്ന മൊഴി. തട്ടത്തുമലയില്‍ താമസിക്കുന്ന, അഫാന്റെ ഉമ്മയുടെ ബന്ധുക്കളായ രണ്ട് പേരെയാണ് കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നത്.മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം തട്ടത്തുമലയിലെത്തി മറ്റ് രണ്ട് പേരെക്കൂടി വകവരുത്താനാണ് അഫാന്‍ കരുതിയിരുന്നത്.
എന്നാല്‍ അനുജനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോര്‍ന്ന്് തളര്‍ന്നുപോയെന്നും അതോടെ രണ്ടുപേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ പറഞ്ഞു. പണം പലിശക്ക് നല്‍കിയിട്ട് ഇവര്‍ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് അഫാന്‍ മൊഴി നല്‍കി. അഞ്ച് ലക്ഷം രൂപ നല്‍കിയിട്ട് 10 ലക്ഷത്തോളം രൂപ ഇവര്‍ തിരികെ വാങ്ങി. പിന്നെയും നിരന്തം പണം ആവശ്യപ്പെട്ടിരുന്നു. ഇതാണ് അവരെ കൊലപ്പെടുത്താന്‍ ആലോചിച്ചതിന്റെ കാരണമെന്നും അഫാന്‍ മൊഴി നല്‍കി.
ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഇന്ന് അഫാനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യം മെച്ചപ്പെട്ടതോടെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെയാണ് ജയിലിലേക്ക് മാറ്റുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: