ദേശീയ വികാരത്തിനപ്പുറം ഭാഷാപരമായ വിഭജനങ്ങളും ചിന്തകളും കോണ്‍ഗ്രസാണ് ആദ്യമായി അവതരിപ്പിച്ചത്. ഭാഷാ സംസ്ഥാന രൂപവത്കരണവും പ്രവിശ്യാ നിര്‍ണയവും അവരാണ് സൃഷ്ടിച്ചത്. 1920 ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ഭാഷാടിസ്ഥാനത്തില്‍ പ്രവിശ്യ സൃഷ്ടിക്കണമെന്ന പ്രമേയം പാസാക്കിയത്. ഇരുപതു ഭാഷകളെ കേന്ദ്രീകരിച്ച് അത്രയും പ്രവിശ്യ എന്നതായിരുന്നു കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആശയം. ഗാന്ധിജി നേതൃത്വം ഏറ്റെടുത്ത ഉടനെയുള്ള സുപ്രധാന തീരുമാനമായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാവിഭജനം. ഓരോ പ്രവിശ്യയും അവിടുത്തെ ഭാഷയും അതിന്റെ തലസ്ഥാനവും വരെ അവര്‍ തയ്യാറാക്കി. ജനസംഖ്യയുടെ സന്തുലനം, ഭൂപ്രദേശത്തിന്റെ വിതരണം, വിഭവങ്ങളുടെ ലഭ്യത, ആവശ്യമായ സമ്പത്ത് എന്നിവയൊന്നും പരിഗണിക്കാതെ ജനങ്ങളെ ഭാഷാപരമായി വിഭജിക്കുകയായിരുന്നു. സാമാന്യബുദ്ധിയോടെ ആരും ചെയ്യില്ലാത്ത കാര്യമാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ദേശീയ വികാരം ഉണര്‍ത്തേണ്ട സ്ഥാനത്ത് പ്രാദേശികവാദത്തിന് വഴിമരുന്നിട്ടു. വിഭജനത്തിന്റെ വിഷബീജം അതിലടങ്ങിയിരുന്നു. അന്നാരും അതത്ര ഗൗനിച്ചില്ല. എങ്ങനെയും ജനങ്ങളുടെ നിയന്ത്രണം തങ്ങളുടെ കൈകളില്‍ കൊണ്ടുവരിക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യം; രാഷ്‌ട്രഹിതമായിരുന്നില്ല.
സ്വാതന്ത്ര്യത്തോട് അടുക്കുമ്പോഴാണ് ഇതിന്റെ ഭീകരത നേതാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. സര്‍ദാര്‍ പട്ടേല്‍ ഭാഷാ സംസ്ഥാനവാദത്തെപ്പറ്റി 1946ല്‍ പറഞ്ഞത് ‘ദേശീയതയുടെ ഹത്യ’ എന്നായിരുന്നു. ഇപ്പോഴുള്ള പ്രശ്‌നത്തിന് ”ഏതുതരത്തിലുള്ള സമാധാനപരമായ പരിഹാരത്തേക്കാളും കൂടുതല്‍ സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും അതു സൃഷ്ടിച്ചു” എന്നാണ് നെഹ്‌റു വിലപിച്ചത്. ഭാഷാവാദത്തിന്റെ ചുവടുപി
ടിച്ച് വിഘടനവാദത്തിലേക്കാണ് പോകുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെടുമെന്ന് ഗാന്ധിജി ഖേദിച്ചു. അതുകൊണ്ടൊന്നും അവര്‍ തുറന്നുവിട്ട ഭൂതത്തെ തടഞ്ഞുനിര്‍ത്താനായില്ല.
പിന്നീട് സംസ്ഥാന വിഭജനം വന്നപ്പോഴും ഭാഷാടിസ്ഥാനത്തില്‍ അവരുണ്ടാക്കിയ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ അടിസ്ഥാനത്തിലായിരുന്നു രൂപവത്കരിച്ചത്. സ്വാതന്ത്ര്യം കിട്ടിയതോടുകൂടി കോണ്‍ഗ്രസ് തന്നെ രാജ്യവും നെഹ്‌റുക്കുടുംബം സ്ഥിരം ഭരണാധികാരികളുമെന്നായിരുന്നല്ലോ സങ്കല്‍പ്പം. അവരത് അടിച്ചേല്‍പ്പിക്കുകയാണെന്നു തോന്നാത്ത തരത്തില്‍ സമര്‍ത്ഥമായി ഒളിച്ചുകടത്തുകയായിരുന്നു. എല്ലാത്തിനും മറയായി ഗാന്ധിജിയുടെ പേരുപയോഗിക്കുകയും ചെയ്തു.
ഭാഷാസംസ്ഥാന രൂപീകരണം അസന്തുലിതാവസ്ഥയും അതൃപ്തിയും സൃഷ്ടിച്ചു. വിഭവങ്ങളും ഭൂപ്രദേശവും ജനസംഖ്യയും മാനദണ്ഡമാക്കേണ്ടിയിരുന്നിടത്ത് കോണ്‍ഗ്രസിന്റെ കുടുംബകാര്യം രാജ്യത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഫലമോ, എന്നും എപ്പോഴും സംസ്ഥാനങ്ങള്‍ തമ്മില്‍ പോരും വഴക്കും. ഭരണഘടന പ്രഖ്യാപിച്ച് ഏതാനും നാള്‍ കഴിയുമ്പോഴേക്കും ഭാഷാവാദം ഉച്ചസ്ഥായിയിലെത്തി. ജലത്തിന്റെ പേരില്‍, നദിയുടെ പേരില്‍, നിയമങ്ങളുടെ പേരില്‍, സമ്പത്തിന്റെ പേരില്‍, സഹായത്തിന്റെ പേരില്‍, എല്ലാത്തിലും ഉപരിയായി ഭാഷയുടെ പേരിലും കലഹം വിട്ടൊഴിഞ്ഞില്ല.
തെലുങ്കു ഭാഷാവാദത്തിന്റെ പേരില്‍ പോറ്റി ശ്രീരാമുലു ഉപവാസം നടത്തി മരണം വരിച്ചു. ദേശീയതയെ മരണത്തിനു വിടുകയും ഭാഷാവാദത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള സ്ഥിരം വെടിമരുന്നാക്കി അതിനെ മാറ്റി.
ഭരണഘടനാ നിര്‍മാണ സഭയില്‍ ദേശീയഭാഷകളെ നിര്‍ണയിക്കാന്‍ കൂടിയാലോചിച്ചപ്പോള്‍ എല്ലാ പ്രധാന ഭാഷകളെയും അംഗീകരിച്ചു. എന്നാല്‍ ഒരു ബന്ധഭാഷ വേണമല്ലോ. അത് ബഹുഭൂരിപക്ഷം പേര്‍ക്കും പറയാനറിയാവുന്ന ഹിന്ദിയാകട്ടെ എന്നും തീരുമാനിച്ചു. നേരത്തെതന്നെ ഗുണകരമല്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് സൃഷ്ടിച്ചുവച്ച ഭാഷാ വികാരം പലയിടത്തും ആളിക്കത്തി. നെഹ്‌റുവിനിട്ടുതന്നെ തിരിഞ്ഞുകൊത്തി. തമിഴ്‌നാട്ടില്‍ കലാപം ഉണ്ടായി. അക്രമങ്ങളും തീവെപ്പുമുണ്ടായി. ഭാവാത്മകമായ ആദര്‍ശങ്ങളോ പ്രവര്‍ത്തന പദ്ധതികളോ ഇല്ലാതിരുന്ന ദ്രാവിഡ രാഷ്‌ട്രീയക്കാര്‍ അധികാരത്തിനുവേണ്ടി ഭാഷാ പ്രേമത്തെ ഭാഷാഭ്രാന്താക്കി മാറ്റി. ഇല്ലാത്ത ആര്യ ദ്രാവിഡവാദം ആളിക്കത്തിച്ചു. അതിന്റെ ഒട്ടൊരു ഉത്തരവാദിത്തവും കോണ്‍ഗ്രസിനുണ്ടായിരുന്നു.
വിഭജിച്ചും തമ്മില്‍ത്തല്ലിച്ചും ഭരിക്കുക എന്നതായിരുന്നല്ലോ അപരിഷ്‌കൃതരും കടല്‍ക്കൊള്ളക്കാരുമായിരുന്ന ബ്രിട്ടീഷുകാരുടെ ശൈലി. അതിന്റെ ഭാഗമായിരുന്നു വംശീയ വിഭജനം. അവര്‍ ഭാരതത്തെ തെക്കും വടക്കുമായി വിഭജിച്ചു. വടക്കുള്ളവര്‍ ആര്യന്മാര്‍, തെക്കുള്ളവര്‍ ദ്രാവിഡര്‍! എന്തിനും ഏതിനും ശാസ്ത്രീയാടിത്തറയുടെ പിന്‍ബലം പ്രഖ്യാപിക്കാറുള്ള പാശ്ചാത്യന്‍ ഇക്കാര്യത്തില്‍ അതു പാലിച്ചില്ല. ആ ഒരു ശൂന്യത ഇവിടുത്തെ ‘പാശ്ചാത്യ പണ്ഡിതര്‍’ തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്തു. ഒരു മറുചോദ്യം പോലും ചോദിച്ചില്ല. ശരിക്കും രണ്ടു പേര്‍ ഈ കൊള്ളരുതായ്മയിലെ വിഡ്ഢിത്തം ചൂണ്ടിക്കാണിക്കുകയും തള്ളിപ്പറയുകയും ചെയ്തിരുന്നു. അതിലൊന്ന്, ആരുടെ പേരിലാണോ ഈ ഹീനകൃത്യം പ്രചരിപ്പിച്ചത് അതേ മാക്‌സ് മുളളര്‍ തന്നെയായിരുന്നു. ആര്യദ്രാവിഡവാദം അവതരിപ്പിച്ച് മുപ്പതു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹംതന്നെ അതു നിഷേധിച്ചു. താന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് വംശീയമായല്ല, ഭാഷാപരം മാത്രമാണ്. താന്‍ ഒരു നരവംശശാസ്ത്രജ്ഞനല്ല. ഭാഷാശാസ്ത്രജ്ഞന്‍ നരവംശത്തെക്കുറിച്ചു പറയുന്നത് പമ്പര വിഡ്ഢിത്തമല്ലേ? ജനയിതാവുതന്നെ കുഞ്ഞിനെ തള്ളിപ്പറഞ്ഞു. എന്നിട്ടും നാമതിനെ ചുമലിലേറ്റി. അതിന്റെ പരിണാമം ഇന്നും അനുഭവിക്കുന്നു.
മറ്റൊരാള്‍ ഈ വികടവാദത്തെ നിഷേധിച്ചത് സ്വാമി വിവേകാനന്ദനാണ്. അങ്ങനെയൊരു വംശം പുറത്തുനിന്ന് ഭാരതത്തില്‍ വന്നിട്ടേയില്ല. എന്നു മാത്രമല്ല അത്തരമൊരു മനുഷ്യവംശം ലോകത്തെവിടേയുമില്ല. യൂറോപ്യന്മാര്‍കൂടി പങ്കെടുക്കുന്ന ഒരു സമ്മേളനത്തില്‍, അവിടെ കൂടിയിരിക്കുന്ന വിവിധ ജാതികളിലും വര്‍ണങ്ങളിലുംപെട്ട ഭാരതീയരെ ചൂണ്ടി, ഇതില്‍ ആര്യന്‍ ആര്, ദ്രാവിഡന്‍ ആര് എന്നു ചൂണ്ടിക്കാണിക്കാന്‍ വെള്ളത്തൊലിക്കാരെ വെല്ലുവിളിച്ചു. ശാസ്ത്രീയമായിട്ടോ ചരിത്രപരമായിട്ടോ അങ്ങനെയൊരു വിഭാഗത്തെ ഇന്നുവരെ ആരും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബുദ്ധി കെട്ടുപോയ കുറേയധികം ആള്‍ക്കാര്‍ ഈ കെട്ട കഥയുമായി ഇന്നും രമിക്കുന്നു; നുണ പ്രചരിപ്പിക്കുന്നു.
കുറേക്കൂടി വിശദവും വിപുലവുമായി ഈ വിഷയത്തെ സമീപിക്കുകയും എഴുതുകയും ചെയ്തത് ഡോ: ഭീം റാവു റാംജി അംബേദ്ക്കറാണ്. ശൂദ്രര്‍ അവര്‍ ആരായിരുന്നു എന്ന നീണ്ട പ്രബന്ധത്തില്‍ അദ്ദേഹം പറഞ്ഞത്, ഈ അസംബന്ധം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയണമെന്നാണ്. ഏറ്റവും വിചിത്രമായ കാര്യം, അംബേദ്ക്കറെ ഏറ്റവും കൂടുതല്‍ കൊണ്ടുനടക്കുന്നു എന്നവകാശപ്പെടുന്ന ദളിത്‌വാദികളാണ് അദ്ദേഹം അറപ്പോടെ വലിച്ചെറിഞ്ഞ ആര്യ ദ്രാവിഡ വാദം ചുമന്നുനടക്കുന്നത് എന്നതാണ്.
ഇതേ വിവരക്കേട് അടങ്ങുന്ന ഭാഷാവാദത്തിന്റെ പുറത്താണ് തമിഴ് രാഷ്‌ട്രീയം കറങ്ങിത്തിരിയുന്നത്. ഗുണപരമായ കര്‍മ്മപരിപാടികളോ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളോ ഒന്നും ദ്രാവിഡവാദക്കാരുടെ കൈയില്‍ ഇല്ല. വെറും ഭാഷാഭ്രാന്തുമാത്രം! ഭാഷാ സ്‌നേഹവും ഭ്രാന്തും രണ്ടാണ്. ഒന്നിനോടുള്ള സ്‌നേഹം മറ്റൊന്നിനോടുള്ള വെറുപ്പല്ല. വെറുപ്പുണ്ടായാല്‍ അത് സ്‌നേഹവുമല്ല. സ്‌നേഹം നിര്‍മ്മാണാത്മകമാണ്; ഭ്രാന്ത് നശീകരണാത്മകവും. തമിഴിന്റെയും നാടിന്റെയും പാരമ്പര്യവും ചരിത്രവും ദേശീയതയുടെ ബലവത്തായ അടിത്തറയും തൂണുകളും സൃഷ്ടിച്ചതിന്റെയാണ്.
വേദങ്ങളുടെ നാടാണ് തമിഴ്‌നാട്. മറൈ എന്നാല്‍ വേദം, ഊര് എന്നാല്‍ നാട്. മറയൂര്‍ വേദകേന്ദ്രമല്ലായിരുന്നെങ്കില്‍ പിന്നെ എന്താണ്? മറയൂരില്‍ വ്യാപകമായുണ്ടായിരുന്ന മുനിയറകള്‍ എന്തിനെ പ്രതിനിധീകരിക്കുന്നു? ഭാഷാഭ്രാന്തു പിടിച്ച ഭരണാധികാരികള്‍ അവയെ സംരക്ഷിക്കാതിരുന്നത് എന്തുകൊണ്ട്? രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രവുമായി നില്‍ക്കുന്ന തിരുവള്ളുവര്‍ ദേശീയതയെ പ്രതിനിധീകരിക്കുന്നോ വിഘടനവാദത്തെ സംരക്ഷിക്കുന്നോ? കമ്പരുടെ രാമായണം സനാതനധര്‍മ്മത്തിന്റെയോ വിഭജനവാദത്തിന്റെയോ? നായന്മാര്‍കളും ആള്‍വാര്‍മാരും പ്രചരിപ്പിച്ച ഭക്തി പ്രസ്ഥാനം ജനങ്ങളെ തമ്മില്‍ത്തല്ലിക്കാനുള്ളതായിരുന്നോ?
രാജ്യസ്‌നേഹത്തിന്റെ പര്‍വ്വതാകാരരൂപം പൂണ്ട വീരപാണ്ഡ്യകട്ടബൊമ്മന്‍ ഏത് ആദര്‍ശത്തെ പ്രതിനിധീകരിക്കുന്നു?
ദേശീയതയുടെ ഉജ്ജ്വല വക്താവായിരുന്ന സുബ്രഹ്മണ്യ ഭാരതിയുടെ തീഷ്ണമായ വാക്കുകള്‍ പവിത്രഭാരതത്തിന്റെയോ വികലമായ ഭാഷാവാദത്തിന്റെയോ? വെടിയുണ്ടകൊണ്ടും ബോംബുകൊണ്ടും ബ്രിട്ടീഷുകാരെ വിറപ്പിച്ച വി.വി.എസ്.അയ്യരും വി.ഒ.ചിദംബരം പിള്ളയും വഞ്ചി അയ്യരും ഭാഷാ വാദത്തിനു വേണ്ടിയോ ദേശീയ വാദത്തിനു വേണ്ടിയോ ജീവിതം സമര്‍പ്പിച്ചത്? വേലു നാച്ചിയാര്‍ എന്ന റാണിയും അവരുടെ സൈനിക മേധാവിയായിരുന്ന കുയിലിയും ഒക്കെ പ്രാണന്‍ വെടിഞ്ഞത് ഭാരതമാതാവിനു മോചനം നേടാനായിരുന്നു. ആ മാതാവിന്റെ ഉദരത്തിലെ ഒരു കുട്ടി മാത്രമാണ് തമിഴ്‌നാടും ഭാഷയും!
കുഞ്ഞിനെ അമ്മക്കെതിരാക്കി യുദ്ധം നടത്തുന്ന ഹീനതന്ത്രമാണ് ഇന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും മറ്റു ഭാഷാവിഘടനവാദ പാര്‍ട്ടികളും നടത്തുന്നത്. അത് വിജയിക്കാന്‍ പാടില്ല. തമിഴ്‌നാടിന്റെ പാരമ്പര്യം സനാതനധര്‍മ്മ സംരക്ഷണത്തിന്റെയാണ്; ചരിത്രം ദേശീയതയെ സംരക്ഷിച്ചു നിര്‍ത്തിയതിന്റെയാണ്; സംസ്‌കാരം ആര്‍ഷഭാരതത്തിന്റെയാണ്. അതിനെ തല്ലിക്കെടുത്താന്‍ വരുന്ന കശ്മലര്‍ വിദേശിയായാലും സ്വദേശിയായാലും അവര്‍ തമിഴ് വംശത്തിന്റെ ശത്രുക്കളും ഭാരതമാതാവിനെ ഒറ്റുകൊടുക്കുന്ന ചാരന്മാരും ചതിയന്മാരുമാണ്. അവരെ കരുതിയിരിക്കുക! തമിഴിന്റെ യഥാര്‍ത്ഥ പാരമ്പര്യം വീണ്ടെടുക്കുക.
(കുരുക്ഷേത്ര ബുക്‌സ് മാനേജിങ് ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: